കൊച്ചി: ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് കസ്റ്റംസിൽ നിന്നും സ്വയം വിരമിക്കൽ തേടി. അഞ്ജു ബിജെപിയിൽ ചേരുമെന്നാണ് സൂചന. ബിജെപിയുടെ നോമിനേറ്റഡ് അംഗമായി അഞ്ജു രാജ്യസഭയിൽ എത്താനും സാധ്യതയുണ്ട്. നേരത്തെ സച്ചിൻ തെണ്ടുൽക്കറും ഇങ്ങനെ രാജ്യസഭയിൽ എത്തിയിരുന്നു. നേരത്തെ ബിജെപിയുടെ കർണ്ണാടകയിലെ പരിപാടിയിൽ അഞ്ജു പങ്കെടുത്തിരുന്നു. എന്നാൽ അന്ന് രാഷ്ട്രീയ പ്രവേശനം നിഷേധിക്കുകയും ചെയ്തു. അഞ്ജു ജോലിയിൽ നിന്ന് വിരമിക്കൽ നേടിയതോടെ വീണ്ടും ചർച്ച സജീവമാകുകയാണ്.

ലോങ് ജംപ് താരം അഞ്ജു ബോബി ജോർജ് അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനമുയർത്തിയ വ്യക്തിത്വമാണ്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടമെട്ട അപൂർവ റെക്കോർഡും അവർക്ക് സ്വന്തമാണ്. ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും നേട്ടങ്ങൾ കൈവരിച്ച മികച്ച മലയാളി അത്‌ലറ്റാണ് അഞ്ജു. ക്രൈസ്തവരെ ബിജെപിയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് അഞ്ജുവിനെ ബിജെപിയിൽ എത്തിക്കാനുള്ള കരുനീക്കങ്ങൾ പരിവാർ സംഘടനകൾ നടത്തിയത്. വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സഹോദരന്റെ ഭാര്യയാണ് അഞ്ജു. ഇതും ബിജെപിയുടെ നീക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. മലബാറിൽ ഏറെ സ്വാധീനമുള്ള ക്രൈസ്തവ കുടുംബമാണ് ജിമ്മി ജോർജിന്റേത്.

മാസങ്ങൾ കഴിയുമ്പോൾ കേരളത്തിൽ തെരഞ്ഞെടുപ്പാണ്. അഞ്ജുവിനെ പോലൊരു കായികതാരം ബിജെപിയിൽ എത്തുന്നത് കേരളത്തിലെ ന്യൂനപക്ഷങ്ങൾ അടുപ്പിക്കുമെന്നാണ് ബിജെപി വിലയിരുത്തൽ. കേന്ദ്രമന്ത്രി അമിത് ഷായാണ് ഇതിനുള്ള ചരടു വലികൾ നടത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീശാന്തിനെ ബിജെപിയിൽ എ്ത്തിച്ച് അമിത് ഷാ ഞെട്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ ബിജെപിയുടെ ഭാഗമാകുമെന്ന രണ്ടാമത്തെ മലയാളി അന്താരാഷ്ട്ര കായികതാരമാണ് അഞ്ജു. സുരേഷ് ഗോപിയെ സിനിമാ മേഖലയിൽ നിന്ന് ബിജെപിയിൽ എത്തിച്ചിരുന്നു. രാജ്യസഭയിലെ നോമിനേറ്റഡ് പ്രതിനിധിയാണ് സുരേഷ് ഗോപി.

ഈ മാതൃകയിൽ അഞ്ജുവിനേയും രാജ്യസഭയിൽ എത്തിക്കും. അല്ലാത്ത പക്ഷം കർണ്ണാടകയിലെ അടുത്ത് ഒഴിവു വരുന്ന സീറ്റ് അഞ്ജുവിന് നൽകും. കുറച്ചു ദിവസം മുമ്പ് ജനിക്കുമ്പോൾ തന്നെ തനിക്ക് ഒരു വൃക്കയേ ഉണ്ടായിരുന്നുള്ളൂവെന്ന് വെളിപ്പെടുത്തിയിരുന്നു അഞ്ജു ബോബി ജോർജ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 'വിശ്വസിച്ചാലും ഇല്ലെങ്കിലും... ഒരു വൃക്കയുമായി ജീവിച്ചിട്ടും ഈ നേട്ടങ്ങളൊക്കെയും കൈവരിക്കാൻ ഭാഗ്യം ലഭിച്ചയാളാണ് ഞാൻ,' അഞ്ജു ട്വിറ്ററിൽ കുറിച്ചു. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര അത്‌ലറ്റിക് ഫെഡറേഷൻ, കായികമന്ത്രി കിരൺ റിജിജു എന്നിവരെ ഈ ട്വീറ്റിൽ അഞ്ജു ബോബി ജോർജ് ടാഗ് ചെയ്തിട്ടുണ്ട്. കിരൺ റിജിജു താരത്തെ അഭിനന്ദിക്കുകയും ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതെല്ലാം ബിജെപിയോടുള്ള അഞ്ജുവിന്റെ അടുപ്പം കാരണമായിരുന്നുവെന്നാണ് വിലയിരുത്തൽ.

