ദുബായ്: കഴിഞ്ഞ എട്ടു മാസത്തോളമായി ദുബായിലെ തെരുവിൽ കഴിയുന്ന ആലപ്പുഴ സ്വദേശി അനിത സമൂഹ മാധ്യമങ്ങളിലെ നൊമ്പരമാണ്. ഇതിനിടെ അനിതയെ കുറിച്ച് അവരോടൊപ്പം ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞ തൃശൂർ സ്വദേശി രാഖി അരുൺ കാര്യങ്ങൾ മനോരമയുയോട് പങ്കുവയ്ക്കുകയാണ്. താനും അനിതയും ജയിലിലെത്താനുണ്ടായ സാഹചര്യം ഒന്നാണെന്നും ഇപ്പോൾ തെരുവിൽ കഴിയുന്ന അവർ നാട്ടിലെത്തുകയാണെങ്കിൽ മറ്റൊരിടം കണ്ടെത്തുംവരെ അവർക്ക് തന്നോടൊപ്പം താമസിക്കാമെന്നും രാഖി പറഞ്ഞു.

മലയാളി വനിത രാപ്പകൽ കഴിച്ചുകൂട്ടുന്നത് ബർദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിൽ എന്ന വാർത്ത വാറലായിരുന്നു. മലയാളികളായ അതിസമ്പന്നതർ സഹായിച്ചാൽ മാത്രമേ അനിതയ്ക്ക് ദുരിതം തീരൂ. അത്രയേറെ കടം തീർക്കാനുണ്ട്. ഭർത്താവിന്റെ ചതിയാണ് എല്ലാത്തിനും കാരണമെന്ന് അനിത പറയുന്നു. ഇത് സാക്ഷ്യപ്പെടുത്തുകയാണ് രാഖിയും. ചെറിയ തുകകൾ പാവങ്ങൾക്ക് സെറ്റിട്ട് നൽകി കൊടുത്ത് വാർത്ത സൃഷ്ടിക്കുന്ന പ്രവാസി മുതലാളിമാർ വിചാരിച്ചാൽ അനിതയുടെ ദുഃഖം മാറും. രണ്ട് ലക്ഷം ദിർഹമാണ് അവർക്ക് വിവിധ ബാങ്കുകളിൽ അടയ്ക്കാനുള്ളത്.

ജയിൽ ജീവിതം രാഖി വിവരിക്കുന്നത് ഇങ്ങനെ: അവരെ ബന്ധപ്പെടാൻ ഒരുപാട് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഭർത്താവ് വൻതുക വായ്പയെടുത്ത് എന്നെയും രണ്ടു മക്കളെയും ഉപേക്ഷിച്ചപ്പോഴാണ് ഞാനും ജയിലഴികൾക്കകത്തായത്. ചേച്ചിയെന്നായിരുന്നു ഞാനവരെ അഭിസംബോധന ചെയ്തിരുന്നത്. ചേച്ചിയും എന്റെ അതേ കാരണങ്ങളാൽ ഇരുമ്പഴികൾക്കുള്ളിലായതാണ്. എനിക്ക് 2 വർഷം മുൻപേ അവർ ജയിലിലുണ്ടായിരുന്നു. അവർ ജയിലിലെ ഒരു സെല്ലിൽ ഡബിൾ ഡക്കർ ബെഡിൽ താഴെയും മുകളിലുമായി ഒരു മാസത്തോളം കഴിഞ്ഞെങ്കിലും ചേച്ചി സംസാരം കുറവായിരുന്നു. ആരുമായും അവർ അടുപ്പം പുലർത്തിയിരുന്നില്ല.-രാഖി പറയുന്നു.

തീക്ഷ്ണമായ ജീവിതാനുഭവമായിരിക്കാം അവരെ അങ്ങനെയാക്കിത്തീർത്തത്. ഏറ്റവും സ്‌നേഹിച്ചിരുന്നവർ പോലും സഹായിക്കാനുണ്ടായില്ല എന്ന വിചാരം ആരെയും അസ്വസ്ഥപ്പെടുത്തുമല്ലോ. അവരുടെ മനസിനെ എന്തൊക്കെയോ ശല്യം ചെയ്തുകൊണ്ടിരുന്നതായി ഓർക്കുന്നു. എങ്കിലും എന്നോട് മാത്രമായിരുന്നു കുറച്ചെങ്കിലും സംസാരിച്ചിരുന്നത്. പല സ്വകാര്യങ്ങളും എന്നോട് പങ്കിട്ടിരുന്നെങ്കിലും അതിൽ വ്യക്തത ഉണ്ടായിരുന്നില്ല. ദുബായിലുള്ള മകന്റെ ഫോൺ നമ്പരുണ്ടായിരുന്നെങ്കിലും വിളിക്കാറില്ലായിരുന്നു. മകനും അനിതേച്ചിയെ ബന്ധപ്പെട്ടിരുന്നില്ല.

മോനു ജോലിയുണ്ടെന്ന് പറഞ്ഞിരുന്നു. ജയിലിലാകുന്നതിന് മുൻപ് തന്നെ ഭർത്താവ് ബാലു മറ്റൊരു വിവാഹം കഴിച്ചിരുന്നതായി പറഞ്ഞിരുന്നു. അപ്പോഴും ഭർത്താവുമായി ബന്ധം പുലർത്തിയിരുന്നു. പിന്നീട്, ജയിലിലാകാനുള്ള സാഹചര്യം എന്താണെന്നു മാത്രം എനിക്കറിയില്ല. ജയിലിലനകത്ത് ചേച്ചിക്ക് ജോലിയുണ്ടായിരുന്നു. നന്നായി വരയ്ക്കുകയും പാടുകയും ചെയ്യുമായിരുന്നു. വരച്ച പെയിന്റിങ്‌സ് വിറ്റു പണം സമ്പാദിച്ചിരുന്നു. പ്രതിമാസം 250 ദിർഹത്തോളം ലഭിച്ചിരുന്നതായാണ് ഓർമ-അവർ മനോരമയോട് പറയുന്നു.

താൻ മറ്റാരെയും ആശ്രിയിക്കില്ലെന്നും ഭർത്താവ് സഹായിച്ചാലേ പ്രതിന്ധി അവസാനിക്കൂ എന്നും അവർ പറഞ്ഞിരുന്നു. ഞാനും അത്തരമൊരു സാഹചര്യത്തിലൂടെയായിരുന്നു കടന്നുപോയത്. അതിനാൽ, കൂടുതൽ ചോദിച്ചു മനസിലാക്കാൻ സാധിച്ചില്ല. ജയിലിൽ വച്ചുപുലർത്തിയിരുന്ന നിലപാട് തന്നെയാണ് ചേച്ചിക്ക് ഇപ്പോഴും എന്നു കരുതുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. ചേച്ചി അപ്പോഴും ജയിലിലായിരുന്നു. 36 മാസം തടവ് അനുഭവിച്ചാണ് അവർ പുറത്തിറങ്ങിയതെന്ന് പിന്നീട് അറിഞ്ഞിരുന്നു.

ഞാൻ പ്രശ്‌നങ്ങളിൽ നിന്നു താത്കാലികമായി രക്ഷപ്പെട്ട് നാട്ടിലേയ്ക്കും മടങ്ങി. പിന്നീട്, ഇപ്പോൾ വാർത്ത കണ്ടപ്പോഴാണ് അവരെ വീണ്ടും ഓർക്കുന്നത്-രാഖി പറയുന്നു.