യുവതാരം അഞ്ജലി വളരെ ഹാപ്പിയാണ്. ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെയും ദിലീപിന്റെയും അമ്മയാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അഞ്ജലി. പുലിമുരുകനിൽ മോഹൻലാലിന്റെയും അമ്മയായ അഞ്ജലി ദിലീപിന്റെയും മഞ്ജുവിന്റെയും അമ്മയാകാൻ സാധിച്ചതും വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

വിഷു റിലീസായി തീയേറ്ററിലെത്തുന്ന കമ്മാരസംഭവത്തിൽ ദിലീപിന്റെ അമ്മയായും മോഹൻലാലിൽ മഞ്ജു വാര്യരുടെ അമ്മ വേഷത്തിലുമാണ് അഞ്ജലി എത്തുന്നത്. രണ്ട് ചിത്രത്തിലും അഭിനയിക്കാൻ അവസരം തന്ന സംവിധായകർക്ക് അഞ്ജലി നന്ദി പറഞ്ഞു. പുലിമുരുകൻ സിനിമയുടെ ഭാഗമാകാൻ സാധിച്ചിരുന്നില്ലെങ്കിൽ കമ്മാരസംഭവത്തിൽ എത്താൻ കഴിയില്ലായിരുന്നുവെന്ന് അഞ്ജലി പറയുന്നു.

പുലിമുരുകനിലെ അതേ അഭിനേതാക്കൾ തന്നെയാണ് കമ്മാരസംഭവത്തിലും അഞ്ജലിക്കൊപ്പം അഭിനയിക്കുന്നത്. സന്തോഷ് കീഴാറ്റൂർ ദിലീപിന്റെ അച്ഛനായും പുലിമുരുകന്റെ ചെറുപ്പം അഭിനയിച്ച അജാസ്, ദിലീപിന്റെ ബാല്യകാലവും അവതരിപ്പിക്കുന്നു. ദിലീപേട്ടന്റെ അമ്മ വേഷം ചെയ്തു എന്ന് ഇനി എല്ലാവർക്കും പറയാം അഞ്ജലി പറഞ്ഞു.

രണ്ടാമത്തെ സന്തോഷം മഞ്ജുവാര്യർ മീനൂട്ടിയായി എത്തുന്ന മോഹൻലാൽ ആണ്. ഇതിൽ കൃഷ്ണകുമാർ ചേട്ടനാണ് എന്റെ ഭർത്താവായി അഭിനയിക്കുന്നത്. ഇതിൽ ഞാൻ മീനുട്ടിയുടെ അമ്മയാണ്. അതായത് മഞ്ജു ചേച്ചിയുടെ അമ്മ. ഇതൊരു ഭാഗ്യമായും ദൈവാനുഗ്രഹമായും ഞാൻ കണക്കാക്കുന്നു.- അഞ്ജലി പറഞ്ഞു.