ഒരു വൃക്ക മാത്രമാണ് തനിക്കുള്ളതെന്ന് സ്‌കാനിങിലൂടെയാണ് മനസ്സിലായത്. ലോകത്ത് തന്നെ ഇത്തരം അത്‌ലറ്റുകൾ അപൂർവമാണ്. തനിക്ക് വേദനസംഹാരികൾ അലർജിയാണെന്നും എന്നിട്ടും പരിമിതികളെ മറികടക്കാൻ സാധിച്ചുവെന്നും അഞ്ജു കുറിച്ചു. നേട്ടങ്ങൾക്ക് പിന്നിൽ ഭർത്താവും പരിശീലകനുമായ റോബർട്ടിന് വലിയ പങ്കുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ ചർച്ചകളിലെ താരമായ ശേഷമാണ് വിരമിക്കലും നേടുന്നത്. ഈ ട്വീറ്റിന് മുമ്പ് തന്നെ അഞ്ജു കസ്റ്റംസിൽ വിരമിക്കലിന് അപേക്ഷ നൽകിയിരുന്നു. അത് അംഗീകരിക്കപ്പെട്ടത് ഇപ്പോഴാണ്.

2003ൽ പാരീസിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പിൽ വെങ്കലം നേടിയതോടെ അഞ്ജു പ്രശസ്തയായി. ഇതോടെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു. അന്ന് അഞ്ജു ചാടിയത് 6.70 മീറ്ററാണ്. 2005-ൽ നടന്ന ഐ.എ.എ.എഫ് വേൾഡ് അത്ലറ്റിക്‌സ് ഫൈനലിൽ വെള്ളി നേടിയതും അഞ്ജുവിന്റെ എടുത്തു പറയത്തക്ക നേട്ടമാണ്. ഇതു തന്റെ ഏറ്റവും നല്ല പ്രകടനമായി അഞ്ജുവും കരുതുന്നു. സ്വർണം നേടിയ റഷ്യൻ താരം ഉത്തേജക മരുന്ന് കഴിച്ചത് തെളിഞ്ഞതിനാൽ 2014 ൽ അഞ്ജുവിന്റെ നേട്ടം സ്വർണ്ണ മെഡലായി ഉയർത്തുകയുണ്ടായി.

കേരളത്തിലെ ചങ്ങനാശ്ശേരിയിലെ ചീരഞ്ചിറ കൊച്ചുപറമ്പിൽ കുടുംബത്തിൽ 1977 ഏപ്രിൽ 19-നാണ് അഞ്ജു ജനിച്ചത്. അമമ േ്രഗസിയാണ്. പിതാവായ കെ.ടി. മർക്കോസ് ആണ് കായികരംഗത്തേക്ക് അഞ്ജുവിനുള്ള വഴി തുറന്നു കൊടുത്തത്. പിന്നീട് കോരുത്തോട് ഹൈസ്‌കൂളിലെ കായികാധ്യാപകനായിരുന്ന കെ.പി. തോമസ് മാഷായിരുന്നു പരിശീലകൻ. കോരുത്തോട് സി.കേശവൻ സ്മാരക ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം അഞ്ജു തൃശ്ശൂർ,വിമല കോളേജിൽ പഠനം തുടർന്നു.

1992-ൽ നടന്ന സ്‌കൂൾ കായികമേളയിൽ 100മീ ഹഡിൽസ്, ലോംഗ്ജമ്പ്, ഹൈജമ്പ്, റിലെ എന്നിവയിൽ സമ്മാനാർഹയാകുകയും ഏറ്റവും നല്ല വനിതാതാരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എങ്കിലും അഞ്ജു ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ആ വർഷം തന്നെ നടന്ന ദേശീയ സ്‌കൂൾ കായികമേളയിൽ 100മീ ഹഡിൽസിലും,4ഃ100മീ റിലെയിലും സമ്മാനം നേടിയതോടെയാണ്. വിമല കോളേജിൽ പഠിക്കുന്ന സമയത്ത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കായിക ചാമ്പ്യനുമായിരുന്നു. പിന്നീട് ദേശീയ തലത്തിൽ നേട്ടം കൊയ്യുന്ന താരമായും മാറുകയായിരുന്നു.