2016ൽ ഇടതുമുന്നണി സർക്കാർ അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നത് ഇനി അവതാരങ്ങൾ ഉണ്ടാവില്ല എന്നാണ്. അധികാരത്തിന്റെ ഇടനാഴികളിൽ പ്രത്യക്ഷപ്പെട്ട പല അവതാരങ്ങളും, യുഡിഎഫ് സർക്കാറിന്റെ ഇമേജ് അത്രയേറെ തകർത്തിരുന്നു. എന്നാൽ 2022ൽ എത്തിനിൽക്കുമ്പോൾ, അതേ പിണറായി തന്നെ ഭരിക്കുമ്പോൾ, അവതാരങ്ങളുടെ ആറാട്ടാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഭാഷയിൽ പറഞ്ഞാൽ, 'ഷാജ് കിരൺ ഒമ്പതാമത്തെ അവതാരം ആയിരുന്നു, അനിത പുല്ലയിലെ ചേർത്താൻ അത് ദശാവതാരം ആയി'.

ഇന്ന് കേരളത്തിലെ മാധ്യമങ്ങൾ ഏറെ ചർച്ചചെയ്യുന്നത്, ഇറ്റലിയിൽനിന്നും വന്ന അനിതാ പുല്ലയിൽ എന്ന പ്രവാസി വനിതയെ ആണ്. അതിസുരക്ഷയോടെ നടക്കുന്ന ലോക കേരള സഭയിൽ ഡെലിഗേറ്റുപോലും അല്ലാതിരുന്നിട്ടും, അനിത പുല്ലയിൽ എത്തിയെന്ന വാർത്ത അത്ഭുദപ്പെടുത്തുന്നതായിരുന്നു. അതും പുരാവസ്തു തട്ടിപ്പുകേസിൽ പ്രതിയായ മോൺസൻ മാവുങ്കലിന്റെ സുഹൃത്തും പാർട്ണറുമാണെന്നൊക്കെ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ്, അനിത പുല്ലുപോലെ നിയസഭാ മന്ദിരത്തിൽ എത്തിയത്. എന്നിട്ട് ഇത് മാധ്യമങ്ങൾ കണ്ടുപിടിച്ചപ്പോൾ, സഭാ ടീവിയുടെ ഓഫീസിലാണ് അനിത മണിക്കൂറുകൾ തങ്ങിയത്.

മോശയുടെ അംശവടിയും, നബിയുടെ വിളക്കും, ടിപ്പുവിന്റെ സിംഹാസനമെന്നുമൊക്കെ പറഞ്ഞ്  ആക്രി സാധനങ്ങൾ പെയിന്റടിച്ച് ഉന്നതരെ പറ്റിച്ച ഗജ ഫ്രോഡ് മോൻസന്മാവുങ്കലിന്റെ പേരിനൊപ്പമാണ് അനിതയുടെ പേരും ആദ്യം കേട്ടത്. മോൻസൻ തട്ടിപ്പുകാരനാണെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ് തടിയൂരാൻ അനിത ശ്രമിക്കുന്നുണ്ടെങ്കിലും, കേസിൽ അനിതയുടെ പങ്കും ഇഡി അന്വേഷിക്കുന്നുണ്ട്. കാരണം ബെഹ്റയടക്കമുള്ളവരെ മോൻസന് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. ഒപ്പം തട്ടിപ്പിന്റെ ഒരു പങ്ക് അനിതക്ക് പോയിരുന്നുവെന്ന് ചില പണംപോയവരുടെ മൊഴിയുമുണ്ട്.

അതിനിടെ മാനഭംഗക്കേസിലെ പ്രതിയുടെ പേര് പുറത്തുപറഞ്ഞതിനും അനിതയുടെ പേരിൽ അന്വേഷണം നടക്കുന്നുണ്ട്. ഇങ്ങനെ വ്യക്തമായ ക്രിമിനൽ പശ്ചാത്തല സംശയം ഉണ്ടായിട്ടും, എങ്ങനെയാണ് ഇവർക്ക് ലോക കേരള സഭയിൽ അടക്കം കയറിപ്പറ്റാൻ കഴിയുന്നത്. കേരള ഭരണ നേതൃത്വം ശരിക്കും ഉപജാപകസംഘങ്ങളുടെ പിടിയിൽ തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കയാണ് അനിതാപുല്ലയിൽ സംഭവം. സരിതക്കും, സ്വപ്നക്കും, ഷാജ് കിരണും പിന്നാലെ പുതിയ ഒരു അവതാരം കൂടി വാർത്തകളിൽ നിറയുകയാണ്.

