കൊച്ചി: കൊച്ചിയിൽ സിനിമാക്കാർക്ക് വേണ്ടി സുസ്മിത ടീച്ചർ. ഐടിക്കാരെ പിടിക്കാൻ അനിലയും. കൊച്ചിയിൽ വീണ്ടും ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പൊലീസ് പിടിയിലാകുമ്പോൽ ലഭിക്കുന്ന സൂചന മാഫിയയുടെ ഇടപെടലിന്റെ കരുത്താണ്. ഇവിടെ ലഹരി ഇടപാടു നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ്, തൃക്കാക്കര പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ഐടി കമ്പനി മാനേജർ ഉൾപ്പടെയുള്ള സംഘമാണു ഇന്നലെ പിടിയിലായത്. ഐടി ജീവനക്കാരെ ലക്ഷ്യമിട്ട് തൃക്കാക്കര മില്ലു പടിയിൽ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തായിരുന്നു ഇടപാടുകൾ. ലഹരി ഇടപാടും ഉപയോഗവും നടക്കുന്നതായി എറണാകുളം സിറ്റി പൊലീസിനു വിവരം ലഭിച്ചതിനെ തുടർന്ന് അർധരാത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഹരി എത്തിച്ച് വിൽപന നടത്തി വന്ന കൊല്ലം സ്വദേശികളായ ആമിനാ മനസിൽ ജിഹാദ് ബഷീർ(30), അനിലാ രവീന്ദ്രൻ(29), നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശി എർലിൻ ബേബി(25) എന്നിവരാണു പിടിയിലായത്. ഇവർക്കൊപ്പം ലഹരി ഉപയോഗിക്കുന്നതിനായി സംഘത്തിനൊപ്പം ചേർന്ന നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശിനി രമ്യ വിമൽ(23), മനക്കപ്പടി സ്വദേശി അർജിത്ത് ഏഞ്ചൽ(24), ഗുരുവായൂർ തൈക്കാട് സ്വദേശി അജ്മൽ യൂസഫ്(24), നോർത്ത് പറവൂർ സ്വദേശി അരുൺ ജോസഫ്(24) എന്നിവരാണ് പൊലീസ് പിടിയിലായത്.

പ്രതികളിൽ നിന്നും 2.5 ഗ്രാം എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ, ഹാഷിഷ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ പക്കൽ കൂടുതൽ അളവ് ലഹരി ഉണ്ടായിരുന്നിരിക്കുമെന്നാണ് കരുതുന്നത്. അന്വേഷണ സംഘം എത്തിയതോടെ എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടാകുമെന്നാണു വിലയിരുത്തൽ. ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ കൂടുതൽ അളവ് ലഹരി കണ്ടെടുക്കാനായില്ല. സംഘത്തിൽ കൂടുതൽ ആളുകളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

വഴക്കാലയിൽ നിന്നും കോടികളുടെ എം.ഡി.എം.എ എക്‌സൈസ് പിടിച്ചതിന് പിന്നാലെ കൊച്ചിയിൽ വീണ്ടും ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പൊലീസ് പിടിയിലാകുന്നത്. ഇൻഫോ പാർക്കിലെ പല ജീവനക്കാരും ലഹരി ഉപയോഗിക്കുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. അമിതമായി ജോലി ഭാരം കൂടുമ്പോൾ അത് മറികടക്കാനായാണ് ലഹരി ഉപയോഗിച്ചു വരുന്നത്. ഇത്തരത്തിൽ ലഹരി ഉപയോഗിച്ച് പ്രശ്‌നമുണ്ടാക്കിയവർ വരെയുണ്ട്. ഇതിൽ പലതും പുറത്ത് അറിയാതെ ഒതുക്കി തീർത്തിട്ടുമുണ്ട്.

എന്നാൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യങ്ങൾ പൊലീസ് മേധാവിക്ക് കൈമാറുകയും പ്രത്യേകം അന്വേഷണം നടത്താൻ ഉത്തരവിടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടാൻ കഴിഞ്ഞത്. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി നാർക്കോട്ടിക്ക് അസ്സിസ്റ്റന്റ്് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു.

മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ 9995966666 എന്ന വാട്ട്സ് ആപ്പ് ഫോർമാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ, ഓഡിയോ ആയോ നാർക്കോട്ടിക് സെൽ പൊലീസ് അസിസ്റ്റന്റ കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാൻസാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.