ത്രകണ്ടാലും മതിവരാത്ത, എത്ര കണ്ടാലും മടുക്കാത്ത ശരിക്കും ഒരു ന്യൂജെൻ ചിത്രം. പതിവ് ന്യൂജെനറേഷൻ ചിത്രങ്ങളിൽ നിന്നു മാറി ബന്ധങ്ങളുടെ ആഴവും തീവ്രതയും എടുത്തുകാട്ടിയ ബാംഗളൂർ ഡേയ്‌സ്, അഞ്ജലി മേനോൻ എന്ന തിരക്കഥാകൃത്തിന്റേയും സംവിധായികയുടേയും വിജയം കൂടിയാണ്. ഒരു കൈക്കുടന്ന നിറയെ മഞ്ചാടിക്കുരുക്കളുമായി മലയാള സിനിമയുടെ നൊസ്റ്റാൾജിക് ഫീലിലേക്ക് കടന്നെത്തിയ അഞ്ജലിക്ക് ഇപ്പോൾ ആഹ്ലാദിക്കാൻ ഏറെ വകയാണ് സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപനം നൽകിയിരിക്കുന്നത്.
മികച്ച നടൻ, മികച്ച നടി, തിരക്കഥ എന്നിവയെല്ലാം ബാംഗളൂർ ഡേയ്‌സ് എന്ന ചിത്രം നേടുമ്പോൾ അഞ്ജലിയെന്ന തിരക്കഥാ കൃത്തിനും അംഗീകാരം ലഭിക്കുകയായിരുന്നു.

യുവാക്കൾക്കും മനസിൽ യൗവനം കാത്തുസൂക്ഷിക്കുന്നവർക്കുമുള്ളതായിരുന്നു ബാംഗളൂർ ഡേയ്‌സ്. ബാംഗളൂർ നഗരത്തിന്റെ പശ്ചാത്തലത്തിൽ മികച്ച കഥയൊരുക്കി അത് പ്രേക്ഷകർക്കു മുന്നിൽ കുടുംബചിത്രമായി അവതരിപ്പിക്കുന്നതിൽ അഞ്ജലിയെന്ന തിരക്കഥാകൃത്തും സംവിധായികയും വിജയിച്ചുവെന്നു വേണം പറയാൻ. സർവകാല റെക്കോർഡുകളും ഭേദിച്ചാണ് ചിത്രം തിയേറ്ററുകളിൽ നിറഞ്ഞോടിയത്. ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ഓരോ കഥാപാത്രങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യത്തോടെ തിരക്കഥയിൽ സ്ഥാനം നൽകാൻ അഞ്ജലിക്കായി. നിവിന്റെ കൃഷ്ൺ പി പിയും ദുൽഖറിന്റെ അജുവും നസ്രിയയുടെ ദിവ്യയും ഫഹദിന്റെ ദാസും പാർവതിയുടെ ആർ ജെ സാറയും തുല്യ കഥാപാത്രങ്ങളായി തന്നെ ചിത്രത്തിൽ നിലകൊണ്ടു. താരനിബിഡമല്ലെങ്കിലും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട എല്ലാവർക്കും ഏതാണ്ട് ഒരേ തുല്യപ്രാധാന്യം നൽകാൻ തിരക്കഥാകൃത്തിനായി.

നിത്യജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത മനോഹരമായ ഒരു അഭ്രകാവ്യം എന്നു വേണമെങ്കിൽ ബാംഗളൂർ ഡേയ്‌സിനെ വിലയിരുത്താം. ദിവ്യ ദാസായി അഭിനയിച്ച നസ്രിയയും കൃഷ്ണൻ പി പിയായി പ്രത്യക്ഷപ്പെട്ട നിവിൻ പോളിയും അതിഭാവുകത്വം ലവലേശമില്ലാതെ തന്നെയാണ് അഭിനയം കാഴ്ചവച്ചത്. ദുൽഖറിന്റെ ന്യൂജനറേഷൻ നാടേടി കഥാപാത്രമായ അജുവും കല്പനയുടെ അമ്മവേഷവും പ്രത്യേകം എടുത്തുപറയേണ്ടതു തന്നെ. എന്തിനേറെ ഏതാനും സീനുകളിൽ മാത്രം വന്നു പോകുന്ന നിത്യാ മേനോന്റെ നടാഷയും പ്രേക്ഷക മനസിൽ സ്ഥാനം നേടിയിട്ടുണ്ട്.

ഏറെ ഊർജം നിറച്ചാണ് ബാംഗളൂർ ഡേയ്‌സ് നിർമ്മിച്ചതെന്നു വേണമെങ്കിൽ പറയാം. വളരെ കളർഫുള്ളായി ചെറുപ്പക്കാരുടെ കഥ പറഞ്ഞ ചിത്രം ഒരു പരിപൂർണ യൂത്ത് എന്റർടൈനർ തന്നെയായിരുന്നുവെന്ന് നിസംശയം പറയാം. ഗോപീ സുന്ദറിന്റെ സംഗീതവും ചിത്രത്തിന്റെ വിജയഘടകങ്ങളിലൊന്നാണ്.

തിരക്കഥയിൽ അഞ്ജലി തന്റെ പ്രാവീണ്യം തെളിയിക്കുന്നത് ഇതാദ്യമായല്ല. കന്നിച്ചിത്രമായ മഞ്ചാടിക്കുരുവിനും കേരള കഫേയ്ക്കും ഏറെ വാണിജ്യ വിജയം നേടിയ ഉസ്താദ് ഹോട്ടലിനും തിരക്കഥയൊരുക്കിയത് കോഴിക്കോട് സ്വദേശിനിയായ അഞ്ജലി മേനോൻ തന്നെയായിരുന്നു. 2013-ൽ ഉസ്താദ് ഹോട്ടലിന്  മികച്ച സംഭാഷണത്തിനുള്ള ദേശീയ പുരസ്‌ക്കാരവും അഞ്ജലിയെ തേടിയെത്തിയിരുന്നു. ഉസ്താദ് ഹോട്ടലിന്റെ വിജയത്തിനു പിന്നിൽ അതിന്റെ ശക്തമായ തിരക്കഥയായിരുന്നു.

ദുബായിൽ പഠിച്ചു വളർന്ന അഞ്ജലി പിന്നീട് കോഴിക്കോട് നിന്ന്  ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടിയ ശേഷം കോഴിക്കോട് പ്രോവിഡെൻസ് വിമൻസ് കോളേജ് നിന്ന് ബിരുദം നേടി. പൂണെ സർവകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദം നേടി. ശേഷം 2000-ൽ ലണ്ടൻ ഫിലിം സ്‌കൂളിൽ ചേർന്നു സംവിധാനകലയിൽ ബിരുദവും കരസ്ഥമാക്കി.