മാളയിൽനിന്ന് ഇറ്റലിയിലേക്ക്

തൃശൂർ മാള സ്വദേശിനിയാണ് അനിത. ഒരു പ്രവാസി കുടുംബമാണ് അവരുടേത്. പിതാവ് 30 വർഷത്തോളം വിദേശത്തായിരുന്നു. കുടുംബത്തിലെ നാലു കുട്ടികളിൽ മൂത്തയാളാണ് അനിത. പിതാവ് വിദേശത്തായ കാലത്തൊക്കെ സഹോദരങ്ങളുടെ ചുമതല താനാണ് നോക്കിയത് എന്നാണ് ഇവർ പറയുന്നത്. വൈകാതെ അനിയും ഇറ്റലിയിലെത്തി. ഇറ്റാലിയൻ സ്വദേശിയായ സായിപ്പിനെ പ്രണയിച്ച് വിവാഹം കഴിച്ച്, രണ്ടു പതിറ്റാണ്ടിലേറെയായി റോമിലാണ് അനിതയുടെ താമസം. ഇറ്റാലിയൻ സ്വദേശിയുമായുള്ള തന്റെ വിവാഹത്തെക്കുറിച്ച് അനിത കഴിഞ്ഞ വർഷം ഫേസ്‌ബുക്കിൽ ആ ചിത്രങ്ങൾ പങ്കുവെച്ച് ഇങ്ങനെ എഴുതി.''2000 ലെ ജൂൺ മുപ്പത്തിനാണ് തമ്മിൽ കണ്ടു മുട്ടിയത്. അതേ ജൂൺ മുപ്പതിന് തന്നെ ഞങ്ങളുടെ വിവാഹവും നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു ഞങ്ങൾ രണ്ടാളും. എങ്കിലും വിവാഹം നടത്താൻ സാധിച്ചത് ജൂൺ ഇരുപത്തി ഒൻപതിനായിരുന്നു. 21 വർഷത്തെ ഇണക്കങ്ങളുടെയും , പിണക്കങ്ങളുടെയും പിന്നിടൽ''. തന്റെ എല്ലാ ഉയർച്ചകൾക്ക് പിന്നിലും ഭർത്താവ് ആണെന്നാണ് അനിത പറയുന്നത്.

താൻ ഒന്നാം ലോക കേരളസഭയിൽ പങ്കെടുക്കാനുള്ള കാരണവും ഭർത്താവാണെന്ന് അവർ മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ''ലോക കേരള സഭയെ കുറിച്ചു സംഘടനയിലെ ഒരു സുഹൃത്ത് വഴിയാണ് അറിഞ്ഞത്. ഓരോ രാജ്യത്തുനിന്നും അതിലേക്ക് ഓരോ പ്രതിനിധിയെയും തിരഞ്ഞെടുക്കുന്നുണ്ടെന്നു പറഞ്ഞു. ലോക കേരള സഭ വഴിയാകുമ്പോൾ സർക്കാരുമായി നേരിട്ട് ഇടപെടാമെന്നും അനുകൂലമായി കാര്യങ്ങൾ നേടിയെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഇക്കാര്യം എന്റെ ഭർത്താവിനോടു പറഞ്ഞു. അദ്ദേഹമാണു പ്രോത്സാഹിപ്പിച്ചത്. ലോക കേരള സഭയിലേക്കുള്ള അപേക്ഷ പൂരിപ്പിക്കുന്നതു പോലും അദ്ദേഹമാണ്. എനിക്കു രാഷ്ട്രീയമൊന്നുമില്ല. ഒടുവിൽ ലോക കേരള സഭ രൂപീകരിച്ചപ്പോൾ എന്നെയും അംഗമായി ഉൾപ്പെടുത്തി.എന്റെ കയ്യിൽനിന്നുള്ള പണമുപയോഗിച്ചു ടിക്കറ്റ് എടുത്താണു ഞാൻ യോഗത്തിൽ പങ്കെടുത്തത്. താമസ സൗകര്യമൊക്കെ സർക്കാൽ നൽകി. ഒരിക്കലും ഒരാളെയും നേരിൽ പരിചയപ്പെട്ടിട്ടില്ല.''- ഒന്നാം ലോക കേരള സഭയിൽ പങ്കെടുത്തതിനെ കുറിച്ച് ഇങ്ങനെയാണ് അനിത പറയുന്നത്.

