- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലിഫ്ഹൗസ് ഉപരോധിച്ച ഇടതുപക്ഷക്കാരെ ശാസിച്ച വനിതയെ പ്രകീർത്തിച്ചു; ജോജു എന്ന നട്ടെല്ലുള്ള പൗരൻ ചോദിച്ചപ്പോൾ കാർ തല്ലി തകർത്തു; ഇതെന്ത് ഇരട്ടത്താപ്പാണ് കോൺഗ്രസേ? ഹീറോയിസത്തിന് നിറഞ്ഞ കൈയടി: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ഇതെന്ത് ഇരട്ടത്താപ്പാണ് കോൺഗ്രസ്സേ ? ആറേഴ് കൊല്ലം മുമ്പ് ക്ലിഫ്ഹൗസ് ഉപരോധം നടത്തിയ ഇടതുപക്ഷക്കാരെ പരസ്യമായി ശാസിച്ച ,പ്രതികരിച്ച ഒരു വനിതയെ പ്രകീർത്തിച്ച് പാരിതോഷികമായി ജോലി നല്കിയ ഉമ്മൻ ചാണ്ടി സർക്കാറും അണികളും അന്ന് വാ തോരാതെ പറഞ്ഞ ആ യുവതിയുടെ പൗരബോധം എന്തേ ജോജുവിന്റെ കാര്യത്തിൽ കാണുന്നില്ല ? ക്ലിഫ് ഹൗസ് ഉപരോധം നടത്തുന്ന നേതാക്കളോട് പ്രതികരിക്കാൻ കാണിച്ച തന്റേടത്തിന് പാരിതോഷികമായി ആ സ്ത്രീക്ക് അഞ്ച് ലക്ഷം രൂപ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നല്കിയപ്പോൾ അത് ധീരതയ്ക്കുള്ള ഉപഹാരമായി പ്രകീർത്തിച്ച നേതാക്കന്മാർ ഇന്ന് ജനാധിപത്യമര്യാദ കാണിച്ചത് പ്രതികരിച്ച ആളുടെ കാർ തല്ലി തകർത്തുകൊണ്ട്! എജ്ജാതി ഇരട്ടത്താപ്പ് !
ഏതൊരു ഈർക്കിലി പാർട്ടിക്കും ഇവിടെ പൊതുജനങ്ങളെ തടഞ്ഞ് ജാഥകൾ, സമ്മേളനങ്ങൾ തുടങ്ങി റോഡ് ഉപരോധം വരെ നടത്തി നികുതി നല്കുന്ന സാധാരണക്കാരുടെ യാത്രാസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കാം. രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകമായ പൗരന് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഹനിക്കപ്പെടുമ്പോൾ കക്ഷിരാഷ്ട്രീയം ഒരു കോമാളിത്തമാശയാകുന്നു. അതിനെ ചോദ്യം ചെയ്യുന്നത് അരാഷ്ട്രീയതയല്ല, മറിച്ച് അതാണ് ശരിയായ രാഷ്ട്രീയവും പൗരബോധവും. ഇവിടുത്തെ നിയമപാലന വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഓരോ സാധാരണക്കാരനും പലപ്പോഴും ചെയ്യാനാഗ്രഹിച്ച കാര്യമാണ് ജോജുവെന്ന പൗരൻ ചെയ്തത്. അവർ എത്രയോ വട്ടം പറയാനാഗ്രഹിച്ച കാര്യങ്ങളാണ് ജോജുവെന്ന നട്ടെല്ലുള്ള പൗരൻ ഉറക്കെ ചോദിച്ചത്. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയം നോക്കാതെ സാധാരണ മനുഷ്യർ ജോജുവിനെ പിന്തുണയ്ക്കുന്നത്.
ഇന്ന് നമ്മൾ എറണാകുളത്ത് കണ്ടത് ഒരു സിനിമാനടന്റെ ഷോ അല്ല.അങ്ങനെ ഒരു സമരത്തിനു മുന്നിൽ ഷോ നടത്തി ആളാവേണ്ട കാര്യം അദ്ദേഹത്തിനില്ല. പത്തിരുപത് വർഷം എക്സ്ട്രാ നടനായി നിന്ന് പരിശ്രമത്തിന്റെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറി മലയാളസിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയ ഒരു നടന് അത്തരം ഗിമ്മിക്കുകളുടെ കാര്യമില്ല. പിന്നെ കോടികൾ വില വരുന്ന കാർ അദ്ദേഹം സ്വന്തമാക്കിയത് ഖജനാവിൽ കൈയിട്ടു വാരിയോ പൊതുജനങ്ങളെ പറ്റിച്ചോ അല്ല. അസ്സലായി പണിയെടുത്ത് തന്നെയാണ്. ആ കാറാണ് യാതൊരു ഉളുപ്പുമില്ലാതെ ജനാധിപത്യത്തിന്റെ പേരിൽ തല്ലിതകർത്തത്. ഇതാണോ ജനാധിപത്യ മര്യാദ? ഇതാണോ രാഷ്ട്രീയം .
