ലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചതിൽ ദുഃഖമുണ്ടെന്ന് നടി അഞ്ജു അരവിന്ദ്. ഒരു അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചതാണ് .മണിച്ചേട്ടൻ എനിക്ക് ഫ്ളാറ്റ് വാങ്ങി തന്നു പറയുന്നു എന്നത് തെറ്റാണ് .രണ്ടേകാൽ വർഷം മുമ്പാണ് ഞാൻ ഫ്ളാറ്റ് വാങ്ങിയത്. രേഖകൾ പരിശോധിച്ചാൽ മനസിലാകുമെന്നും അഞ്ജു പറയുന്നു.

മണിച്ചേട്ടനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം അവസാനമായി ചെയ്ത സ്റ്റേജ് ഷോയിലും താൻ പങ്കെടുത്തിട്ടുണ്ട്. കൊച്ചിയിൽ ഫ്‌ലാറ്റ് വാങ്ങിയപ്പോൾ സഹായിച്ചത് മണിയാണ്. സിനിമയിൽ അവസരം കുറഞ്ഞതോടെ ഫ്‌ലാറ്റിന്റെ ലോൺ അടയ്ക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് വന്നു. അക്കാര്യം അറിഞ്ഞ മണി പിന്നീട് വന്ന ഷോകളിൽ എല്ലാം തനിക്ക് അവസരം നൽകിയിരുന്നു. ഇക്കാര്യത്തിൽ മറയ്ക്കാനൊന്നുമില്ല. എന്നായിരുന്നു ഒരു അഭിമുഖത്തിൽ അഞ്ജു വ്യക്തമാക്കിയിരുന്നത്.

നാടൻ പാട്ടിനൊപ്പം ഞാൻ നൃത്തം ചെയ്യുമെന്ന് തന്നെ മണിച്ചേട്ടൻ വിശ്വസിച്ചിരുന്നില്ല. ക്ലാസിക് ഡാൻസറായ തനിക്ക് ഒരിക്കൽ അത്തരത്തിൽ നൃത്തം ചെയ്യേണ്ടിവന്നെന്നും അതു കണ്ടിട്ടാണ് പിന്നീട് ആറോളം വേദിയിൽ തന്നെ നൃത്തം ചെയ്യാൻ വിളിച്ചതെന്നും അഞ്ജു പറയുന്നു.

മരിക്കുന്നതിന് ആറുമാസം മുമ്പാണ് മണിച്ചേട്ടനെ അവസാനമായി കണ്ടത് .മരിക്കുന്ന സമയം സഹോദരന്റെ ഗൃഹപ്രവേശം നടക്കുകയായിരുന്നതിനാൽ അവിടെയായിരുന്നു. എന്നിട്ടും പാഡിയിൽ ഉണ്ടായിരുന്നുവെന്നും വാർത്ത ഉണ്ടായിരുന്നു.  മാഗസീനുകൾ ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചത് ഞെട്ടിക്കുന്നതാണ്. ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുകയാണിത്. അഞ്ജു പറയുന്നു.

കുറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചാൽ ഗോസിപ്പ് ഇറങ്ങുന്ന നാടാണ് കേരളം. അക്ഷരം എന്ന ചിത്രത്തിലൂടെ ഞങ്ങൾ ഒരുമിച്ചാണ് അഭിനയ രംഗത്ത് എത്തുന്നത്. അതുകൊണ്ടാകാം വിവാദങ്ങളിൽ തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതെന്നും അഞ്ജു പറയുന്നു.