കൊച്ചി: മോൻസന് ഇങ്ങനെയൊരു അവസ്ഥ വന്നതിൽ എനിക്കു സത്യത്തിൽ വിഷമമുണ്ട്. കാരണം ഞങ്ങൾക്കിടയിൽ അത്രയേറെ സൗഹൃദമുണ്ടായിരുന്നു. എന്നാൽ, മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് അതു മറച്ചുവയ്ക്കുന്നതു ശരിയല്ലെന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെ മോൻസൻ പണം വാങ്ങിയെന്ന് എന്നോടു പരാതി പറഞ്ഞവരോടെല്ലാം പരാതി നൽകണമെന്നാണു ഞാൻ പറഞ്ഞത്. ഇത്രയും ആർഭാടങ്ങളൊക്കെ കാണിക്കുന്നത് ആരുടെ കാശ് എടുത്തിട്ടാണെന്നു നാട്ടുകാർക്ക് അറിയില്ല.-മോൻസൺ മാവുങ്കലിനെ കുറിച്ച് അനിതാ പുല്ലയിൽ പറയുന്നത് ആണിത്.

എന്റെ ഭാഗത്ത് ഒരു തെറ്റുണ്ടെങ്കിൽ എനിക്ക് ഈ കേസിൽ ഇടപെടാൻ കഴിയുമോ? നാളെ ഞാനും തെറ്റുകാരിയാവില്ലേ. ഒരു രൂപ അങ്ങോട്ടു കൊടുത്തതല്ലാതെ ഇങ്ങോട്ടു വാങ്ങിയ ശീലം എനിക്കില്ല. അതുകൊണ്ടുതന്നെ എനിക്കു പേടിക്കേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തുതന്നെ പരാതി നൽകണമെന്നു പറഞ്ഞത്. പിന്നീട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനുമായും സംസാരിച്ചു. എനിക്കു പറയാനുള്ള കാര്യങ്ങളെല്ലാം എവിടെ വേണമെങ്കിലും പറയാൻ ഞാൻ തയാറാണ്. ആരുടെ ചോദ്യങ്ങൾക്കും മറുപടി പറയാൻ ഞാൻ തയാറാണ്-ഇതാണ് അനിത ഇറ്റലിയിൽ ഇരുന്ന് പറയുന്നത്. അനിതയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. മോൻസണുമായി ബന്ധപ്പെട്ട പലരേയും ചോദ്യം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമാണ് അനിതയേയും മൊഴി എടുക്കാൻ വിളിക്കുന്നതിലെ ചർച്ചകൾ.

സാമ്പത്തിക തട്ടിപ്പു കേസിൽ മോൻസൻ മാവുങ്കൽ അറസ്റ്റിലായതോടെയാണു പ്രവാസി വനിത അനിത പുല്ലയിലിന്റെ പേരും മാധ്യമങ്ങളിൽ നിറയുന്നത്. വാർത്തകൾ പലതും പ്രചരിച്ചതോടെ വിശദീകരണവുമായി അനിത രംഗത്തെത്തുകയും ചെയ്തു. മോൻസൻ മാവുങ്കലുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും എന്നാൽ അതു തട്ടിപ്പുകാരനാണെന്ന് അറിയാതെ ആയിരുന്നുവെന്നുമാണ് അനിത പറയുന്നത്. ഇത് ക്രൈംബ്രാഞ്ച് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. തൃശൂർ മാള സ്വദേശിയായ അനിത ഇറ്റാലിയൻ സ്വദേശിയെ വിവാഹം കഴിച്ച് കഴിഞ്ഞ 23 വർഷമായി അവിടെയാണു താമസിക്കുന്നത്.

ക്രൈംബ്രാഞ്ച് ചോദ്യങ്ങളോട് മാവുങ്കൽ പ്രതികരിക്കുന്നില്ല. ഈ സാഹചര്യത്തിൽ അനിതയേയും മാവുങ്കലിനേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താൽ പല നിർണ്ണായക വിവരങ്ങളും കിട്ടുമെന്ന് ക്രൈംബ്രാഞ്ച് മനസ്സിലാക്കുന്നു. സർക്കാരിന്റെ അനുമതിയോടെയാണ് അനിതയെ ചോദ്യം ചെയ്യാൻ വിളിക്കുക. പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ഗ്ലോബൽ വനിത കോഓർഡിനേറ്ററും ലോക കേരള സഭാ അംഗവുമാണ്. മറ്റുള്ളവരെ പറ്റിച്ചതു പോലെ താനും മോൻസന്റെ തട്ടിപ്പിനിരയായെന്നും പിന്നീട് കാര്യങ്ങൾ മനസ്സിലായപ്പോൾ അകന്നുവെന്നും അനിത പറയുന്നു.

മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് ഏബ്രഹാം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വെട്ടിലാക്കിയതും അനിതാ പുല്ലയിലാണ്.എന്റെ ക്ഷണം സ്വീകരിച്ചു ബെഹ്‌റയും മനോജ് ഏബ്രഹാമും അവിടെ വന്നു. മോൻസന് ഒരു സ്വഭാവമുണ്ട് ഭയങ്കരമായി സ്വയം പുകഴ്‌ത്തി പറയും. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതെല്ലാം മനസ്സിലാകുമല്ലോ. മോൻസൻ സ്വയം പുകഴ്‌ത്തി പറഞ്ഞപ്പോൾതന്നെ അവർക്കു ചില സംശയങ്ങൾ വന്നു. അവരെ അവിടെയെല്ലാം ഇരുത്തി ഫോട്ടോ എടുത്തതു മോൻസൻ തന്നെയാണ്. ആ പടങ്ങളാണ് ഇപ്പോൾ നിങ്ങൾ കാണുന്നത് എന്നും അനിത വിശദീകരിച്ചിട്ടുണ്ട്.

അപ്പോൾ തനിക്ക് എന്തെങ്കിലും പ്രശ്‌നം വന്നാൽ ഈ വലിയ ആളുകളൊക്കെ എന്റെ കൂടെ നിൽക്കുമെന്നു മോൻസൻ കരുതിയിട്ടുണ്ടാകും എന്നാണ് ഇപ്പോൾ എനിക്കു തോന്നുന്നത്. അതിനു വേണ്ടിയാണ് പലരെയും മ്യൂസിയത്തിൽ കൊണ്ടുവരാൻ മോൻസൻ ശ്രമിച്ചത്. അവിടെ മോൻസന്റെ കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടിക്ക് ഇക്കാര്യമെല്ലാം അറിയാം. എന്നാൽ, പിന്നീട് അവളും ഈ രീതിയിൽ ചില ഫ്രോഡ് കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയെന്നാണ് വെളിപ്പെടുത്തൽ. സൂസൻ എന്ന സ്ത്രീയെ കുറിച്ചും നിധിയെ കുറിച്ചുമാണ് അനിതയുടെ പരാതികൾ. ഇതിൽ നിധിയിൽ നിന്നും ക്രൈംബ്രാഞ്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനിതയേയും ചോദ്യം ചെയ്യണം. എന്നാൽ ഇറ്റലിയിലുള്ള അനിത ചോദ്യം ചെയ്യലിന് വരുമോ എന്നത് സംശയകരമായി നിലനിൽക്കുന്നു.

മോൻസനുമായി നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. എന്റെ അനുജത്തിയുടെ വിവാഹത്തിനായി ഞാൻ കുറച്ചു പണം സ്വരൂപിച്ചിരുന്നു. തനിക്കു ചില ആവശ്യങ്ങളുണ്ടെന്നും അതിൽ കുറച്ചു പണം വേണമെന്നും പറഞ്ഞപ്പോൾ ഞാൻ അതു നൽകി. എനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ എന്റെ അനുജത്തിയുടെ വിവാഹം നടത്തണമെന്നു പറഞ്ഞാണ് ഞാൻ അതു നൽകിയത്. അതിലെ കുറച്ചു പണം അവന്റെ ഇവന്റ്‌സ് എന്നൊക്കെ പറഞ്ഞു ചെലവഴിച്ചു. അതിൽ ഇങ്ങോട്ടും അങ്ങോട്ടും കൊടുക്കാനൊന്നുമില്ല. ചടങ്ങൊക്കെ നന്നായി നടത്തിയപ്പോൾ അതിന്റെ ഇവന്റ്‌സ് നടത്തിയ ആളുകൾക്കു ഞാൻ പിന്നെയും പണം നൽകി. മോൻസന്റെ സ്റ്റാഫിനും സഹായമെന്ന നിലയിൽ കുറച്ചു പണം നൽകിയിട്ടുണ്ട്. അതു തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിച്ചിട്ടൊന്നുമല്ല. അതല്ലാതെ മറ്റുള്ളവരിൽനിന്നു വാങ്ങി നൽകുകയോ, എന്റെ കയ്യിൽനിന്ന് എടുത്തു നൽകുകയോ ചെയ്തിട്ടില്ലെന്നും അനിത പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പരാതിയൊക്കെ അയയ്ക്കുന്നതുകൊണ്ട് ഒരു പക്ഷേ അദ്ദേഹത്തിന് എന്നെ അറിയാമായിരിക്കും. അതും എനിക്ക് ഉറപ്പില്ല. എനിക്കു പിണറായി വിജയനെയും ഈ സർക്കാരിനെയും വിശ്വാസമാണ്. എന്തെങ്കിലും പരാതി പറഞ്ഞാൽ അതിൽ പരിഹാരമുണ്ടാകുമെന്ന നിലയിലാണ് അവരെ വിശ്വസിക്കുന്നത് എന്നും അനിത പറഞ്ഞു കഴിഞ്ഞു.