അനിത പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) എന്ന സംഘടനയിലാണ് പ്രവർത്തിച്ചത്. ഇതിന്റെ ഗ്ലോബൽ വനിതാ കോ ഓർഡിനേറ്ററായിരുന്നു് അനിത. ഈ സംഘടനയിൽ നമ്മുടെ പുരാവസ്തു തട്ടിപ്പുവീരൻ മോൻസൻ മാവുങ്കലും അംഗമായിരുന്നു. അങ്ങനെയാണ് മോൻസനുമായി അനിത അടുക്കുന്നത്. ഈ വിവാദത്തെ തുടർന്ന് പ്രവാസി മലയാളി ഫെഡറേഷൻ അനിതയെ പുറത്താക്കി. ഈ സംഘടനയുടെ പ്രതിനിധി എന്ന നിലക്കാണ് അനിത പുല്ലയിൽ ഒന്നാം ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. ഇത്തവണ പ്രവാസി മലയാളി ഫെഡറേഷന്റെ ആരെയും ലോക കേരള സഭയിലേക്ക് വിളിച്ചിരുന്നില്ല. എന്നിട്ടും അനിത എത്തി. അത്രക്ക് ശക്തമാണ് അനിതയുടെ ബന്ധങ്ങൾ.

ഡിജിപി വരെ അടുത്ത സുഹൃത്തുക്കൾ

പ്രവാസി മലയാളി ഫെഡറേഷന്റെ പ്രതിനിധിയായിക്കൊണ്ടാണ് അനിത, മുൻ ഡിജിപി ലോക്നാഥ് ബെഹ്റയും, മനോജ് എബ്രഹാമും അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗ്സഥരുമായൊക്കെ സൗഹൃദം സ്ഥാപിച്ചത്. അതേക്കുറിച്ച് അനിത ഒരു അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെയാണ്. ''ഞാൻ സാമൂഹിക പ്രവർത്തകയാണ്. പ്രവാസി മലയാളികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനായി നിരന്തരം ശ്രമിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുമുണ്ട്.

മുൻ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് ഏബ്രഹാം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായെല്ലാം ഇത്തരം കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്കായല്ലാതെ എന്റെ അടുക്കളക്കാര്യം പറയാനായി ഞാൻ അവിടെ പോയിട്ടില്ല.ഞാൻ എന്താണു ചെയ്യുന്നതെന്ന് അവർക്കും അറിയാം. അതുകൊണ്ടുതന്നെ അതിന്റെ ബഹുമാനം നൽകിയിരുന്നു. ഇറ്റലിയിൽനിന്ന് ഒന്നോ രണ്ടോ ദിവസത്തിനാണു ഞാൻ വരുന്നതെന്ന് അവർക്ക് അറിയാം. അതിനാൽ ഒരു 'ഫ്രീ ആക്സസ്' അവർ നൽകിയിരുന്നു. ഇവിടെ ഒരു സ്‌കൂളിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് ഓരോരുത്തരിൽനിന്നും 10,000 യൂറോ വീതം ചിലർ വാങ്ങിയ പ്രശ്നം വന്നപ്പോൾ ഞാൻ ബെഹ്റയെയാണു ബന്ധപ്പെട്ടത്. അദ്ദേഹം ആ പ്രശ്നം പരിഹരിച്ചു തരികയും ചെയ്തു.

എന്റെ കണ്ണിൽ ബെഹ്റ നല്ല ഒരു പൊലീസ് ഓഫിസറാണ്. ഞാൻ കൊണ്ടുപോയിട്ടുള്ള പരാതികളിലെല്ലാം നല്ല രീതിയിലാണ് ഇടപെട്ടിട്ടുള്ളത്. പലപ്പോഴും എന്തെങ്കിലും പരാതികളുള്ള ആളുകൾക്കൊപ്പമാണ് ഞാൻ അദ്ദേഹത്തെ പോയി കണ്ടിട്ടുള്ളത്. എന്തിനു വേണ്ടിയാണ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളതെന്ന് അവിടെയുള്ളവർക്കെല്ലാം അറിയാം. ആ പരാതികളുടെ എണ്ണം രേഖകളായി എന്റെ കൈവശമുണ്ടാകും. ''- അനിത പറഞിരുന്നു.

