- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പെറ്റ്‌സിനെ കൂടെ കൂട്ടിയാൽ മാത്രമേ നാട്ടിൽ വരൂ എന്ന ശാഠ്യം; യുദ്ധഭൂമിയിൽ ഹലാൽ ഷവർമ്മ തേടി നടന്ന് ഷഹീദ് ആവുമോ എന്ന മണ്ടത്തരം; പുതപ്പ് കിട്ടിയില്ലെന്ന കുഞ്ഞ് ആവലാതി; ഇവരൊക്കെ പഠിക്കുന്നത് മെഡിസിൻ എന്ന കാഴ്സ് തന്നെ ആണോ? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
വിദ്യാഭ്യാസം കൊണ്ടു് നേടിയെടുക്കുവാൻ കഴിയുന്ന ഒന്നല്ല വകതിരിവ്, സിവിക് സെൻസ്, കോമൺ സെൻസ് എന്നൊക്കെ വീണ്ടും വീണ്ടും തെളിയിക്കുകയാണ് നമ്മുടെ പുത്തൻ തലമുറ. ഉന്നത വിദ്യാഭ്യാസം നേടാൻ (അതും മെഡിക്കൽ സയൻസ് പോലുള്ളവ) വിദേശത്ത് പോയ നമ്മുടെ കുഞ്ഞുങ്ങളിൽ കുറേപ്പേരെങ്കിലും അവരുടെ ശാഠ്യവും നിർബന്ധബുദ്ധിയും സ്വാർത്ഥതയും പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് എങ്ങോട്ടാണ് ഈ കുഞ്ഞുങ്ങളുടെ പോക്ക് എന്നു മുതിർന്നവരെ കൊണ്ടു് പറയിപ്പിക്കുന്നുണ്ട്.
അടിയന്തരസാഹചര്യമുള്ള ഒരു യുദ്ധ ഭൂമിയിൽ അകപ്പെട്ട കുഞ്ഞുങ്ങൾ ഒരു വശത്ത് തങ്ങളുടെ ദൈന്യതയും വേവലാതിയും യാഥാർത്ഥ്യ ബോധത്തോടെ വിളിച്ചുപ്പറയുമ്പോൾ, എങ്ങനെയെങ്കിലും അവിടെ നിന്നും ഏതെങ്കിലും ഒരു ബോർഡറിൽ എത്തിയാൽ മതിയെന്ന് ഈശ്വരനെ വിളിച്ചു പ്രാർതഥിക്കുമ്പോൾ മറുവശത്ത് സുരക്ഷിതമായി നാടെത്തിയ കുട്ടികൾ അതിൽ ആശ്വസിക്കുന്നതിന് പകരം ആവലാതികളുടെ ലിസ്റ്റും നീട്ടി വെറുപ്പിന്റെ രാഷ്ട്രീയം പുറത്ത് എടുക്കുന്നു. പെറ്റ്‌സിനെ കൂടെ കൂട്ടിയാൽ മാത്രമേ നാട്ടിൽ വരൂ എന്ന ശാഠ്യങ്ങളും യുദ്ധഭൂമിയിൽ ഹലാൽ ഷവർമ്മ തേടി നടന്ന് ഷഹീദ് ആവുമോ എന്ന മണ്ടത്തരവും പുതപ്പ് കിട്ടിയില്ലെന്ന കുഞ്ഞ് ആവലാതികളും ഒക്കെ കാണുമ്പോൾ ഇവരൊക്കെ പഠിക്കുന്നത് മെഡിസിൻ എന്ന ഉദാത്തമായ കോഴ്‌സ് തന്നെ ആണോയെന്ന് സംശയമാണ്.
ജീവനും കയ്യിൽ പിടിച്ച് ഓടുന്ന സമയത്ത് സാമാന്യ ബോധം ഉള്ളവൻ കാണിക്കുന്ന വിവേകം പോലും ഇല്ലാത്ത ചെയ്തികളിൽ ഏറ്റവും അമ്പരിപ്പിച്ചത് മലയാളി വിദ്യാർത്ഥിയിൽ നിന്നും വെടിയുണ്ട കണ്ടെടുത്തുവെന്ന വാർത്തയാണ്. ഉക്രൈനിൽ നിന്നും ഡൽഹി വരെ എത്തിയ ശേഷമാണ് വെടിയുണ്ട കണ്ടെത്തിയത് എന്നത് കാണിക്കുന്നത് ഒരു വിദേശ രാജ്യം നമ്മുടെ കുട്ടികളിൽ ചെലുത്തിയ വിശ്വാസം അവർ ഇന്ത്യ എന്ന ഐഡന്റിറ്റി പേറുന്നവർ ആയതുകൊണ്ടാണ്. ആ ഐഡന്റിറ്റിയോടു മറ്റൊരു വിദേശ രാജ്യത്തിന് തോന്നുന്ന വിശ്വാസം കൊണ്ടാണ് ചെക്കിങ് പോലും നടത്താതെ ഇന്ത്യൻ സ്റ്റുഡന്റ്‌സ് എന്ന ഒരൊറ്റ ലേബലിൽ കടത്തി വിട്ടത്. എന്നിട്ട് പകരം നമ്മൾ കാണിക്കുന്നത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന ഇത്തരം പേക്കൂത്തും.
