തൃശൂർ: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെട്ട പേരുകളിലൊന്നാണ് അഞ്ജു അരവിന്ദിന്റേത്. എന്നാൽ ഈ ആരോപണമെല്ലാം വെറും പച്ചക്കള്ളമാണെന്നാണ് അഞ്ജു പറയുന്നത്. കലാഭവൻ മണിയെപ്പോലെ ഇത്രയധികം സൗഹൃദങ്ങളുള്ള ഒരാളെ കാണാൻ ചിലപ്പോൾ അവിടെ ആരെങ്കിലും ചെന്നിരിക്കാം. അത് ഞാനല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് അഞ്ജു.

മണിയുമായി അടുത്തിടെ കുറച്ച് ഷോകളിൽ ഞാനും പങ്കെടുത്തിരുന്നു. എല്ലാവരെയും സഹായിക്കുന്ന മനസാണ് മണിച്ചേട്ടന്റേത്. അദ്ദേഹം എന്നെയും സഹായിച്ചിട്ടുണ്ട്. ഞാൻ സ്വന്തമായി വാങ്ങിയതാണ് കൊച്ചിയിലെ എന്റെ ഫ്ലാറ്റ്. ഒരാളെയും ഒരു തരത്തിലും ആശ്രയിക്കുന്നത് ഇഷ്ടമല്ലാത്ത ആളാണ് ഞാൻ. സിനിമകളിൽ അവസരങ്ങളുണ്ടെങ്കിലും അതിന്റെ ലോൺ അടയ്ക്കാൻ പലപ്പോഴും ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. ഒരിക്കൽ ഓസ്ട്രേലിയയിലെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ മണിച്ചേട്ടനോട് ഞാൻ എന്റെ സങ്കടം പറഞ്ഞു

പിന്നീട് വന്ന ഷോകളിൽ എനിക്ക് അദ്ദേഹം അവസരവും തന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ അത് അന്നെനിക്ക് വലിയ ഉപകാരമായിരുന്നു. മണിച്ചേട്ടൻ അവസാനം ചെയ്ത ഷോയിലും ഞാനുണ്ടായിരുന്നു. എനിക്ക് ഇത് സംബന്ധിച്ച് മറയ്ക്കാനൊന്നൂമില്ല. അതുകൊണ്ട് ഇക്കാര്യങ്ങൾ തുറന്നുപറയാൻ ഒരു മടിയുമില്ല. ഒരുമിച്ച് കുറച്ച് സിനിമകളിൽ അഭിനയിച്ചാൽ ഗോസിപ്പിറങ്ങുന്ന നാടാണ് നമ്മുടേത്. അത്തരത്തിൽ എന്തെങ്കിലും വാർത്തകൾ ഉണ്ടായിരുന്നതായി എനിക്കറിയില്ല. ഒരു കലാകാരി എന്ന നിലയിൽ എന്നോട് ബഹുമാനമുണ്ടായിരുന്നു അദ്ദേഹത്തിന് അതിനപ്പുറം ഒന്നുമില്ലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അഭിനയം കഴിഞ്ഞാൽ കുടുംബം. അതിനപ്പുറം ഒന്നുമില്ല ഇത്തരം കഥകൾക്ക് നടുവിൽ ജീവിതം കൈവിട്ടു പോകാതെ കൊണ്ടു പോകാൻ ഒരു നടി എന്ന നിലയിൽ വലിയ ബുദ്ധിമുട്ടാണ്.

എന്റെയും മണിച്ചേട്ടന്റെയും ആദ്യ സിനിമ അക്ഷരം തന്നെയായിരുന്നു. അപ്പോഴും പിന്നീടും ഒന്നും വലിയ സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. പിന്നെ ഒരുമിച്ച് സ്റ്റേജ് ഷോകൾ ചെയ്യുന്ന സമയത്ത് ഞാൻ പറഞ്ഞിട്ടുണ്ട്. അച്ഛന്മാർ കുടിക്കുന്നത് മക്കൾക്ക് വലിയ വിഷമം ആയിരിക്കുമെന്ന്. പ്രത്യേകിച്ച് പെൺമക്കൾക്ക്. പക്ഷേ അദ്ദേഹത്തിന് എന്തെങ്കിലും അസുഖം ഉള്ളതായി എനിക്കറിയില്ലായിരുന്നു. അങ്ങനെ തുറന്നു പറയാൻ മാത്രമൊന്നും സ്വാതന്ത്ര്യമുള്ള ബന്ധവും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ലെന്നും അഞ്ജു പറയുന്നു.

തൊണ്ണൂറുകളുടെ മധ്യത്തിൽ മലയാള സിനിമയിലെ പ്രേക്ഷകർക്ക് ഇഷ്ടമുള്ള വേഷങ്ങൾ ചെയ്തിരുന്ന നായികയായിരുന്നു അഞ്ജു അരവിന്ദ്. 1996 ൽ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. തുടർന്നു രജനികാന്ത് ശരത് കുമാർ തുടങ്ങിയവർക്കൊപ്പം അഞ്ജു സ്‌ക്രിനിൽ എത്തി. തമിഴിലും മലയാളത്തിലും കന്നടയിലും തിരക്കേറിയ ആ നടി 2001 ഓടെ സിനിമയിൽ നിന്നു ഇടവേളയെടുക്കുകയായിരുന്നു.

വിവാഹം, വിവാഹ മോചനം, പുനർവിവാഹം എന്നിവയാണു സിനിമയിലെ ഇടവേള വർധിക്കുന്നതിനു കാരണമായത് എന്നു താരം പറയുന്നു. 2013 ൽ പുറത്തിറങ്ങിയ ശൃംഗാരവേലനിലൂടെ അഞ്ജു അരവിന്ദ് സിനിമയിലേയ്ക്കു വീണ്ടും തിരിച്ചെത്തി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്വർണ്ണക്കടുവയാണ് അഞ്ജു ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം. ബിസിനസുകാരനായ വിനയചന്ദ്രനാണ് അഞ്ജു അരവിന്ദിനെ രണ്ടാമതു വിവാഹം കഴിച്ചത്്. ഇതിനിെയാണാണ് അഞ്ജുവിന്റെ പേര് മണിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്.

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു അത്. മണി മരിക്കുന്നതിന്റെ തലേദിവസം രാത്രി അഞ്ജു പാഡിയിൽ എത്തിയിരുന്നുവെന്നായിരുന്നു ആരോപണം.