- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഝാൻസി റാണി റെജിമെന്റിന്റെ ഭാഗമായത് 21 ാം വയസ്സിൽ; ബ്രിട്ടനെതിരെ തോക്കെടുത്തു പോരാടിയ ധീരവനിത; സ്വാതന്ത്ര്യസമര സേനാനി അഞ്ജലി പൊന്നുസ്വാമി അമ്മാൾ ഇനി ജ്വലിക്കുന്ന ഓർമ്മ

പെറ്റാലിങ് ജയ : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷനൽ ആർമിയിൽ ചേർന്നു ബ്രിട്ടനെതിരെ തോക്കെടുത്തു പോരാടിയ സ്വാതന്ത്ര്യസമര സേനാനി അഞ്ജലി പൊന്നുസ്വാമി അമ്മാൾ (102) അന്തരിച്ചു. മലേഷ്യയിലേക്കു കുടിയേറിയ തമിഴ് കുടുംബത്തിലായിരുന്നു ജനനം.
രണ്ടാം ലോകയുദ്ധകാലത്ത്, 21ാം വയസ്സിലാണ് ഇന്ത്യൻ നാഷനൽ ആർമി (ഐഎൻഎ) യുടെ വനിതാ വിഭാഗമായ ഝാൻസി റാണി റെജിമെന്റിന്റെ ഭാഗമായത്. ജപ്പാൻ പിന്തുണയോടെ 1943ലാണു നേതാജി ഐഎൻഎ സ്ഥാപിച്ചത്. ബ്രിട്ടിഷ് മലയയിൽ ജപ്പാൻ അധിനിവേശം നടന്നതിനു ശേഷം അവിടത്തെ ഒട്ടേറെ ഇന്ത്യൻ വനിതകൾ ഝാൻസി റാണി റെജിമെന്റിൽ ചേർന്നതാണ് അഞ്ജലിക്കും പ്രചോദനമായത്. സിംഗപ്പൂരിൽ ആയുധ പരിശീലനത്തിനു ശേഷം ബർമയിലേക്കു നിയോഗിക്കപ്പെട്ടു.
വനിതകളെ ഐഎൻഎയിലെടുക്കാനുള്ള നേതാജിയുടെ തീരുമാനത്തോട് ജപ്പാൻ സൈനിക നേതൃത്വത്തിന് ആദ്യമൊക്കെ വിയോജിപ്പുണ്ടായിരുന്നെന്നും യുദ്ധസാമർഥ്യം ബോധ്യപ്പെട്ടതോടെ പ്രതിഷേധം കെട്ടടങ്ങിയെന്നുമുള്ള പോരാട്ട സ്മരണകൾ അഭിമുഖങ്ങളിൽ അഞ്ജലി പങ്കുവച്ചിട്ടുണ്ട്. യുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതോടെ ഐഎൻഎ പിരിച്ചുവിട്ടപ്പോൾ അഞ്ജലി മലേഷ്യയിലേക്കു മടങ്ങി.