ഇങ്ങനെയാണ് അവർ പ്രമുഖരുമായി ബന്ധം ഉണ്ടാക്കുന്നത്. മോൻസൻ മാവുങ്കലിനെ ലോക്നാഥ് ബെഹ്റക്ക് പരിചയപ്പെടുത്തികൊടുത്തതും അനിത ആയിരുന്നു. മോൺസന്റെ മ്യൂസിയം സന്ദർശിച്ച് വാള് തൊട്ട് നോക്കിയതും, സിംഹാസനത്തിൽ ഇരുന്നതിന്റെയുമൊക്കെ ഫോട്ടോ പുറത്തുവന്നപ്പോൾ കേരളം ഞെട്ടിയിരുന്നു. ഇതുപോലെ ഒരു തട്ടിപ്പുവീരനെ കേരളത്തിലെ ഡിജിപിക്കുപോലും തിരിച്ചറിയാൻ കഴിഞ്ഞില്ലേ എന്നാണ് വിമർശനം ഉയർന്നത്. ബെഹ്റയുടെ കരിയറിലെ ഏറ്റവും നാണം കെട്ട അധ്യായമായി മോൻസൻ മാവുങ്കൽ സംഭവം.

സിപിഎം നേതാക്കളുമായും അടുത്ത ബന്ധം

പ്രമുഖരുടെ കുടെ നിൽക്കുന്ന പടം എടുത്ത് ഫേസ്‌ബുക്കിലിടുകയായിരുന്നു അനിതയുടെ പ്രധാന ഹോബി. കാക്കിയണിഞ്ഞ് യൂണിഫോമിൽ നിൽക്കുന്ന ലോക്നാഥ് ബെഹറക്ക് ഒപ്പം ഒരു പരിപാടിയിൽ അനിത വിളക്കുകൊളുത്തുന്നതാണ് ഇപ്പോഴും ഫേസ്‌ബുക്കിലെ അവരുടെ കവർ ചിത്രം. സിപിഎം നേതാവ് പികെ ശ്രീമതിതൊട്ട് ഗായകൻ വിജയ് യേശുദാസ് വരെയുള്ളവരെയുർക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ അവരുടെ ഫേസബുക്ക് പേജിൽ ഉണ്ട്.

മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് നിൽക്കുന്ന ചിത്രവും അനിതയുടെ ഫേസ് ബുക്കിലുണ്ട്. ''ഐ ആം സ്റ്റാന്റിങ് വിത്ത് യു പ്രിയ സഖാവേ. ആയിരം കള്ളങ്ങൾ പറഞ്ഞു വ്യക്തിഹത്യ നടത്താൻ ശ്രെമിച്ചാലും സത്യമെന്ന വാക്കിന് വിലയുള്ളിടത്തോളം കാലം കൂടെനിൽക്കുന്നവർ ചതിച്ചു എന്ന് വരികിലും ,താങ്കൾ എന്താണെന്നറിയുന്നവർ താങ്കളെ എന്നും ഇരട്ട ചങ്കനായി തന്നെ അറിയുകയുള്ളൂ. ഒരിക്കലും ഒരു രാഷ്ട്രീയക്കാരിയായിരുന്നില്ല ഞാൻ. രാഷ്ട്രീയം , ജനങ്ങൾക്ക് ഉപകാരപ്പെടുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ തുടങ്ങിയപ്പോഴാണ് താങ്കളോട് ബഹുമാനം തോന്നിയത''- ഇങ്ങനെ അനിത മുഖ്യമന്ത്രിയെ പുകഴത്തി പോസ്റ്റും ഇട്ടത്്. ഇതിനൊപ്പം സിപിഎം നേതാവ് പികെ ശ്രീമതിയെ സ്വന്തം ചേച്ചിയാണെന്നും വിശദീകരിച്ചിട്ടുണ്ട്.അമ്മയെപ്പോലെ ആണ് എനിക്കു ചേച്ചിയോടുള്ള സ്‌നേഹം എന്നു പറഞ്ഞു തുടങ്ങുന്നതാണ് പോസ്റ്റ്.

മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിശ്വാസത്തിന്റെ പ്രതിരൂപമായാണ് വിശേഷിപ്പിക്കുന്നത്. മുൻ ഡിജിപി ശ്രീലേഖയുമായുള്ള ചിത്രവുമുണ്ട്. എഡിജിപി മനോജ് എബ്രഹാമിനെ അനുകൂലിച്ചും പോസ്റ്റുകൾ. അതിനിടെ സൈബർ പൊലീസിന്റെ കൊക്കൂൺ മീറ്റിലും അനിതാപുല്ലയിൽ പങ്കെടുത്തിരുന്നു. അതും മോൻസൺ മാവുങ്കലിനൊപ്പം. 2019ലെ കൊക്കൂൺ സുരക്ഷാ മീറ്റിലാണ് അനിതയും മോൻസണും എത്തിയത്. വിജയ് യേശുദാസിനും ബെഹ്‌റയ്ക്കും ഒപ്പം മാവുങ്കലുമായി നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്.നിറപറ ബിജു കർണ്ണൻ അടക്കമുള്ളവരുമായി അടുത്ത ബന്ധവുമുണ്ട്. ഡിഐജി സുരേന്ദ്രനെ പോലുള്ള മോൻസന്റെ ശിങ്കടികളുടെ കാര്യം പിന്നെ പറയുകയുംവേണ്ട. 'അസൻഡ് കേരള' നിക്ഷേപകസംഗമത്തിലും അനിതപുല്ലയിൽ സജീവസാന്നിധ്യമായിരുന്നു.