അന്ന് ടൂ വീലറിൽ വന്ന സന്ധൃയെന്ന വീട്ടമ്മ ഇടതുപക്ഷത്തിനെ വെല്ലുവിളിച്ച് പ്രതിഷേധമറിയിച്ചപ്പോൾ ആരും അവരുടെ വാഹനം തല്ലിത്തകർത്തില്ല. അവർ മദ്യപിച്ചിരുന്നതിനാലാണ് അങ്ങനെ പെരുമാറിയതെന്ന് പറഞ്ഞില്ല. ആണുങ്ങളെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ചുമില്ല. വലതുപക്ഷം കളിച്ച ഒരു നാടകം മാത്രമായിരുന്നു അതെന്ന ആരോപണം മാത്രം അന്ന് ഇടതുപക്ഷം ആരോപിച്ചു. പക്ഷേ കാലങ്ങൾക്കിപ്പുറം അതേ തെറ്റ് കോൺഗ്രസ്സ് ചെയ്തപ്പോൾ അതിനെതിരെ ശബ്ദിച്ച ജോജുവിന്റേത് നടന്റെ ഷോയും ഒരു മദ്യപന്റെ അഴിഞ്ഞാട്ടവും ഒപ്പം പുട്ടിന് പീര പോലെ സ്ത്രീത്വത്തെ അപമാനിക്കലും ഒക്കെയായി . അതു മാത്രമോ അദ്ദേഹത്തിന്റെ കാറും തല്ലിത്തകർത്തു. ഇതാണോ ഗാന്ധി അനുയായികളുടെ അഹിംസാവാദം ?
കാലഹരണപ്പെട്ട വഴി തടയൽ സമരമുറ മാറ്റിപ്പിടിച്ച് പുത്തൻ പ്രതിഷേധ പരിപാടിയാണ് ഭരണപക്ഷ നയങ്ങൾക്കെതിരെ സ്വീകരിക്കേണ്ടത്. അല്ലാതെ പാവപ്പെട്ട സാധാരണക്കാരുടെ നെഞ്ചത്ത് കയറിയിട്ടല്ല. ഇന്ന് ഉയർന്നുകേട്ടത് ഒരു സാധാരണ പൗരന്റെ ശബ്ദമാണ്. നികുതി അടയ്ക്കുന്ന ഒരു പൗരന്റെ യാത്രാസ്വാതന്ത്ര്യത്തിന് തടസ്സമുണ്ടായപ്പോൾ അയാൾ ശബ്ദമുയർത്തി ! ഒരുപാട് പേർ ചെയ്യാൻ ആഗ്രഹിച്ചിരുന്ന ചോദ്യം ചെയ്യലാണത്. ആ ചോദ്യം ചെയ്യലാണ് റിയൽ പൗരസ്വാതന്ത്ര്യം ! പെട്രോൾ വില വർദ്ധനവിനെതിരെ സമരം ചെയ്യേണ്ടത് ഇല്ലാത്ത കാശിന് പെട്രോൾ അടിച്ച് ജോലിക്കായും മറ്റ് ആവശ്യങ്ങൾക്കായും പോകുന്ന പാവപ്പെട്ട സാധാരണക്കാരെ നടുറോഡിൽ മണിക്കൂറോളം നിറുത്തി അവരുടെ പെട്രോളും സമയവും നഷ്ടപ്പെടുത്തിയല്ല!
റീൽ ലൈഫിലല്ലാതെ റിയൽ ലൈഫിൽ ഇന്ന് കാണിച്ച ഹീറോയിസത്തിന് നിറഞ്ഞ കൈയടി ! Hats off to the real hero of Mollywood
രാഷ്ട്രീയം മാത്രം നോക്കി ഏത് തെണ്ടിത്തരത്തിനും സപ്പോട്ട കൊടുക്കാൻ തല്ക്കാലം മനസ്സില്ല .