- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഈ വനിത മോൻസനുമായി തെറ്റിയതോടെ പൊലീസ് ഉന്നതനും ഇയാളെ കൈവിട്ടു; ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്റലിജൻസ് റിപ്പോർട്ട് സഹിതം ഇഡിക്കു റിപ്പോർട്ടും നൽകി; പുരാവസ്തു തട്ടിപ്പ് പുറത്തായത് ലോക കേരള സഭയിലും അസൻഡ് കേരള നിക്ഷേപകസംഗമത്തിലും മുന്നിൽ നിന്ന വനിതയുടെ നിശ്ചയദാർഡ്യമോ? മോൻസൺ മാവുങ്കൽ കുടുങ്ങിയ കഥ
തിരുവനന്തപുരം: മോൻസന്റെ പുരാവസ്തു തട്ടിപ്പ് അന്വേഷിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെടാൻ എഡിജിപി മനോജ് ഏബ്രഹാം 2 വർഷം മുൻപ് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു നൽകിയ കത്ത് പൊലീസ് ആസ്ഥാനത്തു തന്നെ മുങ്ങി. ഇതിന് പിന്നിൽ ചില വിദേശ കരങ്ങൾക്കും പങ്കുണ്ടായിരുന്നു. ഇതേ കുറിച്ച് മനോരമ ഇന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഒന്നര വർഷത്തിനു ശേഷം ഇന്റലിജൻസ് മുഖ്യമന്ത്രിക്കു വിശദ റിപ്പോർട്ട് നൽകിയതോടെ പുതിയ കത്ത് ഇഡിക്കു നൽകി. മോൻസനെയും പൊലീസ് ഉന്നതനെയും പരിചയപ്പെടുത്തിയത് ഇറ്റാലിയൻ പൗരത്വമുള്ള കോട്ടയത്തെ വനിതയാണെന്നും അറിവായി. ലോക കേരള സഭയിലും 'അസൻഡ് കേരള' നിക്ഷേപകസംഗമത്തിലും ഇവർ സജീവസാന്നിധ്യമായിരുന്നു. ഈ വനിത മോൻസനുമായി തെറ്റിയതോടെ പൊലീസ് ഉന്നതനും ഇയാളെ കൈവിട്ടു. തുടർന്നാണ് ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്റലിജൻസ് റിപ്പോർട്ട് സഹിതം ഇഡിക്കു റിപ്പോർട്ട് നൽകിയതെന്ന് ഉന്നതർ വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്ത് അതിശക്തമായ ബന്ധം ഈ യുവതിക്കുണ്ടായിരുന്നു എന്നാണ് സൂചന. അനിതാ പുല്ലയിൽ എന്ന വനിതയെയാണ് മനോരമ വാർത്ത സംശയ നിഴലിൽ നിർത്തുന്നത്.
അനിതാ പുല്ലയിൽ എന്ന തൃശൂരുകാരിയെയാണ് ഈ വാർത്തയിൽ പരാമർശിക്കുന്നത്. ഇവർക്ക് പൊലീസ് ആസ്ഥാനത്ത് നിരവധി സുഹൃത്തുക്കളുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. ലോക കേരള സഭയിൽ അംഗമായ ഇവർ പല രാഷ്ട്രീയ നേതാക്കൾക്കൊപ്പമുള്ള ചിത്രവും ഫെയ്സ് ബുക്കിൽ ഇട്ടിട്ടുണ്ട്. റോമിലാണ് ഇവർ ഇപ്പോൾ താമസം. എന്നാൽ ഈ വാർത്തകളിലൊന്നും പൂർണ്ണ സത്യമില്ലെന്നാണ് അവരുടെ അടുത്തു നിന്നും കിട്ടുന്ന സൂചനകൾ. മോൻസൺ മാവുങ്കൽ തന്നെയും പറ്റിക്കുകയായിരുന്നു എന്നാണ് ഇവർക്ക് പറയാനുള്ളത്. തട്ടിപ്പ് മനസ്സിലാക്കിയപ്പോൾ തന്നെ പിന്മാറിയെന്നും ഇവരുടെ അടുപ്പക്കാർ പറയുന്നുണ്ട്. ഏതായാലും ഈ റോം ലിങ്കിലേക്കും അന്വേഷണം കടക്കുമോ എന്നത് നിർണ്ണായകമാണ്. വളരെ വിശദമായാണ് ഇവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പേരു വയ്ക്കാതെ മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ജി വിനോദാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
2019 മേയിൽ എസ്പി സുജിത് ദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണു ഡിജിപി ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് ഏബ്രഹാമും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിലെത്തിയത്. മടങ്ങാൻ നേരം മനോജിനെ ബെഹ്റ ക്ഷണിച്ചു 'മനോജ്, നമുക്കൊരു മ്യൂസിയം കണ്ടിട്ടുവരാം'. ഇരുവരും കാറിൽ കയറിയതോടെ, അന്നു കൊച്ചി കമ്മിഷണറായിരുന്ന എസ്. സുരേന്ദ്രൻ മ്യൂസിയത്തിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു. മ്യൂസിയത്തിൽ മോൻസനും ജീവനക്കാരും മാത്രം. ഇതു കാണാൻ ആരും വരുന്നില്ലേ, വാങ്ങാനുള്ള പണം എവിടുന്നാണ്, എവിടെ വിൽക്കുന്നു തുടങ്ങിയ മനോജിന്റെ ചോദ്യങ്ങൾക്കു മറുപടിയുണ്ടായില്ല.
