- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിത പുല്ലയിലുമായി മോൻസന്റെ ബന്ധത്തിന് വഴിയൊരുക്കിയത് അടുത്ത ബന്ധമുള്ള ഒരു സ്ത്രീ; മോൻസന്റെ തട്ടിപ്പുകളെ കുറിച്ച് അറിഞ്ഞിട്ടും പറയാതെ അനിത പ്രവാസി പ്രമുഖരെയും കെണിയിൽ ചാടിച്ചെന്ന് ആക്ഷേപം; തട്ടിപ്പുകളെ കുറിച്ച് ഒന്നുമറിയില്ലെന്ന് ഇറ്റലിക്കാരി പറയുമ്പോഴും ദുരൂഹതകൾ നിരവധി
കൊച്ചി: മോൻസൻ തന്റെ തട്ടിപ്പുകൾക്കായി ഉന്നതരെ കൂട്ടുപിടിച്ചത് ഇറ്റലിയിൽ താമസക്കാരിയായ മലയാളി യുവതി അനിത പുല്ലയിൽ വഴിയാണെന്ന ആരോപണം പുറത്തുവന്നു കഴിഞ്ഞു. മോൻസനുമായി തെറ്റിയപ്പോഴാണ് ഇവർ തട്ടിപ്പുകളെ കുറിച്ച് പൊലീസിൽ വിവരം നൽകിയത്. അതേസമയം ഇവർ തമ്മിൽ തെറ്റാനുണ്ടായ കാരണം അ്ടക്കം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.
അടുത്ത ബന്ധമുള്ള ഒരു സ്ത്രീവഴിയാണ് മോൺസൺ പ്രവാസി യുവതിയുമായി അടുപ്പമുണ്ടാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. നിരവധി പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുള്ളയാളാണ് ഈ സ്ത്രീയെന്നും സൂചനകളുണ്ട്. ഈ ബന്ധമാണ് പ്രവാസിയുവതിയായ അനിതയുമായി പൊലീസുകാരുമായുള്ള ബന്ധത്തിന് വഴിയൊരുക്കിയതും. ബെഹ്റയെ മോൻസന് പരിചയപ്പെടുത്തിയത് താനാണെന്ന് അനിതയും വെളിപ്പെടുത്തിയിരുന്നു.
പൊലീസിലെ ബന്ധം വച്ചാണ് പ്രവാസി യുവതി പൊലീസ് ആസ്ഥാനത്തെത്തി ഉയർന്ന ഉദ്യോഗസ്ഥരെ കണ്ടിരുന്നത്. സൗഹൃദപ്പട്ടികയിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നതും ചർച്ചയായിരുന്നു. മോൺസണെ അനിതക്ക് പരിചയപ്പെടുത്തിയ സ്ത്രീയ്ക്ക് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ ഉൾെപ്പടെയുള്ളവരുമായി ബന്ധമുണ്ട്. ഇവരുടെ മകന് ഒരു പൊലീസ് ഉദ്യോഗസ്ഥയുമായി വിവാഹാലോചന നടന്നിട്ടുണ്ടെന്നും പറയുന്നുണ്ട്.
അതേസമയം മോൻസൻ വിഷയത്തിൽ പ്രവാസി മലയാൡലോകം അനിത പുല്ലയിലിനെ കുറ്റപ്പെടുത്തി രംഗത്തുവരുന്നുണ്ട്. മോൻസൺ മാവുങ്കലിന് ഉന്നതബന്ധങ്ങളിലേക്ക് വഴിയൊരുക്കിയത് ഇറ്റലിയിൽ താമസിക്കുന്ന അനിതയുടെ സ്വാധീനങ്ങളാണെന്നാണ് ഇവർ കുറ്റപ്പെടുത്തുന്നത്. അനിതയുടെ സ്വാധീനങ്ങളാണ് നിരവധി പ്രവാസികളെയും കുരുക്കിലാക്കിയതെന്നുമുള്ള ചർച്ചകളിലാണ് പ്രവാസി മലയാളിലോകം.
മോൻസണുമായി അടുത്ത സൗഹൃദമായിരുന്നു യുവതിക്ക്. ഇത് ഫെഡറേഷനിൽ ഉള്ളവർക്കെല്ലാം അറിയാമായിരുന്നു. ഫെഡറേഷനിൽ മോൻസണ് ശക്തമായ സ്വാധീനമുണ്ടാക്കാൻ സഹായിച്ചതും ഈ കൂട്ടുതന്നെയാണെന്ന് സംഘടനാ ഭാരവാഹികൾ അടക്കം പറയുന്നു. ഇവർക്ക് കേരള പൊലീസിലെ ഉന്നതരുമായും രാഷ്ട്രീയരംഗത്തെ പ്രമുഖരുമായും അടുത്ത ബന്ധം ഉണ്ട്. സൈബർ സുരക്ഷയ്ക്കായി കൊച്ചിയിൽ പൊലീസ് നടത്തിയ 'കൊക്കൂൺ' സമ്മേളനത്തിലും ലോക കേരള സഭയുടെ പരിപാടിയിലുമെല്ലാം അനിത പുല്ലയിൽ പ്രതിനിധിയായി പങ്കെടുത്തിരുന്നു.
അതേസമയം മുൻ ഡിജിപി ലോക്നാഥ് ബെഹറക്ക് താൻ ഒരു പരാതിയും നൽകിയിട്ടില്ല. തനിക്കെതിരെ മോൺസൻ രണ്ടു സ്ത്രീകളെ കൊണ്ട് അപകീർത്തി കേസ് കൊടുപ്പിക്കാൻ ശ്രമിച്ചുവെന്നാണ് അനിത പറയുന്നത്. 'പ്രവാസി മലയാളി ഫെഡറേഷന്റെ കോർഡിനേറ്റാറാണ് താൻ. ലോക കേരള സഭയിലെ അംഗം കൂടിയാണ്. രണ്ടു വർഷം മുമ്പ് എന്റെ പിതാവ് മരിച്ചപ്പോഴാണ് മോൺസൻ ആദ്യമായി എന്റെ വീട്ടിലേക്കെത്തുന്നത്. ആ ഘട്ടത്തിലാണ് അയാളുമായി പരിചയത്തിലാകുന്നത്. ഇറ്റലിയിൽ മാത്രമല്ല സംഘടനയിലെ സ്ത്രീ വിഭാഗത്തിന്റെ കോ-ഓർഡിനേറ്റർ എന്ന നിലക്ക് വിവിധ രാജ്യങ്ങളിലുള്ളവരുമായും സർക്കാർ പ്രതിനിധികളുമായും അവർ ഇവിടെ വരുമ്പോൾ ഞാൻ ബന്ധപ്പെടാറുണ്ട്. അങ്ങനെയാണ് പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടാകുന്നത്.
ഇങ്ങനെയിരിക്കുമ്പോൾ മോൺസന്റെ വീട്ടിലേക്ക് ക്ഷണമുണ്ടായി. നിരവധി ആളുകൾ അന്നവിടെ ഉണ്ടായിരുന്നു. ഒരു കള്ളത്തരവും അന്നൊന്നും ഞങ്ങൾക്ക് മനസ്സിലായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥരുമായി ഞാൻ മോൺസനെ പരിചയപ്പെടുത്തി നൽകിയിട്ടില്ല. ഒപ്പം ഫോട്ടോയെടുത്ത് അത് തട്ടിപ്പിനായി ഉപയോഗിക്കുന്നത് ഇയാളുടെ പതിവാണ്', അനിത പറഞ്ഞു.
തന്നോട് നിരവധി പേർ മോൺസനെ കുറിച്ച് പരാതി പറഞ്ഞതോടെയാണ് ഇയാളുടെ തട്ടിപ്പ് വിവരം താൻ അറിയുന്നതെന്നും അനിത വ്യക്തമാക്കി. അനിതയാണ് മോൺസനെ പൊലീസ് ഉന്നതരുമായി പരിചയപ്പെടുത്തിയതെന്നും അനിതയുമായി ഇയാൾ തെറ്റിയതോടെ പൊലീസ് ഉന്നതരും കൈവിട്ടെന്നുമായിരുന്നു ചില റിപ്പോർട്ടുകൾ. ഇറ്റലിയിലാണ് നിലവിൽ അനിതയുള്ളത്.
ഉന്നതരുമായി അടുത്ത സൗഹൃദമുണ്ടെന്ന് അനിതയുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. പൊലീസ് ഉദ്യോഗസ്ഥരുമായി ഇവർ ഉണ്ടാക്കിയെടുത്ത ബന്ധമാണ് പിന്നീട് മോൻസൺ തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയതെന്നാണ് കരുതുന്നത്. ഒരു ഉന്നത പൊലീസ് ഓഫീസർ നടത്തുന്ന പ്രവർത്തനങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ യുവതി തുടർച്ചയായി ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്. ഫെഡറേഷന്റെ കുടുംബ സംഗമങ്ങളിൽ മോൻസണൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ ഇവർ സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ഇതിൽ പല പരിപാടികളുടെയും പ്രധാന പങ്കാളി മോൻസന്റെ കമ്പനിയായിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് പിന്നീട് പ്രവാസികളെ അടക്കം മോൻസൺ തട്ടിപ്പിൽ വീഴിത്തിയത്. മോൻസണും യുവതിയും തമ്മിൽ എന്തിനാണ് തെറ്റിപ്പിരിഞ്ഞതെന്നും എപ്പോഴാണ് തെറ്റിയതെന്നും വ്യക്തമല്ല. മോൻസൺ നടത്തിയ തട്ടിപ്പുകളെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിട്ടും പുറത്തു പറയാതിരിക്കുകയും തെറ്റിപ്പിരിഞ്ഞപ്പോൾ വിവരങ്ങൾ പുറത്തറിയിക്കുകയുമായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. മോൻസൺ പീഡിപ്പിച്ച നിരവധിപേരുടെ വിവരങ്ങൾ തനിക്ക് അറിയാമെന്നും തെളിവുകൾ നൽകാമെന്നും യുവതി പരാതിക്കാരെ അറിയിച്ചിരുന്നു. ആരോപണങ്ങളുമായി ഇവർ സ്വയം മുന്നോട്ടുവരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
രണ്ടുവർഷം മുൻപാണ് ബെഹ്റ മുന്നറിയിപ്പ് നൽകിയതെന്ന് അനിത പറഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഇടപാടുകളിൽ പങ്കുള്ളതായി അറിയാമെന്ന് അനിത പറഞ്ഞു. പരാതിക്കാരോട് മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിക്കാൻ ഉപദേശിച്ചത് താനെന്ന് അനിത കൂട്ടിച്ചേർത്തു. തന്നെയും മുൻ ഡിജിപിയെയും തെറ്റിക്കാൻ മോൻസൻ അപവാദപ്രചരണം നടത്തി. ഡിഐജി സുരേന്ദ്രന്റെ കുടുംബവുമായുള്ള ബന്ധം ഇല്ലാതാക്കിയത് മോൻസനാണ് എന്നും അനിത പറഞ്ഞു.