പൊളിച്ചടുക്കിയത് വിനു വി ജോൺ

ആദ്യകാലത്ത് മോൻസന്റെ ഉറ്റ ചങ്ങാതിയായിരുന്നു അനിത. അയാൾ തട്ടിപ്പിലുടെയുണ്ടാക്കുന്ന പണത്തിന്റെ ഒരു പങ്ക് അനിതക്കും പോയിരുന്നുവെന്നാണ് ഇരകൾ പറയുന്നത്. അനിതയുമായി തെറ്റിയതിന് ശേഷമാണ് മോൻസൻ അകത്താവുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ ആദ്യകാലത്ത് 'ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണാ' എന്ന ശൈലിയാണ് അനിത സ്വീകരിച്ചത്. മോൻസൻ തട്ടിപ്പുകാരനാണെന്ന് തനിക്ക് അറിയാമയിരുന്നില്ലെന്നും അറിഞ്ഞപ്പോൾ അയാൾക്കെതിരെ രംഗത്തെത്തിയെന്നും പറഞ്ഞ് അനിത നല്ല പിള്ള ചമഞ്ഞു. ഇക്കാര്യങ്ങൾ പറഞ്ഞ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകി.

പക്ഷേ എല്ലാ പത്രക്കാരും വെറും പി ആർ സ്വഭാവക്കാരാണ് എന്ന് കരുതിപ്പോയതാണ് അനിതക്ക് പറ്റിയ തെറ്റ്. ഏഷ്യാനെറ്റിന്റെ ന്യുസ് അവർ ചർച്ചയിൽ വിനു വി ജോണിനുമുന്നിൽ അതിഥിയായി എത്തുക എന്ന മഹാ അബദ്ധം അവർ ചെയ്തു. വിനു അനിതയെ വലിച്ച് കീറി. ചർച്ചയുടെ തുടക്കത്തിൽ കത്തിക്കയറിയ അനിത വിനുവിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ആകെ പൊട്ടി. ഉത്തരം മുട്ടിയതോടെ അവർക്ക് കിളിപോയി. നിമിഷങ്ങൾകൊണ്ട് വാദി പ്രതിയായി.

അനിത അംഗമായ പ്രവാസി സംഘടനകളിൽ പലതും കടലാസ് സംഘടനകൾ ആണെന്നും ഇതോടെ അന്വേഷണത്തിൽ മനസ്സിലായി. തന്റെ സ്വാധീനം മറയാക്കി നിരപരാധികളെ പീഡിപ്പിക്കാൻ പൊലീസിൽ സമ്മർദം ചെലുത്തിയതിന്റെ വിവരങ്ങളും ഇതോടെ പുറത്തുവന്നു. ആർടിഒയുടെ കേസ് ഒതുക്കാൻ ശ്രമം നടത്തിയ അടക്കമുള്ള നിരവധി കാര്യങ്ങൾ. മോൻസന്റെ പേര് ഉപയോഗിച്ച് അനിതയും ഒരുപാട് അനധികൃത ഇടപാടുകൾ നടത്തിയെന്ന് സംശയം ഉണ്ട്.