ആയുർവേദ ഡോക്ടറാണെന്നു പറഞ്ഞ മോൻസൻ, വജ്രക്കല്ലുകൾ പതിച്ച 100 വാച്ചുകൾ, സ്വർണ അക്ഷരങ്ങളിൽ എഴുതിയ വേദപുസ്തകം എന്നിങ്ങനെ പലതും കാണിച്ചു. സിംഹാസനത്തിൽ കയറ്റി ചിത്രങ്ങളുമെടുത്തു. ഏതാനും ദിവസം കഴിഞ്ഞു മോൻസൻ ഇതു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. അതോടെയാണ് തട്ടിപ്പിനെക്കുറിച്ചു കുടുതൽ സംശയം ഉയർന്നത്. തുടർന്ന് 2019 മേയിൽ തന്നെ ഇഡിക്കു നൽകാനുള്ള കത്തു തയാറാക്കി മനോജ് ഡിജിപിക്കു നൽകി. അതു പക്ഷേ, ഇഡിക്കു ലഭിച്ചോയെന്നു വ്യക്തമല്ല.
ഒപ്പം സംസ്ഥാന ഇന്റലിജൻസിനോടും വിശദ അന്വേഷണം ആവശ്യപ്പെട്ടു. ആ സമയം പ്രവാസി വനിത പൊലീസ് ആസ്ഥാനത്ത് ഒട്ടേറെ തവണ വന്നിരുന്നതായി ഉന്നത ഉദ്യോഗസ്ഥർ ഓർക്കുന്നു. ഇറ്റലിയിലെ മലയാളികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണു വരുന്നതെന്നാണു ഡിജിപി സഹപ്രവർത്തകരോടു പറഞ്ഞിരുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. 2020 ഡിസംബറിൽ തട്ടിപ്പിനെക്കുറിച്ചുള്ള മറ്റൊരു ഇന്റലിജൻസ് റിപ്പോർട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും കിട്ടി. ഇയാളെ സൂക്ഷിക്കണമെന്നും തട്ടിപ്പുകാരനാണെന്നും അതിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആ സമയത്താണു മോൻസനും വനിതയും ഇടയുന്നത്.
തുടർന്ന് 2021 ജനുവരിയിൽ മോൻസന്റെ ഇടപാട് അന്വേഷിക്കണമെന്ന ഔദ്യോഗിക കത്ത് ഡിജിപി ബെഹ്റ ഇഡിക്കു നൽകി; ഒപ്പം ഇന്റലിജൻസ് റിപ്പോർട്ടും. ഇതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകളില്ലായിരുന്നുവെന്ന് മനോരമ പറയുന്നു. അതിനിടെ മുഖ്യമന്ത്രിയുടെ പേരും ഇയാൾ തട്ടിപ്പിന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചു. ഈയിടെ മുഖ്യമന്ത്രിക്കു ലഭിച്ച പരാതി ഇന്റലിജൻസ് വിശദമായി അന്വേഷിച്ചു ശരിവയ്ക്കുകയും ചെയ്തു. ഉടൻ പൊലീസ് ഉന്നതരെ വിളിച്ചു വരുത്തി ശക്തമായ നടപടിക്കു മുഖ്യമന്ത്രി നിർദേശിച്ചു.
അതിന്റെ അടിസ്ഥാനത്തിലാണു ഡിജിപി അനിൽ കാന്ത് എറണാകുളം ക്രൈംബ്രാഞ്ച് എസ്പി എം.ജെ. സോജനെ അന്വേഷണം ഏൽപിച്ചത്. ഇറ്റലിയിലെ ഒരു സാമ്പത്തിക തട്ടിപ്പു കേസിൽ ഇടപെടണമെന്ന ആവശ്യവുമായി മുൻ ക്രൈംബ്രാഞ്ച് മേധാവിയെയും ഈ വനിത സന്ദർശിച്ചിരുന്നുവെന്നും മനോരമ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