- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ ടി ഒയുടെ കേസ് ഒതുക്കാൻ തിരുവനന്തപുരത്ത് എത്തി; നിശ്ചയിച്ച ദിവസം കൂടിക്കാഴ്ച നടന്നില്ല; മോശക്കാരിയാക്കി വീഡിയോ എടുക്കാൻ നിധി എത്തി; സൂസൻ തോമസിനെ കൊണ്ട് മാനനഷ്ട പരാതിയും കൊടുത്തു; മകളുടെ ബിക്കിനി ചിത്രവും പ്രചരിപ്പിച്ചു; പഴയ കഥകൾ വെളിപ്പെടുത്തി അനിതാ പുല്ലയിൽ
കൊച്ചി: മോൻസൺ മാവുങ്കലുമായുണ്ടായ പഴയ അടുപ്പം വിശദീകരിച്ച് അനിതാ പുല്ലയിൽ നടത്തുന്നതും അനധികൃത ഇടപെടലുകളുടെ സൂചന. ചേർത്തയിലെ ആർ ടി ഓഫീസർ ബിജുവിന് വേണ്ടി മോൻസണിന്റെ ആവശ്യപ്രകാരം ഇടപെടൽ നടത്തിയെന്നാണ് അനിത പറയുന്നത്. മാവുങ്കലിന്റെ കള്ളത്തരം കണ്ടെത്തിയതോടെ തന്നേയും കുടുക്കാൻ ശ്രമിച്ചുവെന്ന് അനിത പരസ്യമായി തന്നെ തുറന്നടിക്കുന്നു. നിധി ശോശാ കുര്യൻ എന്ന യുവതിയ്‌ക്കെതിരേയാണ് വെളിപ്പെടുത്തലുകൾ. സിനിമാ മേഖലയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന നിധി യാത്രകളിലൂടെ ശ്രദ്ധേയമായ വ്യക്തിത്വമാണ്.
2019ൽ ചേർത്തല ജോയിന്റ് ആർടിഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ഏജന്റിന്റെ മർദ്ദനമേറ്റ് ഗവ. താലൂക്ക് ആശുപത്രിയിലായിരുന്നു. ചേർത്തല ജോയിന്റ് ആർടിഒ ഓഫീസിലെ എംവിഐ കെ.ജി. ബിജുവാണ് ആശുപത്രിയിൽ അന്ന് ചികിൽസ തേടി എത്തിയത്. അതേസമയം എംവിഐ തന്നെ ആക്രമിച്ചെന്ന് ആരോപിച്ച ഏജന്റായ തുറവൂർ തിരുമലഭാഗം പുത്തൻതറ വീട്ടിൽ തമ്പി(50)യും ഇതേ ആശുപത്രിയിൽ അഡ്‌മിറ്റായിരുന്നു. ഇത് കേസും വഴക്കുമായി. ഇത് ഒതുക്കാനായിരുന്നു തിരുവനന്തപുരം യാത്ര എന്നാണ് സൂചന.
ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിലാണ് നിർണ്ണായക വെളിപ്പെടുത്തലുകൾ അനിത നടത്തുന്നത്. തട്ടിപ്പു കഥകൾ അറിഞ്ഞതോടെ തന്നേയും പെടുത്താൻ ശ്രമിച്ചു. ഇതിന് പിന്നിൽ നിധി ശോശാ കുര്യനായിരുന്നു. എനിക്ക് പേടിയില്ലാത്തതു കൊണ്ട് ഒന്നും സംഭവിച്ചില്ല. ആർ ടി ഒയ്‌ക്കെതിരായ കേസ് ഒതുക്കി തീർക്കാനായി തിരുവനന്തപുരത്ത് വന്നു. മോൻസൺ മാവുങ്കലിന്റെ ആവശ്യ പ്രകാരമായിരുന്നു അത്. എന്നാൽ അന്ന് കൂടിക്കാഴ്ച നടന്നില്ല. അതുകൊണ്ട് തന്നെ അവിടെ സ്റ്റേ ചെയ്തു. ആ സമയം അവിടെ എത്തിയ യുവതി എന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു-എന്നാണ് അനിതയുടെ വെളിപ്പെടുത്തൽ. സൂസൻ തോമസ് എന്ന യുവതിയ്‌ക്കെതിരേയും പരാമർശങ്ങളുണ്ട്.