ഇരയുടെ പേര് പുറത്ത് പറത്ത് പൊല്ലാപ്പ്

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ അറസ്റ്റിലായ വിവരം ഐ.ജി ലക്ഷ്മണിനെ അറിയിച്ചത് അനിത പുല്ലയിൽ ആണെന്നതിന്റെ വിവരവും ഇതിനിടെ പുറത്തുവന്നു. ഐജി ലക്ഷ്മണും അനിത പുല്ലയിലും നടത്തിയ വാട്സ്ആപ്പ് ചാറ്റ് പുറത്തായപ്പോളാണ് ഇക്കാര്യം വ്യക്തമായത്. മോൻസണെക്കുറിച്ച് മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ രണ്ട് വർഷം മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് അനിത ലഷ്മണിനോട് പറയുന്നുണ്ട്. ഇന്ന് വൈകുന്നേരം മോൻസ് അറസ്റ്റിലായി എന്നും അനിത പറയുന്നുണ്ട്. മാവുങ്കലിന്റെ അറസ്റ്റ് വാർത്തയായത് അടുത്ത ദിവസമാണ്. അതിന് മുമ്പേ അനിത അറിഞ്ഞുവെന്നാണ് ചാറ്റിലൂടെ വ്യക്തമാകുന്നത്. പൊലീസിൽ പുല്ലയിലിനുള്ള സ്വാധീനത്തിന് പുതിയ തെളിവുകൂടിയാണ് വാട്‌സ്ആപ്പ് ചാറ്റ്.

പുരാവസ്തു തട്ടിപ്പിനെ പറ്റി അനിത പുല്ലയിലിന് എല്ലാം അറിയാമെന്ന് മോൻസന്റെ മുൻ ഡ്രൈവർ അജി വെളിപ്പെടുത്തിയതും വൻ വിവാദമായി മോൻസന്റെ മുൻ മാനേജർ എല്ലാ കാര്യങ്ങളും അനിതയോട് സംസാരിച്ചിരുന്നുവെന്നും അജി പറയുന്നു. തട്ടിപ്പ് മനസ്സിലാക്കിയതിന് ശേഷവും അനിത മോൻസനുമായി സൗഹൃദം തുടർന്നിരുന്നുവെന്നും രാജകുമാരിയിലെ മോൻസന്റെ പിറന്നാൾ ആഘോഷത്തിൽ അനിത പുല്ലയിൽ സജീവമായിരുന്നുവെന്നും അജി പറഞ്ഞു. മോൻസന്റെ വീട്ടിൽ അനിത ഒരാഴ്ച തങ്ങിയിരുന്നു. പ്രവാസി ഫെഡറേഷൻ ഭാരവാഹികളുടെ ഓഫീസ് ആയി മോൻസന്റെ മ്യൂസിയം പ്രവർത്തിച്ചു. മോൻസന് വിദേശ മലയാളികളെ പരിചയപ്പെടുത്തിയത് അനിത പുല്ലയിലാണെന്നും അജി വ്യക്തമാക്കി.

ഇപ്പോൾ മോൻസൺ മാവുങ്കൽ പ്രതിയായ ബലാത്സംഗക്കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിക്കയാണ്. പെൺകുട്ടി ഇരയാണെന്ന് അറിഞ്ഞില്ലെന്നാണ് അനിത നൽകിയ മൊഴി. ഇത് പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.മോൻസന്റെ തട്ടിപ്പകേസുമായി ബന്ധപ്പെട്ടും അനിതയെയും കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു.

അനിത 18ലക്ഷം തട്ടിയെന്ന് മോൻസൺ

എന്നാൽ അനിത പുല്ലയിലിന് തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ കാരണം കടം വാങ്ങിയ പണം തിരികെ ചോദിച്ചതെന്ന് മോൻസൻ മാവുങ്കൽ പറയുന്നത്. അനിതയുടെ സഹോദരിയുടെ വിവാഹം നടത്തിയത് തന്റെ പണം ഉപയോഗിച്ചാണ്. സ്വർണവും വസ്ത്രവും വാങ്ങുന്നതിന് 18 ലക്ഷം രൂപ നൽകിയിരുന്നു. ഇത് ഒരു മാസത്തിനുള്ളിൽ യൂറോ ആയി തിരികെ നൽകാം എന്ന് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ 10 ലക്ഷം രൂപ തിരികെ ചോദിച്ചതാണ് അനിത തന്നോട് അകലാൻ കാരണമെന്ന് മോൻസൻ ഫോൺ സംഭാഷണത്തിൽ പറയുന്നത്. ഇതിന്റെ ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് മോൻസൻ പരാതിക്കാരുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്. തന്റെ കൈയിൽ അന്ന് പണമുണ്ടായിരുന്നപ്പോൾ സഹായിച്ചതാണ്. അനിതയുടെ സഹോദരിയുടെ വിവാഹം തന്റെ അതിമനോഹരമായി, അടിപൊളിയായി നടത്തിയെന്നും മോൻസൺ പറയുന്നുണ്ട്. അനൂപ് എന്നയാളുടെ സഹോദരന്റെ വിവാഹവും അന്നേ ദിവസമായിരുന്നുവെന്നും അതും താനാണ് മുഴുവൻ ചിലവും വഹിച്ച് നടത്തിയതെന്നും മോൻസൺ പറയുന്നു.അനിതയുടെ കൈയിൽ പണമുണ്ട്. ഇക്കാരണത്താലാണ് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ താൻ മുടക്കിയ പണം തിരികെ ചോദിച്ചു.യ 18 ലക്ഷം മുടക്കിയതിൽ 10 ലക്ഷം മാത്രമാണ് തിരികെ ചോദിച്ചത്. 114 പെൺകുട്ടികളുടെ വിവാഹം നടത്തിയ പണം തിരികെ ചോദിക്കാതെ തന്നോട് മാത്രം ചോദിക്കുന്നതെന്തിനെന്ന് അനിത ചോദിച്ചുവെന്നും മോൻസൺ പറയുന്നു.