നാട്ടിലേക്ക് വിമാന സൗകര്യം ഒരുക്കുന്നില്ലെന്ന് ആരോപിച്ച് യുക്രെയ്‌നിൽ നിന്നെത്തിയ നാല്പതു മലയാളി വിദ്യാർത്ഥികൾ ഡൽഹി വിമാനത്താവളത്തിൽ പ്രതിഷേധിച്ചുവെന്ന വാർത്തയും വീഡിയോയും ഇന്നലെ കണ്ടിരുന്നു. പുലർച്ചെ ഡൽഹിയിലെത്തിയിട്ടും കേരളത്തിലേക്കുള്ള വിമാന സൗകര്യം കേരള ഹൗസ് അധികൃതർ ഒരുക്കിയില്ലെന്നായിരുന്നു അവർ പരാതി പറഞ്ഞിരുന്നത്. അപ്പോൾ മനസ്സിൽ തോന്നിയത് ഇത്ര മാത്രം - തിന്നത് എല്ലിന്റെയിടയിൽ കുത്തുമ്പോൾ ഇത്രയ്ക്ക് പ്രശ്‌നം മനുഷ്യർക്ക് ഉണ്ടാകുമോ എന്നതാണു്. സുമിയിൽ നമ്മുടെ കുട്ടികൾ അതായത് ഇവരുടെ ഒക്കെ സഹോദരങ്ങൾ വെള്ളത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടി രക്ഷപ്പെടാൻ ദൈവത്തെ ഉള്ളുരുകി വിളിക്കുമ്പോൾ ഇവിടെ ഇതാ വെടിയുണ്ടകളെയും ഷെല്ലുകളെയും ഭയേെപ്പണ്ടതില്ലാത്ത സ്വന്തം രാജ്യത്ത് വന്ന് അസൗകര്യങ്ങളുടെ ലിസ്റ്റ് നീട്ടുന്നത്. ഡൽഹിയില് നിന്നും കേരളത്തിൽ ട്രെയിൻ മാർഗ്ഗവും എത്താം മക്കളേ. ആകാശയാത്രയാണ് ബെറ്റർ ഓപ്ഷൻ എന്ന് തോന്നുന്നത് നിങൾ മണ്ണിൽ ചവിട്ടി ശീലിക്കാൻ മറന്നതുകൊണ്ടാണ്.
ഏറ്റവും നോബിൾ ആയ ഒരു പ്രൊഫഷൻ പഠിക്കാൻ പോയ കുട്ടികളാണ് നിങ്ങൾ. എന്നിട്ട് നിങ്ങൾ കാണിച്ചുക്കൂട്ടുന്ന കോപ്രായങ്ങൾ അതിനെ അപമാനിക്കുന്നതിന് തുല്യമാണ് കുഞ്ഞുങ്ങളേ. പുതപ്പ് കിട്ടാത്തത് വലിയ ആവലാതി ആവുന്ന, ഫ്‌ളൈറ്റ് ഒന്ന് വൈകിയാൽ പോലും അക്ഷമരായി തീരുന്ന നിങ്ങൾക്കു മുന്നിൽ നാളെ നിരന്നു നിൽക്കേണ്ടത് പ്രാരാബ്ധങ്ങൾ കാരണം രോഗിയാവേണ്ടി വരുന്ന വെറും സാധാരണക്കാരായ മനുഷ്യർ കൂടിയാണ്. നിങ്ങൾ സ്വായത്തമാക്കുന്നത് ഈ രീതിയിൽ അഹന്ത നിറഞ്ഞ,സാഹചര്യങ്ങളെ ഓവർകം ചെയ്യാൻ അറിയാത്ത തരം ready made professional degree ആണെങ്കിൽ ആ വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിൽക്കാനേ സാധാരണ മനുഷ്യർക്ക് കഴിയൂ.
The medical profession is considered to be one of the noblest professions. The word noble means that a doctor should have qualities like compassion, caring, giving, sharing, concern, helping, etc. ഇത് വെറും ഒരു ഡെഫിനിഷൻ അല്ല.ഓർമ്മപ്പെടുത്തൽ ആണ് നിങ്ങൾ ഓരോരുത്തരോടും.