- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
രമേഷ് പിഷാരടിയും ഉണ്ണി മുകുന്ദനും ലക്ഷ്മി പ്രിയയും കൃഷ്ണകുമാറും അവരുടെ രാഷ്ട്രീയം പറഞ്ഞാൽ വെട്ടുകിളിയാക്രമണം; പാർവ്വതിയും നിമിഷയും രാഷ്ട്രീയ ചായ് വ് ഉറക്കെപ്പറഞ്ഞാൽ അത് നിലപാട്; ഇടതുപക്ഷക്കാരുടെ ഇരട്ടത്താപ്പ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ഒട്ടും മനസ്സിലാവാത്ത ഒരു കാര്യമാണ്, അല്ല സംശയമാണ്. ഇവിടെ ഈ കേരളത്തിൽ ആശയസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഒരു കൂട്ടരുടെ മാത്രം പ്രിവിലേജാണോ എന്നത് . ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തിനൊപ്പമോ ഓരം ചേർന്നോ നടക്കുന്നവർക്ക് മാത്രം കല്പിച്ചരുളി കൊടുത്തിരിക്കുന്ന വരമാണത്. എതിർപക്ഷത്തുള്ളവർ അവരുടെ രാഷ്ട്രീയം ഉറക്കെപ്പറഞ്ഞാൽ, അവരുടെ വിശ്വാസം പറഞ്ഞാൽ ഒക്കെ മറുപക്ഷം വെട്ടുക്കിളിയാക്രമണം നടത്തുന്നു. ഫാസിസത്തിനെതിരെ നില്ക്കുന്നുവെന്നു പറയുന്നവർ തന്നെ തികഞ്ഞ ഫാസിസ്റ്റുകളായി, അസഹിഷ്ണുതാ വാദികളായി തീരുന്നു. ഒന്നല്ല; പല ഉദാഹരണങ്ങളുണ്ട്.
തുടക്കം സെലിബ്രിട്ടികളിൽ നിന്നു തന്നെയാകട്ടെ. തന്റെ രാഷ്ട്രീയ നിലപാടും ഇടതുപക്ഷ ചായ്വും ഉറക്കെ പറഞ്ഞ വ്യക്തിയാണ് ശ്രീ. മമ്മൂട്ടി . എന്നിട്ട് നാളിതു വരെ അദ്ദേഹത്തിനെതിരെ ഇതരരാഷ്ട്രീയ സംഘടനകളുടെ ഭാഗത്തു നിന്നും എന്ത് ആക്രമണമാണുണ്ടായിട്ടുള്ളത്. ? ഒന്നുമില്ല. കാരണം ഇടതുപക്ഷത്തിനില്ലാത്ത ഒന്ന് മറുചേരിക്ക് ഉണ്ട്. അതാണ് പ്രതിപക്ഷ ബഹുമാനം. എന്നാൽ മറിച്ച് ശ്രീ. മോഹൻലാലിന്റെ കാര്യമെടുക്കുക. പൊതുവേദിയിലൊരിടത്തും തന്റെ രാഷ്ട്രീയം അദ്ദേഹം നാളിതുവരെ പറഞ്ഞിട്ടില്ല. പക്ഷേ ചില പ്രസ്താവനകളുടെയോ അഭിപ്രായത്തിന്റെയോ പേരിൽ എത്രമാത്രം അദ്ദേഹം അപഹസിക്കപ്പെട്ടിട്ടുണ്ട് ഇവിടെ.
താൻ വിശ്വസിക്കുന്ന രാഷ്ട്രീയം തുറന്നു പറഞ്ഞ സുരേഷ് ഗോപിയോളം അപമാനിക്കപ്പെട്ട മറ്റൊരു കലാകാരനിവിടെ ഉണ്ടോ ? അടിമ ഗോപിയെന്നു കലാരംഗത്തെ മഹാന്മാർ വരെ അടച്ചാക്ഷേപിച്ചപ്പോൾ ഒരു വാക്ക് എതിർക്കാൻ സാംസ്കാരിക നായകർക്ക് നാവു പൊന്തിയോ ? ഇല്ല ! കോൺഗ്രസ്സ് സഹയാത്രികരായ ജഗദീഷും സലീം കുമാറും എത്രത്തോളം അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട് ഇവിടെ. അതിന്റെയൊരു നൂറിലൊരംശമെങ്കിലും മുകേഷോ ഇന്നസെന്റോ പരിഹസിക്കപ്പെട്ടോ? ഇല്ല . നടൻ കൃഷ്ണകുമാറിനൊപ്പം സൈബർ ബുള്ളിയിങ്ങിനു ഇരയാവുന്നുണ്ട് അവരുടെ കുടുംബം. അദ്ദേഹത്തിന്റെ പെൺമക്കളെ കളിയാക്കുവാൻ മുന്നിൽ നില്ക്കുന്നത് സ്ത്രീസുരക്ഷയ്ക്ക് മതിലു കെട്ടാൻ മുന്നിൽ നിന്നവരാണെന്നതാണ് ഏറ്റവും വലിയ ഐറണി. അദ്ദേഹം സ്ഥാനാർത്ഥിയായി നിന്നപ്പോൾ അദ്ദേഹത്തിന്റെ മക്കൾ ഇടുന്ന പോസ്റ്റുകൾക്കും വീഡിയോകൾക്കും താഴെ വരുന്ന കമന്റുകൾ കാണുമ്പോൾ കേരളം പ്രബുദ്ധ മലയാളികളുടെ നാട് എന്ന് വിളിച്ചവന്റെയൊക്കെ പ്രബുദ്ധത ഏതിലെന്നു മനസ്സിലാവും.