മോൻസൻ തട്ടിപ്പാണെന്ന് അനിതക്ക് അറിയമായിരുന്നെന്നും ഇവർ ബിസിസനസ് പാട്നർമാരാണോ എന്ന് സംശമുണ്ടെന്നും തട്ടിപ്പിനിരയായവർ മൊഴി നൽകിയിട്ടുണ്ട്.ഈ രീതിയിലൊക്കെ വിവാദമായ വ്യക്തിയാണ് വീണ്ടും എല്ലാം സുരക്ഷയും അതിജീവിച്ച് ലോക കേരള സഭയിൽ എത്തിയതെന്ന് ഓർക്കണം.

പിന്നിൽ ആര്, താൽപ്പര്യം എന്ത്?

ലോക കേരള സഭയിലേക്ക് അനിതാ പുല്ലയിൽ എത്തുമ്പോൾ വിവാദത്തിലാകുന്നത് നിയമസഭയുടെ കീഴിലുള്ള സഭ ടിവിയാണ്. അനിത നിയമസഭാ സമുച്ചയത്തിൽ എത്തിയത് സഭാ ടിവിയുമായി സഹകരിക്കുന്ന വ്യക്തിയിലൂടെയെന്നാണ് റിപ്പോർട്ട്. സഭാ ടിവിക്ക് സാങ്കേതികസഹായം നൽകുന്ന ബിറ്റ് റേറ്റ് സൊല്യൂഷൻസുമായി സഹകരിക്കുന്ന പ്രവീൺ എന്നയാളിനൊപ്പമാണ് ഇവർ എത്തിയത്. ലോകകേരളസഭയുടെ ഉദ്ഘാടനച്ചടങ്ങ് മുതൽ പ്രവീണിനൊപ്പം അനിതയുണ്ടായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

സഭാ ടിവിക്ക് ഒടിടി പ്ലാറ്റ്‌ഫോം സൗകര്യം ഒരുക്കുന്ന ഏജൻസിയാണ് ബിറ്റ് റേറ്റ് സൊല്യൂഷൻസ്. ഇവർക്ക് ബില്ലുകൾ കൈമാറാൻ സഹായിക്കുന്നയാളാണ് പ്രവീൺ. ഇയാൾക്ക് നിയമസഭാ പാസ്സും ലോകകേരളസഭ പാസ്സുമുണ്ടായിരുന്നു. സീരിയൽ നിർമ്മാതാവ് കൂടിയാണ് അനിതയ്ക്ക് സഹായം ചെയ്തുകൊടുത്ത പ്രവീൺ. ഈ വിവരം കിട്ടിയതോടെ ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സ്പീക്കർ ചീഫ് മാർഷലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവീണിനൊപ്പം തന്നെയാണ് അനിത സഭയിലെത്തിയതെന്ന് ചീഫ് മാർഷലും സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്സില്ലാതെ അനിത സഭാ സമുച്ചയത്തിൽ കടന്നത് പ്രവീണിന്റെ ശുപാർശയിന്മേലാണ് എന്നാണ് വ്യക്തമാകുന്നത്.നിയമസഭയിലേക്ക് അനുമതി ഇല്ലാതെ കടക്കുന്നത് അതിക്രമിച്ച് കയറലാണ്. ഇത് ജാമ്യമില്ലാ കുറ്റമാണ്.

