സൂറിച്ച്: ലോക അത്ലറ്റിക്‌സ് സംഘടനയുടെ വുമൺ ഓഫ് ദ് ഇയർ പുരസ്‌കാരം ഒളിംപ്യൻ അഞ്ജു ബോബി ജോർജിന്. കായികരംഗത്തു നിന്ന് വിരമിച്ചതിനുശേഷം ഇന്ത്യൻ അത്‌ലറ്റിക്‌സിനും സ്ത്രീശാക്തീകരണത്തിനും നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

അഞ്ജു ബോബി ജോർജ് അക്കാഡമിയിലെ ശൈലി സിങ്, ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ മെഡൽ നേടിയതും കണക്കിലെടുത്തതായി പുരസ്‌കാര നിർണയ സമിതി അറിയിച്ചു. അഞ്ജുവിന്റെ നേട്ടങ്ങൾ ഇന്ത്യയിലെ വനിതകൾക്ക് അവരുടെ കാൽപ്പാടുകൾ പിന്തുടർന്ന് കായികരംഗത്തെത്താൻ പ്രചോദനമായതായി ലോക അത്ലറ്റിക്‌സ് ട്വീറ്റിൽ വ്യക്തമാക്കി.

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ് ജമ്പിൽ അഞ്ജു ബോബി ജോർജ് വെങ്കല മെഡൽ നേടിയിട്ടുണ്ട്. ഇപ്പോൾ, ബെംഗളൂരു കേന്ദ്രമായി അത്ലറ്റിക്സ് അക്കാദമി സ്ഥാപിച്ച് 2016 മുതൽ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റാണ്.

തുടർച്ചയായി ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ച ഏക ഇന്ത്യൻ കായികതാരവും കോമൺ വെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കായികതാരവും അഞ്ജുവാണ്.

ലോക അത്‌ലറ്റിക് സംഘടനയുടെ വുമൺ ഓഫ് ദ് ഇയർ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് അഞ്ജു വ്യക്തമാക്കി. രാജ്യത്തെ പെൺകുട്ടികളെ ശാക്തീകരിക്കാനും കായികരംഗത്തെ പുതിയ പാഠങ്ങൾ അവർക്ക് പകർന്നു നൽകാനും കഴിയുന്നതിൽപരം സന്തോഷം മറ്റൊന്നുമില്ലെന്നും അഞ്ജു പറഞ്ഞു.

400 മീറ്ററിലെ ഒളിംപിക് ചാംപ്യൻ നോർവ്വെയുടെ കാർസ്റ്റൻ വാർഹോം മികച്ച പുരുഷ അത്ലറ്റായും, 100 മീറ്ററിലെ ഒളിംപിക് ചാംപ്യൻ എലെയിൻ തോംസൺ മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു.