തിരുവനനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി മുൻ അത്‌ലറ്റ് അഞ്ജു ബോബി ജോർജിനെ തിരഞ്ഞെടുത്തു. ടി.കെ. ഇബ്രാഹിം കുട്ടിയാണ് വൈസ് പ്രസിഡന്റ്. കായികതാരങ്ങളായ ടോം ജോസഫ്, പ്രീജാ ശ്രീധരൻ എന്നിവർ അഡ്‌മിനിസ്‌ട്രേറ്റീവ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിലുള്ള പ്രസിഡന്റായ പത്മിനി തോമസ്, ഫെൻസിങ് അസോസിയേഷൻ പ്രതിനിധിയായി തുടരും. ജില്ലാ സ്പോർട്സ് കൗൺസിലുകൾ കോടതി വിധിക്ക് അനുസൃതമായി പുനഃസംഘടിപ്പിക്കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. പ്ത്മിനി തോമസുമായി കായിക മന്ത്രിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അഞ്ജു ബോബി ജോർജിന്റെ നിയമനം.

ഇന്ത്യൻ കണ്ട ഏറ്റവും മകിച്ച ലോംഗ് ജമ്പ് താരമായിരുന്നു അഞ്ജു ബോബി ജോർജ്ജ്. 2003ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പിൽ വെങ്കലം നേടിയതോടെ പ്രശസ്തയായി. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു. അന്ന് അഞ്ജു ചാടിയത് 6.70 മീറ്ററാണ്.

2005ൽ നടന്ന ഐ.എ.എ.എഫ് വേൾഡ് അത്‌ലറ്റിക്‌സ് ഫൈനലിൽ വെള്ളി നേടിയതും അഞ്ജുവിന്റെ എടുത്തു പറയത്തക്ക നേട്ടമാണ്. ഇതു തന്റെ ഏറ്റവും നല്ല പ്രകടനമായി അവർ കരുതുന്നു. സ്വർണം നേടിയ റഷ്യൻ താരം ഉത്തേജക മരുന്ന് കഴിച്ചത് തെളിഞ്ഞതിനാൽ 2014 ൽ അഞ്ജുവിന്റെ നേട്ടം സ്വർണ്ണ മെഡലായി ഉയർത്തുകയുണ്ടായി.