- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടമെടുത്തത് ഭർത്താവ്; ജാമ്യം നിന്നത് ഭാര്യ; ബിസിനസ്സ് പൊളിഞ്ഞപ്പോൾ ഇളയ മകനുമായി മുങ്ങിയ ബാലു; ഭാര്യയ്ക്ക് ദുബായ് കോടതി വിധിച്ചത് തടവു ശിക്ഷയും; ജയിലിൽ നിന്ന് ഇറങ്ങി മൂത്ത മകനൊപ്പം പോകാതെ ടെലിഫോൺ ബൂത്തിൽ പ്രതിഷേധ ജീവിതം; എംജി ശ്രീകുമാറിന്റെ സുഹൃത്തിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം; ബർദുബായിലെ വഴിയോരത്ത് അനിതാ ബാലുവിന് ദുരിത ജീവിതം
ദുബായ്: ബർദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിൽ കഴിയുന്ന മലയാളി വനിതയുടെ കഥ വൈറൽ. കഴിഞ്ഞ എട്ടു മാസത്തോളമായി ഇവർ കഴിയുന്നത് ഈ ടെലിഫോൺ ബൂത്തിലാണ്. രാത്രി കിടന്നുറങ്ങുന്നതു കുഞ്ഞു സ്റ്റൂളിലിരുന്നും പ്രഭാതകൃത്യങ്ങൾ നടത്തുന്നതു തൊട്ടടുത്തെ പൊതുശൗചാലയത്തിലും. ഭർത്താവിന്റെ ചതിയാണ് അനിതാ ബാലു എന്ന 46കാരിക്ക് ദുരവസ്ഥ നൽകിയത്. പിന്നണി ഗായകൻ എംജി ശ്രീകുമാറിന്റെ അടക്കം കുടുംബ സുഹൃത്തായിരുന്നു അനിതാ ബാലു. മനോരമയാണ് അനിതാ ബാലുവിന്റെ ദുരിതം വാർത്തയാക്കിയത്. പിന്നാലെ ഇത് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയായിരുന്നു.
നിത്യവും പരിസരം വൃത്തിയാക്കുന്നതിനെ തുടർന്നു ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടാണു വിശപ്പടക്കുന്നത്. ആലപ്പുഴ കണ്ടല്ലൂർ സ്വദേശിനിയാണ് അനിതാ ബാലു. തന്റെ പ്രശ്നം പരിഹരിക്കാതെ ഇവിടെ നിന്ന് എവിടേയ്ക്കുമില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അനിത. ആരുടേയും കണ്ണ് നയിപ്പിക്കുന്നതാണ് അനിതാ ബാലുവിന്റെ കഥ. ഭർത്താവ് ആലപ്പുഴ മുതുകുളം സ്വദേശി ബാലു ദുബായിൽ ബിസിനസുകാരനായിരുന്നു. 1996 മുതൽ നടത്തിയ ബിസിനസ് പിന്നീട് തകരുകയും വിവിധ ബാങ്കുകളിൽ നിന്നു ബാലു വൻതുക വായ്പയെടുക്കേണ്ടി വരികയും ചെയ്തു. അതിനെല്ലാം ജാമ്യം നിർത്തിയതു ഭാര്യ അനിതയെയായിരുന്നു.
വായ്പ തിരിച്ചടക്കാനാതായപ്പോൾ ബാലു അനിതയെ ഉപേക്ഷിച്ച് ഇളയെ മകനേയും കൂട്ടി നാട്ടിലേയ്ക്ക് പോയി. ദുരിതത്തിലായ അവർ മൂത്ത മകനെയും കൊണ്ടു പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെ തുടർന്നു ബാങ്കുകാരും മറ്റൊരു കമ്പനിയും കേസു കൊടുക്കുകയും ഒടുവിൽ അനിത കീഴടങ്ങുകയുമായിരുന്നു. 36 മാസം തടവു ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോൾ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെട്ടിരുന്നു. മകൻ താൻ പഠിച്ച സ്കൂളിൽ ചെറിയൊരു ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ മകന്റെ കൂടെ താമസിക്കാൻ അനിത തയ്യാറായതുമില്ല. ഭർത്താവിനോടുള്ള പ്രതിഷേധവുമായി അവർ തെരുവിൽ ഇറങ്ങി.
