ബെംഗളൂരു: ടോക്യോ ഒളിമ്പിക് ഹോക്കിയിൽ 41 വർഷത്തിനു ശേഷം മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗവും ഗോൾകീപ്പറുമായ പി.ആർ ശ്രീജേഷിന് അർഹിക്കുന്ന ആദരം നൽകാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്.

വെങ്കല മെഡൽ ജേതാവ് പി ആർ ശ്രീജേഷിനോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനം നിരാശപ്പെടുത്തി. 'പാരിതോഷികം പ്രഖ്യാപിക്കാൻ സർക്കാർ മടിക്കുന്നതെന്തിനാണ്. തന്റെ കാലത്തും ഇതു തന്നെയായിരുന്നു സമീപനം' എന്നും അഞ്ജു ബോബി ജോർജ് ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു.

ശ്രീജേഷിന് അർഹിക്കുന്ന ആദരം കിട്ടിയില്ലെന്നത് സത്യമാണ്. ലോക ചാമ്പ്യൻഷിപ്പ് മെഡൽ കിട്ടിയപ്പോൾ തന്നോടും കാണിച്ചത് ഇതേ സമീപനമാണെന്നു പറഞ്ഞ അഞ്ജു അന്ന് ഖജനാവ് കാലിയാണെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞതെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ ഈ സമീപനം മാറണമെന്ന് പറഞ്ഞ മുൻ താരം മെഡൽ നേട്ടം അഭിമാനമാണെന്ന് കേരളത്തിന് തോന്നണമെന്നും ചൂണ്ടിക്കാട്ടി. ഒളിമ്പിക് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമംഗം ശ്രീജേഷിന് സംസ്ഥാന സർക്കാർ അർഹിക്കുന്ന അംഗീകാരം നൽകാത്തതിനെതിരേ വിവിധ കോണുകളിൽനിന്നു വിമർശനം ഉയരുന്നതിനിടെയാണ് അഞ്ജു ബോബി ജോർജിന്റെ പ്രതികരണം.

ഗോൾകീപ്പർ ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയതും ഒടുവിൽ വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ തകർത്ത് കിരീടം നേടിയതും. ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ നിർണായകമായത് ഗോൾപോസ്റ്റിന് കീഴെ ശ്രീജേഷിന്റെ മിന്നും സേവുകളായിരുന്നു. ജർമനിക്കെതിരായ പോരാട്ടത്തിൽ മത്സരം പൂർത്തിയാവാൻ ആറ് സെക്കൻഡ് മാത്രം ബാക്കിനിൽക്കേ ഐതിഹാസിക സേവുമായി ഇന്ത്യക്ക് മലയാളി താരം മെഡൽ സമ്മാനിക്കുകയായിരുന്നു.

ഹോക്കി കേരള ശ്രീജേഷിന് അഞ്ചു ലക്ഷം രൂപയും ടീമിന് അഞ്ചു ലക്ഷം രൂപയും പ്രഖ്യാപിച്ചതൊഴിച്ചാൽ മറ്റൊരു പുരസ്‌കാരവും സംസ്ഥാനം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ബി.സി.സിഐ ഹോക്കി ടീമിന് 1 കോടി 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഒളിംപിക്സ് വെങ്കലനേട്ടം സ്വന്തമായി ദിവസങ്ങളായിട്ടും സംസ്ഥാന സർക്കാർ പി ആർ ശ്രീജേഷിനുള്ള പാരിതോഷികം പ്രഖ്യാപിക്കാൻ വൈകുന്നത് വലിയ വിമർശനം നേരിടുകയാണ്. അതേസമയം മറ്റ് സംസ്ഥാനങ്ങൾ താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ വിവാദത്തിൽ പ്രതികരിക്കാനില്ലെന്നാണ് ശ്രീജേഷിന്റെ പ്രതികരണം.

സംസ്ഥാന സർക്കാരിനെതിരെ ആക്ഷേപം ശക്തമായിരിക്കുന്നതിനിടെ ഒളിംപിക് മെഡലുമായി ശ്രീജേഷ് ചൊവ്വാഴ്ച നാട്ടിലെത്തും. വൈകിട്ട് അഞ്ച് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും. സംസ്ഥാന സ്പോർട്സ് കൗൺസിൽ, ഒളിംപിക് അസോസിയേഷൻ, ഹോക്കി അസോസിയേഷൻ എന്നിവയുമായി ചേർന്നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. കായിക മന്ത്രി വി അബ്ദുറഹ്‌മാൻ നേരിട്ടെത്തും. ജന്മനാടായ കിഴക്കമ്പലത്തും ശ്രീജേഷിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. അതേസമയം ശ്രീജേഷിനുള്ള പാരിതോഷികം സംസ്ഥാനം പ്രഖ്യാപിച്ചേക്കും.