- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ ഒരു ദിവസം മാത്രം കോടീശ്വരനായ അയാൾ കണ്ട സ്വപ്നങ്ങൾ എത്ര മാത്രമായിരിക്കും? വ്യാജ ലോട്ടറിക്ക് എതിരെ നടപടി എടുക്കാത്ത കേരളാമോഡൽ നീതിനിർവ്വഹണത്തിനു കൈയടിക്കുന്നവർക്ക് ആ പാവം മനുഷ്യനെ ട്രോളാൻ എന്തവകാശം? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ഇത്തവണത്തെ കേരള സംസ്ഥാന ഓണം ബംമ്പർ ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് ഉണ്ടായ വമ്പൻ ട്വിസ്റ്റ് അമ്പരപ്പിക്കുന്നതാണ്. ഒപ്പം വ്യാജ ലോട്ടറി മാഫിയയുടെ കളിപ്പീരിൽ ഇരയായ ഒരു പാവം പ്രവാസി മനുഷ്യനെ കുറിച്ച് ഓർത്ത് വേദനയും. ട്രോളുകൾ കൊണ്ടും വാക്കുകൾ കൊണ്ടും ആ സാധു മനുഷ്യനെ കളിയാക്കുന്നതിന് മുമ്പ് നമ്മൾ ഒരു കാര്യം ഓർക്കുക - വിദഗ്ദമായി ചതിക്കപ്പെട്ട ഒരു സാധു മനുഷ്യനായിരിക്കാം സെയ്തലവി എന്ന പ്രവാസി . ഈ ചതി ആർക്കും സംഭവിക്കാവുന്ന ഒന്നാണ് സുഹൃത്തുക്കളേ .
തമിഴ്നാട്ടിൽ അച്ചടിച്ച വ്യാജലോട്ടറികൾ ജില്ലയിൽ വ്യാപകമായി വില്ക്കുന്നുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയത് ഈ അടുത്ത കാലത്താണ് .പ്രതിദിനം അഞ്ചു ലക്ഷം രൂപയുടെ വ്യാജ ലോട്ടറി എത്തുന്നുണ്ടെന്നായിരുന്നു അവരുടെ റിപ്പോർട്ട് . വ്യാജലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് സമ്മാനത്തുക തട്ടുന്ന സംഘം കേരളത്തിലുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി വ്യാജ ലോട്ടറി വിൽപന നടത്തിയതിന് നിരവധി പേർ അറസ്റ്റിലായിട്ടുമുണ്ട്. സമ്മാനാർഹമായ ടിക്കറ്റ് വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സാധാരണക്കാരനായ ചില്ലറ ലോട്ടറി വിൽപനക്കാരാണ് കൂടുതലും ഇത്തരത്തിലുള്ള തട്ടിപ്പിന് വിധേയരാകുന്നത്. വഴിയരികിൽ നിന്ന് ഇവരുടെ ലോട്ടറി ടിക്കറ്റുകൾ മുഴുവനായി വാങ്ങിക്കുകയും തുടർന്ന് സമ്മാനാർഹമായ ടിക്കറ്റുകളുടെ കളർ പ്രിന്റുകൾ നൽകി പണം വാങ്ങി മുങ്ങുകയുമാണ് തട്ടിപ്പുകാർ ചെയ്യുന്നത്. സ്റ്റാളുകളിൽ എത്തി ബാർകോഡ് സ്കാൻ ചെയ്യുമ്പോഴാകും പലപ്പോഴും തട്ടിപ്പ് മനസിലാകുന്നത്. അത് തട്ടിപ്പിന്റെ ഒരു വശം.