തന്റേതല്ലാത്ത കാരണത്താൽ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യത തീരാതെ താൻ നാട്ടിലേയ്ക്കു മടങ്ങില്ലെന്ന് ഇവർ പറയുന്നു. 22 ലക്ഷത്തോളം ദിർഹമായിരുന്നു ബാങ്കിലടക്കേണ്ടിയിരുന്നത്. മറ്റൊരു കമ്പനിക്ക് 5 ലക്ഷത്തോളം ദിർഹവും. രണ്ടു കൂട്ടരും സിവിൽ കേസ് നൽകിയപ്പോൾ കുടുങ്ങിയത് അനിതയും. അഡ്വ. ഏബ്രഹാം പി. ജോണിന്റെ ശ്രമഫലമായി ബാങ്കു വായ്പ തുക രണ്ടു ലക്ഷമാക്കി കുറച്ചുനൽകാൻ ബാങ്കുകാർ തയ്യാറായിരുന്നു. ഇക്കഴിഞ്ഞ നവംബർ 30ന് മുൻപ് തുക അടയ്ക്കണമെന്നായിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. അതിന് കഴിഞ്ഞിട്ടില്ല.
അഡ്വ.ഏബ്രഹാം ജോൺ ബാങ്കിന് വീണ്ടും അപേക്ഷ നൽകിയപ്പോൾ ഈ മാസം (ഡിസംബർ) അവസാനം വരെ കാലാവധി നീട്ടി നൽകി. ആ തീയതിക്ക് മുൻപ് പണം അടച്ചില്ലെങ്കിൽ ഇളവ് റദ്ദാക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്. അനിതയ്ക്ക് താത്കാലികമായി താമസ സൗകര്യം നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും തന്റെ കേസുകൾ ഒത്തുതീർപ്പാക്കാതെ തെരുവിൽ നിന്ന് മാറില്ലെന്ന് അവർ പറയുന്നു.
ബർദുബായിലെ ക്ഷേത്രത്തോടും പള്ളിയോടും ചേർന്നുള്ള പബ്ലിക് ടെലിഫോൺ ബൂത്താണ് കഴിഞ്ഞ എട്ടു മാസത്തോളമായി അനിതയുടെ വീട്. അവിടെ ബാഗും വസ്ത്രങ്ങളും ട്രാൻസിസ്റ്ററും കാണാം. വിവിധ വസ്തുക്കളിൽ ചിത്രങ്ങൾ വരച്ച് വിറ്റ് കിട്ടുന്ന തുകയും ഇവർ ഉപജീവനത്തിന് ഉപയോഗിക്കുന്നു. പഠിക്കുന്ന കാലത്ത് ചിത്രം വരച്ചിരുന്നെങ്കിലും പിന്നീട് ആ കഴിവ് നഷ്ടപ്പെട്ടിരുന്നു. ടെലിഫോൺ ബൂത്ത് ജീവിതത്തിന്റെ വിരസത ഒഴിവാക്കാനാണ് റേഡിയോയിൽ പാട്ടുകൾ കേട്ടുകൊണ്ടുള്ള ചിത്ര രചന.
പരിസരങ്ങളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവരും താമസിക്കുന്നവരും അനിതയെ പലപ്പോഴും സമീപിച്ച് ഭക്ഷണവും പണവും സഹായം വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അവർ അത് സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ചലച്ചിത്ര പിന്നണി ഗായകൻ എം.ജി.ശ്രീകുമാറിന്റെ കുടുംബസുഹൃത്തുക്കളായിരുന്നു അനിതയും ഭർത്താവും. അനിതയുടെ ദുഃഖകഥ അറിഞ്ഞ ശ്രീകുമാർ അവരെ സഹായിക്കാൻ താത്പര്യം അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് യാതൊരു നീക്കവും കണ്ടില്ല. സംഗീതത്തിലുള്ള അനിതയുടെ അവഗാഹമാണ് ശ്രീകുമാറിനെ ആ കുടുംബവുമായി അടുപ്പിച്ചതെന്നാണ് സൂചന.
ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ അവർ ബർ ദുബായ് റഫാ പൊലീസ് സ്റ്റേഷനിൽ നിന്നു പോകാൻ തയ്യാറായില്ല. സഹതാപം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ അവർക്കു ഭക്ഷണവും മറ്റും നൽകി. പിന്നീട് ടെലിഫോൺ ബൂത്ത് താമസ സ്ഥലമായി തിരഞ്ഞെടുക്കുകയായിരുന്നു. നിരന്തരം പൊലീസിന്റെ സാന്നിധ്യമുള്ള ഇവിടെ മറ്റാരുടെയും ശല്യം ഇവർ നേരിടേണ്ടിവരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