പിന്നീട് സൂസൻ തോമസിനേയും മറ്റൊരു യുവതിയേയും കൊണ്ട് തനിക്കെതിരെ പരാതി കൊടുക്കാൻ ശ്രമിച്ചു. യൂറോപ്യൻ സംസ്‌കാരം അംഗീകരിച്ചാണ് എന്റെ മകൾ ജീവിക്കുന്നത്. മകളുടെ ബിക്കിനി ചിത്രം പലർക്കും ഇവർ അയച്ചു കൊടുത്തു. ഇതിനെതിരെ പ്രതികരിച്ചിട്ട പോസ്റ്റിൽ മാനനഷ്ടം കണ്ടാണ് കേസിന് ശ്രമിച്ചത്. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥർ തന്നെ തന്നെ അറിയിച്ചെന്നും അനിത ന്യൂസ് 18നോട് പ്രതികരിക്കുന്നു. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിനിരയായവർ ഇനിയും ഒരുപാട് പേരുണ്ടെന്ന് അനിത പുല്ലയിൽ 24 ന്യൂസിനോടുംം പറഞ്ഞിരുന്നു.
മോൻസണിനെ മൂന്ന് വർഷമായി പരിചയമുണ്ടെന്നും മുൻ ഡിജിപി ലോക്നാഥ് ബെഹ്ര തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മോൻസണെ സംശയിക്കാൻ തുടങ്ങിയതെന്നും ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിൽ ട്വന്റിഫോറിനോട് പറഞ്ഞു. ഇറ്റലിയിലെ റോമിൽ കഴിയുന്ന തൃശൂർ സ്വദേശിനിയാണ് അനിത പുല്ലയിൽ. റോമിലെ പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവർത്തകയാണ് അനിത പുല്ലയിൽ. കഴിഞ്ഞ മൂന്ന് വർഷമായി മോൻസൺ മാവുങ്കലിനെ ഏറ്റവും അടുത്ത സുഹൃത്തെന്ന നിലയിൽ അറിയാമെന്ന് അനിത സമ്മതിക്കുന്നു. മോൻസന്റെ പല ജീവകാരുണ്യ പ്രവർത്തനങ്ങളിലും താൻ ആകൃഷ്ടയായിട്ടുണ്ടെന്ന് അനിത പറഞ്ഞു. എന്നാൽ മോൻസന്റെ ചില പെരുമാറ്റങ്ങൾ തന്നിൽ സംശയം ജനിപ്പിച്ചിരുന്നുവെന്ന് അനിത പറയുന്നു.
പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയെന്ന നിലയിൽ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് അനിത. പ്രവാസി മലയാളി സംഘടനയിലേക്ക് അനിത എത്തുന്നതിന് മുൻപ് തന്നെ മോൻസൺ സംഘടനയുടെ ഭാഗമായിരുന്നു. സംഘടനയിലെ പ്രവർത്തകരാണ് അനിതയ്ക്ക് മോൻസണെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. എന്നാൽ വളരെ വൈകിയാണ് മോൻസണിനുള്ളിലെ തട്ടിപ്പുകാരനെ കുറിച്ച് അനിത അറിയുന്നത്. മറ്റ് പല വിഷയങ്ങളും സംസാരിക്കുന്നതിനിടെയാണ് ലോക്നാഥ് ബെഹ്‌റയും ഡോക്ടറെ ഒന്ന് കരുതണമെന്നും, സൂക്ഷിക്കണമെന്നും അനിത പുല്ലയിലിനോട് പറഞ്ഞിട്ടുണ്ട്.
മോൻസണെ കുറിച്ച് കേട്ട കാര്യങ്ങളെല്ലാം താൻ മോൻസണോട് നേരിട്ട് ചോദിച്ചിട്ടുണ്ട്. എന്നാൽ ഈ ചോദ്യങ്ങളിൽ നിന്ന് മോൻസൺ ഒഴിഞ്ഞ് മാറുകയായിരുന്നു. പലയാളുകളിൽ നിന്നും മോൻസൺ പണം തട്ടിച്ചിട്ടുണ്ടെന്ന കാര്യം അനിത അറിയുന്നത് വളരെ വൈകിയാണ്. നിലവിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്ന യാക്കൂബ്, ഷെമീർ അടക്കമുള്ള ആറംഗ സംഘത്തെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചത് അനിതയാണ്. പരാതിപ്പെടാൻ തയാറുള്ളവരുടെ ഒപ്പം താൻ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയെങ്കിലും പണം നഷ്ടപ്പെട്ട പലരും മുന്നോട്ട് വരാൻ തയാറായില്ലെന്നും അനിത പറയുന്നു. ഈ വിഷയങ്ങളിൽ പലതും തനിക്ക് അറിയാമാിരുന്നിട്ടും മാധ്യമങ്ങളുമായി പങ്കുവയ്ക്കാനോ, പൊലീസിൽ പരാതിപ്പെടാനോ ഉള്ള സാഹചര്യം ഇല്ലായിരുന്നുവെന്നും അനിത പുല്ലയിൽ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.
മോൻസന്റെ മാനേജർ എന്ന് പരിചയപ്പെടുത്തിയിരുന്ന നിധി ശോശാ കുര്യൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ മോൻസണുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ മുഴുവൻ വിവരങ്ങളും അറിയാൻ കഴിയുമെന്നും അനിത പുല്ലയിൽ ട്വന്റിഫോറിനോടും പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