തിരുവനന്തപുരം: സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം ഒളിമ്പ്യാൻ അഞ്ജു ബോബി ജോർജ്ജ് ഇന്ന് രാജിവച്ചേക്കും. രാജിക്ക് മുന്നോടിയായി ഇന്ന് ഉച്ചയോട് അഞ്ജു വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ അവർ രാജിക്കാര്യം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. സ്പോർട്സ് കൗൺസിൽ യോഗത്തിൽ അഞ്ജു ഇക്കാര്യം ഔദ്യോഗികമായി സർക്കാരിനെ അറിയിക്കും. കൂടാതെ കൗൺസിലിന്റെ പത്തുവർഷത്തെ ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ഇക്കാര്യത്തിൽ പ്രമേയം അവതരിപ്പിക്കുമെന്നും സൂചനകളുണ്ട്. അഞ്ജുവിനെ പിന്തുണച്ച് ടോം ജോസഫും രാജിവച്ചേക്കുമെന്ന സൂചനയുണ്ട്.

തനിക്കെതിരായ ആരോപണങ്ങൾ അപ്രതീക്ഷിതമാണെന്ന് അഞ്ജു ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ അപ്രതീക്ഷിതമായിരുന്നെന്ന് അഞ്ജു ബോബി ജോർജ് മാദ്ധ്യമങ്ങളോട് ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങൾ പുകമറയായിരുന്നു. തന്റെ കൈകൾ ശുദ്ധമാണെന്നും അവർ പറഞ്ഞു.

പുതിയ കായിക മന്ത്രിയായി ചുമതലയേറ്റ ഇ.പി ജയരാജനെ കാണാൻ എത്തിയതാണ് അഞ്ജുബോബി ജോർജിന്റെ രാജിയിലേക്ക് കലാശിച്ച സംഭവങ്ങൾക്ക് തുടക്കമായത്. അഞ്ജു അടക്കം സ്പോർട്സ് കൗൺസിലിൽ എല്ലാവരും അഴിമതിക്കാരും പാർട്ടിവിരുദ്ധരുമാണെന്ന് ആരോപിച്ച് മന്ത്രി തട്ടിക്കയറിയെന്നാണ് അഞ്ജു മാദ്ധ്യമങ്ങളോട് മന്ത്രിയുമായുള്ള സന്ദർശനത്തെക്കുറിച്ച് വ്യക്തമാക്കിയത്. കൂടാതെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായ അഞ്ജു ആരോട് ചോദിച്ചിട്ടാണ് ബാംഗ്ലൂരിൽ നിന്നും വരാൻ വിമാനടിക്കറ്റ് ചാർജ് എഴുതി എടുക്കുന്നതെന്നും മന്ത്രി ഇ.പി ജയരാജൻ ചോദിച്ചിരുന്നു.

അഞ്ജു രാജിവച്ചാൽ നിലവിലെ ഭരണസമിതി പിരിച്ചു വിടാൻ സർക്കാർ തയ്യാറായേക്കുമെന്ന സൂചനയുണ്ട്. നിലവിലുള്ള ഭരണസമിതി അംഗങ്ങൾ നോമിനേറ്റഡ് അംഗങ്ങളാണ്. ഇതിനുപകരം ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന രീതി കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. കായിക നയം ഭേദഗതി ചെയ്താകും സർക്കാർ നടപടി. ഇതിനായി തിരക്കിട്ട നീക്കങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. നാമനിർദ്ദേശത്തിന് പകരം തെരഞ്ഞെടുപ്പിലൂടെ സ്പോർട്സ് കൗൺസിൽ അംഗങ്ങളെ നിശ്ചയിക്കുന്നതിന് നിയമം കൊണ്ടുവരാനാണ് സർക്കാർ നീക്കം.

നാമനിർദ്ദേശത്തിലൂടെയാണ് അഞ്ജു ബോബി ജോർജ്ജ് പ്രസിഡന്റായ സ്പോർട്സ് കൗൺസിൽ ഭരണസമിതിയെ നിശ്ചയിച്ചത്. നാമനിർദ്ദേശത്തിലൂടെ അംഗങ്ങളെ നിശ്ചയിക്കുന്ന രീതി, നിയമഭേദഗതിയിലൂടെ യുഡിഎഫ് സർക്കാരാണ് ആരംഭിച്ചത്. ഇതിനു പകരം, പഴയ രീതിയിൽ സ്പോർട്സ് കൗൺസിൽ പുനഃസംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.