മോൻസൺ മാവുങ്കൽ കുടുങ്ങാൻ കാരണം അനിതയാണെന്ന സൂചനയും ഉണ്ടായിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവർത്തകയാണ് അവർ. നിറപറ ബിജു കർണ്ണൻ അടക്കമുള്ളവരുമായി അടുത്ത ബന്ധവുമുണ്ട്. ഈ സംഘടനാ പരിചയമാണ് മാവുങ്കലുമായി അടുക്കാനുള്ള കാരണം. തുടർന്ന് പൊലീസ് സേനയിലെ ഉന്നതരിലേക്ക് മാവുങ്കൽ എത്തി. ഇതിനിടെ അനിതയ്ക്ക് ചില സംശയങ്ങളുണ്ടായി. ഇതോടെ സുഹൃത്ത് ബന്ധം വിട്ടു. അതിനിടയിൽ തന്നെ മോൻസൺ വലിയ തോതിൽ വളർന്നിരുന്നു. ഡിഐജി സുരേന്ദ്രനെ പോലുള്ള അടുപ്പങ്ങളും ഉണ്ടാക്കിയെന്നതാണ് വസ്തുത.
മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് തോന്നിക്കുന്ന ചിത്രം സഹിതമാണ് പിണറായിയെ പുകഴ്ത്തിയുള്ള അനിതയുടെ പോസ്റ്റ്. ശ്രീമതി ടീച്ചറും ശ്രീലേഖയുമായുള്ള അടുപ്പത്തിനും ചിത്രം തെളിവാണ്. കൊക്കൂണിൽ പോലും അനിത എത്തുമ്പോൾ പൊലീസിലെ സ്വാധീനം എത്രത്തോളമാണെന്ന വ്യക്തവുമാണ്. മോൻസന്റെ പുരാവസ്തു തട്ടിപ്പ് അന്വേഷിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെടാൻ എഡിജിപി മനോജ് ഏബ്രഹാം 2 വർഷം മുൻപ് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു നൽകിയ കത്ത് പൊലീസ് ആസ്ഥാനത്തു തന്നെ മുങ്ങി. ഇതിന് പിന്നിൽ ചില വിദേശ കരങ്ങൾക്കും പങ്കുണ്ടായിരുന്നു.
ഒന്നര വർഷത്തിനു ശേഷം ഇന്റലിജൻസ് മുഖ്യമന്ത്രിക്കു വിശദ റിപ്പോർട്ട് നൽകിയതോടെ പുതിയ കത്ത് ഇഡിക്കു നൽകി. മോൻസനെയും പൊലീസ് ഉന്നതനെയും പരിചയപ്പെടുത്തിയത് ഇറ്റാലിയൻ പൗരത്വമുള്ള കോട്ടയത്തെ വനിതയാണെന്നും അറിവായി. ലോക കേരള സഭയിലും 'അസൻഡ് കേരള' നിക്ഷേപകസംഗമത്തിലും ഇവർ സജീവസാന്നിധ്യമായിരുന്നു. ഈ വനിത മോൻസനുമായി തെറ്റിയതോടെ പൊലീസ് ഉന്നതനും ഇയാളെ കൈവിട്ടു. തുടർന്നാണ് ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്റലിജൻസ് റിപ്പോർട്ട് സഹിതം ഇഡിക്കു റിപ്പോർട്ട് നൽകിയതെന്ന് ഉന്നതർ വ്യക്തമാക്കി. മോൻസൺ മാവുങ്കൽ തന്നെയും പറ്റിക്കുകയായിരുന്നു എന്നാണ് അനിത പറയുന്നത്. തട്ടിപ്പ് മനസ്സിലാക്കിയപ്പോൾ തന്നെ പിന്മാറിയെന്നും ഇവരുടെ അടുപ്പക്കാർ പറയുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