ഉണ്ണി മുകുന്ദൻ തന്റെ വിശ്വാസത്തെ ദ്യോതിപ്പിക്കുന്ന ഒരു പോസ്റ്റിട്ടാൽ ഉടനെ വരും കീഴാറ്റൂരന്മാർ ഓഞ്ഞ കമന്റുമായി .. മറിച്ച് ടിയാൻ തന്റെ ടൈം ലൈനിൽ പ്രചാരണം നടത്തുന്ന ചിത്രങ്ങൾ ഇട്ടപ്പോൾ ഉണ്ണി വന്നോ അവിടെ ? ബാലുശ്ശേരിയിൽ നടൻ ധർമ്മജൻ സ്ഥാനാർത്ഥിയായി നിന്നപ്പോൾ ഇടതുപക്ഷ ഗ്രൂപ്പുകളിൽ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇതേ ട്രോളുകൾ ഹാസ്യ നടനായ ഇന്നസെന്റ് നിന്നാൽ വരുമോ ? ഫല പ്രഖ്യാപനം വന്നപ്പോൾ ധർമ്മജനും കോൺഗ്രസ്സിനും വേണ്ടി പ്രചാരണം നടത്തിയ പിഷാരടിക്ക് നേരെയായി ട്രോളുകൾ . അതിൽ ഏറ്റവും അസഹ്യമായത് രമേഷ് പിഷാരടിയുടെ കുഞ്ഞിനെ വരെ ഉൾപ്പെടുത്തിയ ട്രോളുകളാണ്. ഇതൊന്നും ചോദ്യം ചെയ്യുന്ന ഒരു പൊളിറ്റിക്കൽ കറക്ട്നെസ്സുകാരെയും ഈ നിമിഷം വരെ കണ്ടിട്ടില്ല.
ഏറ്റവും ഒടുവിലായി ശ്രദ്ധയിൽ പെട്ട ഒന്നാണ് നടി ലക്ഷ്മിപ്രിയയ്ക്കെതിരെ നടക്കുന്ന സൈബർ ബുള്ളിയിങ്ങ്. അവർ അവരുടെ സ്വന്തം ടൈംലൈനിൽ അവരുടെ നിലപാട് വ്യക്തവും ശക്തവുമായി പറഞ്ഞു. ആ പോസ്റ്റിട്ടപ്പോൾ അതിൽ പൊട്ടുന്ന കുരുക്കളുടെ പേരല്ലേ അസഹിഷ്ണുത. ?നാഴികയ്ക്ക് നാല്പത് വട്ടം അഭിപ്രായസ്വാതന്ത്ര്യം ഞങ്ങളുടെ മതം എന്ന് വാവിട്ടലറുന്നവർക്ക് അവരുടെ അഭിപ്രായം കണ്ടിട്ട് സഹിക്കുന്നില്ലെങ്കിൽ അതിന്റെ പേരല്ലേ ഫാസിസം. ജനാധിപത്യ ഇന്ത്യയിൽ ഏതൊരാൾക്കും ഏതൊരു രാഷ്ട്രീയപ്രസ്ഥാനത്തിലും ആകൃഷ്ടനാകാനും സ്വീകരിക്കാനും റൈറ്റ് ഉണ്ടെന്നിരിക്കെ അവരുടെ സംഘനിലപാടിനോട് നിങ്ങൾക്കെന്തിന് ഈ അസഹിഷ്ണുത മനുഷ്യരേ ? സബീനാ ലത്തീഫ് പതിനെട്ടാം വയസ്സുമുതൽ ലക്ഷ്മി പ്രിയ ആയത് അവരുടെ വ്യക്തിപരമായ കാര്യമല്ലേ ? സനാതനധർമ്മത്തിൽ ആകൃഷ്ടയായി അതിന്റെ ഭാഗമായെങ്കിൽ അത് അവർക്ക് ഭരണഘടന നല്കിയ റൈറ്റ് - Right to freedom of Religion.
അഭിപ്രായ സ്വാതന്ത്ര്യം , ആശയ സ്വാതന്ത്ര്യം എന്നൊക്കെ ഉരുളയാക്കി ഉരുട്ടി നാലു നേരം മൃഷ്ടാന്നഭോജനം കഴിക്കുന്നവരാണ് ഒരു സ്ത്രീയുടെ പോസ്റ്റിനു കീഴേ പായ വിരിച്ചു കിടന്ന് അപഹസിക്കുന്നത്. ഇതാണോ നിങ്ങളുടെ സ്ത്രീപക്ഷവാദം. ? സ്ത്രീസുരക്ഷയ്ക്കായി ഇഷ്ടിക ചുട്ട് , അത് ചുമന്ന് മതിലു കെട്ടിയവരാണ്. റിമ കല്ലിംഗൽ കൊച്ചിലെ കിട്ടാത്ത പൊരിച്ച മീനിന്റെ കൊതിക്കെറുവ് പറഞ്ഞാൽ അത് നിലപാട്. പാർവ്വതിയും നിമിഷയും തങ്ങളുടെ രാഷ്ട്രീയ ചായ്വ് ഉറക്കെപ്പറഞ്ഞാൽ അത് നിലപാട്. എന്നാൽമറ്റുള്ളവർ സ്വന്തം ബാല്യം - കൗമാരനുഭവങ്ങൾ പങ്കിട്ടാൽ തള്ളൽ . നമ്മളിട്ടാൽ അത് മുട്ടോളമുള്ള കാലുറയും ഇതരിടുമ്പോൾ വള്ളിനിക്കറുമാകുന്ന ദാറ്റ് സെയിം ബർമുഡ തിയറി ഇനിയും മാറ്റി പിടിച്ചു കൂടേ മനുഷ്യരേ ?