സഭാ ടീവിയുടെ ഓൺലൈൻ പ്രചാരണ ചുമതല ടെൻഡർ വിളിക്കാതെ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് മുമ്പ് വിവാദത്തിലായിരുന്നു. അരക്കോടിയോളം രൂപയുടെ കരാർ സ്റ്റാർട്ടപ്പ് കമ്പനിക്കാണ് നൽകിയതായിരുന്നു ഇതിന് കാരണം. ഈ കമ്പനിയാണ് ഇപ്പോൾ വീണ്ടും ചർച്ചകളിൽ എത്തുന്നത്. മുതിർന്ന മാധ്യമ പ്രവർത്തകനായ ജേക്കബ് ജോർജ് ഡയറക്ടറായ കമ്പനിയാണ് ഇത്. ഇവരുടെയൊക്കെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്ന അഭ്യൂഹമാണ് ഉയരുന്നത്.

ഈ വിവാദത്തിൽ പങ്കില്ലെന്ന തരത്തിൽ നോർക്ക നേരത്തേ തന്നെ കൈ കഴുകിയിരുന്നു. ഓപ്പൺ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണ് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞത്. എന്നാൽ ഡെലിഗേറ്റുകളുടെ പട്ടിക നോർക്ക പുറത്തുവിടാത്തതിൽ ദുരൂഹത തുടരുകയാണ്. വിശദമായി നിയമസഭയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്താനാണ് സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സഭാ സമുച്ചയത്തിന് പുറത്ത് കാർ പോർച്ചിന് സമീപം സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്ക് പാസ് വാങ്ങി പങ്കെടുക്കാം. എന്നാൽ ഇത് ഉപയോഗിച്ച് ശങ്കരനാരായണൻ തമ്പി ബാളിന് പുറത്തുള്ള വരാന്തയിൽ കയറാനാകില്ല. അതിനാൽത്തന്നെ ഓപ്പൺ ഫോറത്തിന്റെ പാസ് ഉപയോഗിച്ച് അനിത അകത്തു കടന്നതാകാം എന്ന നോർക്കയുടെ വിശദീകരണം വിശ്വസനീയമായിരുന്നില്ല താനും.

പാസ്സ് ധരിക്കാതെയാണ് അനിത പുല്ലയിൽ രണ്ട് ദിവസവും ഈ വരാന്തയിൽ ചുറ്റിക്കറങ്ങുകയും പ്രവാസി വ്യവസായികൾക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തത്. പ്രവാസി സംഘടനകൾക്കും മലയാളം മിഷൻ വഴി വിദ്യാർത്ഥികൾക്കുമാണ് ഓപ്പൺ ഫോറം പാസ് നൽകിയത്. അതേസമയം 351 അംഗ ലോക കേരളസഭയിൽ 296 പേരാണ് പങ്കെടുത്തത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങളിൽ നിന്ന് അനിതയെ സംരക്ഷിക്കാൻ സഭാ ടിവി ഓഫീസിനകത്ത് രണ്ടരമണിക്കൂർ ചെലവഴിക്കാൻ അനുവദിച്ചതിനെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്നാണ് അറിയുന്നത്.

എന്തൊക്കെപ്പറഞ്ഞാലും ഒരു കാര്യം ഉറപ്പാണ്. അനിതക്ക് ഇപ്പോഴും നല്ല രാഷ്ട്രീയ-മാധ്യമ- ഉദ്യോഗസ്ഥ പിൻബലം ഉണ്ട്. അധികാരത്തിന്റെ ഇടനാഴികളിലെ ഒരു പുതിയ അവതാരം തന്നെയാണ് അനിത. അതുകൊണ്ടുതന്നെ ഈ കേസിനും കാര്യമായ തുമ്പുണ്ടാവുമെന്ന് ഒരു പ്രതീക്ഷയും വേണ്ട.

വാൽക്കഷ്ണം: . മോൻസന്റെ പുരാവസ്തു തട്ടിപ്പ് അന്വേഷിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെടാൻ എഡിജിപി മനോജ് ഏബ്രഹാം ഇത് വാർത്തയാവുന്നതിന് രണ്ടു വർഷം മുൻപ് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കത്ത് നൽകയിരുന്നു. ഇത് പൊലീസ് ആസ്ഥാനത്തു തന്നെ മുങ്ങിയത് എങ്ങനെയാണെന്ന് അറിയില്ല. ഇവിടെയാണ് അവതാരങ്ങളുടെ രാഷ്ട്രീയ ബന്ധം സംശയിക്കപ്പെടുന്നത്. അന്ന് അത് അന്വേഷിച്ചിരുന്നെങ്കിൽ എത്രപേരുടെ ലക്ഷങ്ങൾ നഷ്പ്പെടാതെ രക്ഷിക്കാൻ കഴിയുമായിരുന്നു.