തിരുവനന്തപുരം : കൈരളി ടിവിയിലെ പാചക റിയാലിറ്റ് ഷോയ്ക്കിടെ ലക്ഷ്മി നായരെ തെറി പറയുന്ന സീരിയിൽ താരം അനിതാ നായരുടെ വിഡിയോ വൈറലായിരുന്നു. ഈ വിഷയം വീണ്ടും സജീവ ചർച്ചയാക്കിയത് ലോ അക്കാദമി സമരമായിരുന്നു. ഇപ്പോഴിതാ അക്കാദമി പ്രിൻസിപ്പൽ സ്ഥാനം ലക്ഷ്മി നായർക്ക് നഷ്ടമാവുകയും ചെയ്തു. അതിനിടെ പ്രതികരണവുമായി അനിതാ നായരുമെത്തുന്നു. കുക്കറി ഷോയിലെ മൽസരാർഥികളോടുള്ള ലക്ഷ്മി നായരുടെ പെരുമാറ്റത്തെ വിമർശിച്ച് അനിതാ നായർ രോഷത്തോടെ സംസാരിക്കുന്നതാണ് വിഡിയോ.

തന്നെ സമൂഹത്തിനു മുന്നിൽ മാനം കെടുത്താൻ നടത്തിയ നാടകത്തിനു തിരിച്ചടി കൂടിയാണ് ഇപ്പോൾ ലക്ഷ്മി നായർ ഏറ്റുവാങ്ങുന്നതെന്നാണ് അനിതാ നായരുടെ പ്രതികരണം. ഒരു വർഷം മുൻപ് ചാനലിലെ കുക്കറി ഷോ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകവെ ഞാൻ നടത്തിയ പ്രതികരണം യൂ ട്യൂബിലിട്ട് എന്നെ അപമാനിക്കാൻ നടത്തിയ ശ്രമം എല്ലാവരും ഓർക്കുന്നുണ്ടാകും. അതു വൈറലായി. ഇന്നിപ്പോൾ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് കുട്ടികൾ സമരം ചെയ്യുമ്പോഴും ആ വിഡിയോ വൈറലാകുകയാണ്. അന്ന് എനിക്കെതിരെ തിരിഞ്ഞവർ ഇന്ന് എന്നെ അഭിനന്ദിക്കുന്നു. അന്നു കൊടുത്തത് കണക്കായിപ്പോയി എന്നാണ് ഇന്നു ജനം പറയുന്നത്-അനിതാ നായർ പറഞ്ഞു.

എല്ലാവരും അവരുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കണമെന്നാണ് അവരുടെ ആവശ്യം. എന്നെ അതിനു കിട്ടില്ല. ഞാൻ പ്രതികരിച്ചു. ഒടുവിൽ ഇറങ്ങിപ്പോയി കാറിൽ കയറാനൊരുങ്ങി. അപ്പോൾ തിരികെ വിളിച്ച് ഒരു മുറിയിൽ കൊണ്ടു പോയി. അവിടെ വച്ച് എന്നെ പച്ചത്തെറി വിളിച്ചു. തിരികെ ഞാനും വിളിച്ചു. തുടർന്ന്, ദേഷ്യത്തോടെ ഞാൻ ഇറങ്ങിപ്പോകുന്ന വിഡിയോ ഷൂട്ട് ചെയ്താണ് അവർ പുറത്തു വിട്ടത്. ഷൂട്ട് ചെയ്യുന്ന കാര്യം അറിഞ്ഞു കൊണ്ടു തന്നെയാണ് ഞാൻ എല്ലാം പറഞ്ഞത്. എന്നാൽ എത് എഡിറ്റു ചെയ്ത് എന്റെ പ്രതികരണം മാത്രം ഉൾപ്പെടുത്തി പ്രചരിപ്പിക്കുമെന്നു കരുതിയില്ല.

സ്റ്റുഡിയോയ്ക്കു പുറത്തിറങ്ങി ഞാൻ വീണ്ടും കടുത്ത ഭാഷയിൽ തന്നെ പ്രതികരിച്ചു. എന്നാൽ ജനം എല്ലാ കാണുമെന്ന് ഭയന്ന് അവർ പുറത്തു വരാൻ തയ്യാറായില്ല. ഒരു പ്രിൻസിപ്പലിന്റെ സ്ഥാനത്തിരിക്കാൻ ലക്ഷ്മി നായർക്കു യോഗ്യതയില്ലെന്ന് അന്ന് എനിക്കു മനസിലായി. അത്രയും പറയാൻ കഴിഞ്ഞതിൽ സന്തോഷമേയുള്ളൂ. എന്റെ ഭാഗം കേൾക്കാൻ ആരും അന്നുണ്ടായില്ല. 'അനിത തെറി വിളിക്കുന്ന വിഡിയോ കണ്ടല്ലോ' എന്നു പറഞ്ഞ് പലരും വിളിച്ചിരുന്നു. അതിൽ ചെറിയ വിഷമം തോന്നിയെന്നല്ലാതെ ആ സംഭവം എന്നെ ബാധിച്ചിട്ടേയില്ല. 27 വർഷമായി ഞാൻ സീരിയൽ ഫീൽഡിലുണ്ട്.

അന്തസായി ജോലി ചെയ്താണു ജീവിക്കുന്നത്. ആരുടെയും ഔദാര്യം പറ്റിയല്ല. പറയേണ്ട കാര്യം പത്തു പേരുടെ മുന്നിൽ വച്ചു തന്നെ പറയും. ഇനിയും അങ്ങനെ തന്നെ. ആർട്ടിസ്റ്റ് എന്നാൽ ആരുടെയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കേണ്ടവരല്ല. അന്തസുള്ള കുട്ടികളാണ് തങ്ങളെന്ന് ഇപ്പോൾ ലോ കോളജ് വിദ്യാർത്ഥികൾ തെളിയിച്ചിരിക്കുന്നു. രാജി വയ്ക്കുംവരെ അവർ സമരം ചെയ്യണം. അവർക്കു പിന്തുണ പ്രഖ്യാപിച്ച് ഞാൻ സമരപ്പന്തലിൽ പോകും. ഇപ്പോൾ എല്ലാ കാര്യങ്ങളും തുറന്നു പറയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അനിതാ നായർ പറഞ്ഞു.

സീരിയൽ താരങ്ങൾ മാത്രം മൽസരാർഥികളായി പങ്കെടുക്കുന്നതായിരുന്നു കൈരളി ടിവിയില് ആ കുക്കറി ഷോ. വിധികർത്താവാകട്ടെ ലോ അക്കാദമി ലോ കോളജ് പ്രിൻസിപ്പൽ ലക്ഷ്മി നായരും. ലക്ഷ്മി നായരോട് കലഹിച്ച് അനിതാ നായർ ഇറങ്ങിപ്പോയി. പോകും മുൻപ് നടത്തിയ രോഷ പ്രകടനത്തിന്റെ വിഡിയോയാണ് സ്റ്റുഡിയോയ്ക്കുള്ളിൽ നിന്നു പുറത്തു പോയത്. കൈരളി ടിവിയാണ് അത് പുറത്തുവിട്ടതെന്ന് ലക്ഷ്മി നായർ ഈയിടെ പ്രതികരിച്ചിരുന്നു.