സെയ്തലവി എന്ന പ്രവാസിയെ ഓർത്ത് എനിക്ക് സങ്കടം വരുന്നത് പ്രവാസജീവിതത്തിന്റെ ചൂടും ചൂരും ശരിക്കനുഭവിച്ചിട്ടുള്ളതിനാലാണ്. ഭാഗ്യാന്വേഷണം ഓരോ പ്രവാസിയുടെയും ജീവിതത്തിന്റെ ഭാഗമാണ്. പ്രാരാബ്ദത്തിന്റെ മാറാപ്പും പേറി പ്രവാസത്തോണിയിലേറുന്ന ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത് പിറന്ന മണ്ണിൽ ജീവിക്കാൻ പറ്റുന്ന സമ്പാദ്യം ഉണ്ടാക്കാൻ എത്രയും പെട്ടെന്ന് സാധിക്കണേ എന്നു തന്നെയാവും. അത്രമേൽ സ്വന്തം നാടിനെയും പ്രിയപ്പെട്ടവരെയും മിസ് ചെയ്യുന്നവരാണ് ഓരോ പ്രവാസിയും . ആ സ്വപ്നത്തിലേയ്ക്കുള്ള വിസയാണ് അവന്റെ ഓരോ ഭാഗ്യാന്വേഷണവും. അതിനാലാണ് ദുബായ് - അബുദാബി ബിഗ് ടിക്കറ്റുകൾ ഷെയറിട്ട് വാങ്ങുന്നതും നാട്ടിലുള്ള സുഹൃത്തുകൾ വഴിയോ ബന്ധുക്കൾ വഴിയോ ഓണം - വിഷു -ക്രിസ്തുമസ് ബംബർ ടിക്കറ്റുകൾ വാങ്ങി അതിന്റെ ചിത്രം വാട്സാപ്പ് വഴി സ്വന്തമാക്കുന്നതും. എത്രയോ വട്ടം ഞാനും ഭർത്താവും ചേട്ടനും സുഹൃത്തുക്കളും ഒക്കെ ഈ ഭാഗ്യാന്വേഷണത്തിൽ പങ്കാളിയായിട്ടുണ്ട്. വെളുപ്പിനെ കോടീശ്വരിയാകുന്ന സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് ആ സ്വപ്നം യാഥാർത്ഥ്യമാവണേയെന്ന് പ്രാർത്ഥിച്ചിട്ടുണ്ട്. നറുക്കെടുപ്പിന്റെയന്ന് ചടപടാ മിടിക്കുന്ന ഹൃദയത്തോടെ കാത്തിരുന്നിട്ടുണ്ട്. ഫല പ്രഖ്യാപനം വരുമ്പോൾ ഇച്ഛാഭംഗത്തോടെ രാവിലെ കണ്ട സ്വപ്നം റിവൈൻഡ് ചെയ്ത് ഇരുന്നിട്ടുണ്ട്. അടുത്ത വട്ടം ഞാനോ വീട്ടിലുള്ളവരോ ആകും വിജയിയെന്ന് വെറുതെ മനസ്സിനെ മോഹിപ്പിക്കാറുണ്ട്. ഭാഗ്യാന്വേഷണത്തിലെ ഇത്തരം അനുഭവങ്ങൾ ഉണ്ടാകാത്തവർ വിരളം. അപ്പോൾ സെയ്തലവി എന്ന പാവം മനുഷ്യന്റെ കാര്യം എന്തായിരിക്കും. ഇന്നലെ ഒരു ദിവസം മാത്രം കോടീശ്വരനായ അയാൾ കണ്ട സ്വപ്നങ്ങൾ എത്ര മാത്രമായിരിക്കും. ? ആ സ്വപ്നങ്ങൾക്ക് ആയുസ്സ് വെറും ഒരു ദിവസം മാത്രമായിരുന്നെന്ന് അറിയുമ്പോഴുള്ള അവസ്ഥ എത്ര സങ്കടകരമായിരിക്കും?
ഇവിടെ ആരാണ് തെറ്റുകാരൻ ? സെയ്തലവി അല്ല ! വാട്സാപ്പിൽ തനിക്ക് കിട്ടിയ ചിത്രത്തിലെ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനമെന്ന് തെറ്റിദ്ധരിക്കപ്പെട്ട സെയ്തലവി ഒരു പാവം ഇര മാത്രമാണ്. താൻ കബളിക്കപ്പെട്ടുവെന്നറിയാത്തതിനാലാവാം ആ പാവം താനാണ് സമ്മാനർഹൻ എന്ന അവകാശവാദം ഉന്നയിച്ചത്. ആ അവകാശവാദം അപ്പാടെ വിഴുങ്ങിയ മാധ്യമക്കാർ നേരെ കോടീശ്വരന്റെ നാട്ടിലെ വീട്ടിലെത്തി ആ വീട്ടിലെ പാവം മനുഷ്യരെ മൊത്തം ക്യാമറാക്കണ്ണിലൂടെ പരസ്യപ്പെടുത്തി. കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുന്ന അഭിനവ മാധ്യമ പ്രവർത്തനത്തിന് ക്ഷമ എന്ന വാക്ക് അന്യമാണല്ലോ. റേറ്റിങ് മുഖ്യ ഐറ്റമാകുമ്പോൾ എക്സ്ക്ലൂസീവ് കപ്പ് നേടുക എന്നതാണല്ലോ അജണ്ട.
വ്യാജ ലോട്ടറി ഇത്രമേൽ വ്യാപകമെന്ന റിപ്പോർട്ട് കിട്ടിയിട്ടും അതിമേൽ നടപടി എടുക്കാത്ത കേരളാമോഡൽ നീതിനിർവ്വഹണത്തിനു കൈയടി കൊടുക്കുന്ന പ്രബുദ്ധർക്ക് സെയ്തലവി എന്ന പാവം മനുഷ്യനെ ട്രോളാൻ എന്തവകാശം?