തിരുവനന്തപുരം: ഇന്നലെ ഇ പി ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ട്രോളന്മാർ സജീവമായി രംഗത്തിറങ്ങിയിരുന്നു. മിക്കവരും പറഞ്ഞത് അഞ്ജുവിന്റെ പ്രതികാരം എന്നാായിരുന്നു. സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോർജ്ജിനെ അനധികൃത നിയമനം നടത്തിയെന്ന പേരിൽ പുറത്താക്കിയ മന്ത്രിക്ക് തക്കശിക്ഷ കിട്ടിയെന്നാണ് സോഷ്യൽ മീഡിയ വിധയെഴുതിയത്. അഞ്ജുവിന് വിനയായത് സഹോദരന്റെ നിയമനം ആണെങ്കിൽ ജയരാജന് വിനയായത് ഭാര്യാ സഹോദരിയുടെ മകന്റെ നിയമനം ആയിരുന്നു. എന്തായാലും അഞ്ജു പ്രാർത്ഥിക്കുന്ന പള്ളിയേത് എന്നായിരുന്നു സോഷ്യൽ മീഡിയ ഇന്നലെ മുതൽ ഉന്നയിച്ച ചോദ്യം. ഇതിനെ എന്തായാലും അഞ്ജു തന്നെ ഒടുവിൽ മറുപടി നൽകി.

എന്തായാലും ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് അഞ്ജു ഒരു കാര്യം പറഞ്ഞു. ഇത് താൻ പ്രാർത്ഥിക്കുന്ന പള്ളിയെ കുറിച്ചായിരുന്നു. 'കാര്യങ്ങൾക്ക് എന്തൊരു സ്പീഡാ... അഞ്ജു പ്രാർത്ഥിക്കാൻ പോകുന്ന ആ പള്ളി ഏത്...?' എന്ന് നിരന്തരമായി സോഷ്യൽ മീഡിയ ചോദിച്ചപ്പോൾ ഉത്തരമായി അഞ്ജു പറഞ്ഞത് കോട്ടയം പുതുപ്പള്ളിയിലെ പള്ളിയാണെന്നാണ് മറുപടി നൽകിയത്. ഈ പള്ളിയിലെ ഏറ്റവും പ്രഗത്ഭനായ കുഞ്ഞാട് മറ്റാരുമല്ല. അതു മുൻ മുഖ്യമന്ത്രി സാക്ഷാൽ ഉമ്മൻ ചാണ്ടിയാണ്. മന്ത്രിയെ വിവാദങ്ങൾ പിടിമുറുക്കിയതു മുതൽ ഗൂഗിളിലൂടെ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞത് തന്റെ പള്ളി ഏതാണ് എന്നതാണെന്നും അഞ്ജു പറയുന്നു.

എന്തായാലും ജയരാജന്റെ രാജിയോടെ അഞ്ജുവാണ് സോഷ്യൽ മീഡിയയുടെ താരമാകുന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്നു പന്ത്രണ്ടാം പക്കം പിണറായിയുടെ വലംകയ്യായ ഇ.പി.ജയരാജനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു അഞ്ജു ബോബി ജോർജ്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ കായികമന്ത്രിയുമായി ചർച്ചയ്‌ക്കെത്തിയ തന്നെ അഴിമതിക്കാരിയായി ചിത്രീകരിച്ച് അപമാനിച്ച് ഇറക്കി വിടുകയായിരുന്നു എന്ന് അഞ്ജു അന്ന് പറഞ്ഞത്. എന്നാൽ ഇപിയുടെ ഭാഗത്താണ് ശരിയെന്ന് പലരും വിശ്വസിച്ചു.

അഞ്ജുവിനോടു കാര്യങ്ങൾ ചോദിക്കുക മാത്രമാണുണ്ടായതെന്നു പറഞ്ഞു ജയരാജന്റെ തടി രക്ഷിച്ച പിണറായി പോലും ഇത്തവണ കണ്ണൂരിലെ സഹയാത്രികനെ രക്ഷിക്കാനുണ്ടായില്ല. മന്ത്രിപദത്തിൽ ഇ.പി.ജയരാജന്റെ മുഖത്തേറ്റ ആദ്യ കളങ്കമായിരുന്നു അഞ്ജുവിന്റെ നേതൃത്വത്തിലുള്ള സ്പോർട്സ് കൗൺസിൽ ഭരണ സമിതിയുടെ നിലപാടുകൾ. കൗൺസിൽ സാരഥ്യത്തിൽ നിന്നു രാജിവച്ച് ഇറങ്ങിയതിനു പിന്നാലെ അഞ്ജു തന്നെ വിജിലൻസ് ഡയറക്ടർക്കു പരാതി നൽകി.

സ്പോർട്സ് കൗൺസിലിലെ കഴിഞ്ഞ പത്തു വർഷത്തെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് അഞ്ജു ആവശ്യപ്പെട്ടപ്പോൾ, ഉന്നം വച്ചത് മുൻ കൗൺസിൽ പ്രസിഡന്റു കൂടിയായ ടി.പി.ദാസനെയായിരുന്നു. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് ദാസന്റെ നേതൃത്വത്തിലുള്ള സ്പോർട്സ് ലോട്ടറി നടത്തിപ്പിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നതിനിടയിൽ ദാസനെ തന്നെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിച്ചാണു ജയരാജൻ കൂറു കാട്ടിയത്. എന്തായാലും അഞ്ജുവിന്റെ പ്രാർത്ഥന ഫലിച്ചു എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.

എന്തായാലും അഞ്ജുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരവും. അഞ്ജുവിന്റെയും ജയരാജന്റെയും ചിത്രങ്ങൾ സഹിതമുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് ഇന്നലെ പ്രചരിച്ചത്. ഇ.പി ജയരാജനെ ആഘോഷമാക്കുകയും ചെയ്തു ട്രോളർമാർ. ബോക്‌സിങ്ങ് ഇതിഹാസം മുഹമ്മദ് അലിയെ കേരളത്തിന്റെ സ്വന്തം മുഹമ്മദ് അലിയെന്ന് വിശേഷിപ്പിച്ച ജയരാജനെ കുറച്ചൊന്നുമായിരുന്നില്ല ട്രോളർമാർ വെള്ളം കുടിപ്പിച്ചിരുന്നത്. ജയരാജൻ ബന്ധുത്വ വിവാദത്തിൽ അകപ്പെട്ടതോടെ ട്രോളർമാർ ഒരിക്കൽ കൂടെ ഉയർത്തെഴുന്നേൽക്കുകയായിരുന്നു. ഒടുവിൽ വിവാദം രാജിയിലേക്ക് കൂടെയെത്തിയതോടെയാണ് ജയരാജനെ ഒരിക്കൽ കൂടെ ആഘോഷിച്ച് കൊണ്ട് ട്രോളർമാർ കൂട്ടത്തോടെ രംഗത്തെത്തിയത്.