- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
'കുരുതി' കൊള്ളേണ്ടിടത്ത് തന്നെ കൃത്യമായി കൊണ്ടു; പകൽ മതേതരത്വവാദിയും രാത്രി ജിഹാദിയും ആകുന്ന കഥാപാത്രമാണ് ഹൈലൈറ്റ്; സിനിമയിൽ ഇസ്ലാമോഫോബിയ ഉണ്ടെന്ന് പ്രസ്താവിക്കുന്നത് എജ്ജാതി ഇരവാദം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
കുരുതി കൊള്ളേണ്ടിടത്ത് തന്നെ കൃത്യമായി കൊണ്ടിട്ടുണ്ട്. സിനിമയെ കുറിച്ച് നെഗറ്റീവ് നരേഷൻസ് എഴുതുന്നവർക്കെല്ലാം ഒരേ സ്വരം; ഒരേ മുഖം ! ആ സ്വരവും മുഖവും കൃത്യമായി ഉള്ളൊരാൾ ആ സിനിമയിലുടനീളം ഉണ്ട് . ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച കഥാപാത്രമാണത്. പകൽ മുഴുവൻ കവലകളിൽ മതേതരത്വവും സാഹോദര്യവും പ്രസംഗിച്ചു നടന്ന് രാത്രിയാകുമ്പോൾ ജിഹാദാണ് സ്വർഗ്ഗത്തിലേയ്ക്കുള്ള വാതിലെന്ന മതപ്രബോധനം നടത്തുന്ന 916 അസ്സൽ സഖാപ്പി, ഉള്ളിലുള്ള വർഗ്ഗീയ അജണ്ടയെ സമർത്ഥമായി ഒളിപ്പിക്കാൻ അയാൾക്കൊരു ചുവന്ന മേലങ്കിയുടെ സഹായം കൂടിയേ തീരൂ.
ഈശോ സിനിമയുടെ ടാഗ് ലൈനിൽ ഒട്ടുമേ അപാകത തോന്നാത്ത , സിനിമയെന്നത് കലയായി മാത്രം കണ്ടു കൂടേയെന്ന നിഷ്കളങ്കമായ ചോദ്യം ചോദിച്ച, പാട്രിയാർക്കിയും പാസ്റ്റീവ് വയലൻസും പ്രമേയമാക്കിയ അടുക്കളസിനിമയിൽ ശബരിമല വിഷയം വലിച്ചിഴച്ചത് തികച്ചും ആവിഷ്കാരസ്വാതന്ത്ര്യമാണെന്നു വാദിച്ച അതേ ടീമുകളാണ് ഇപ്പോൾ കുരുതിയെന്ന സിനിമയെ തലനാരിഴ കീറി പരിശോധിച്ച് അതിൽ ഇസ്ലാമോഫോബിയ ഉണ്ടെന്ന് പരസ്യമായി പ്രസ്താവിക്കുന്നത്. എജ്ജാതി ഇരവാദമാണത്.
ഇസ്ലാമിക തീവ്രവാദമെന്നത് അന്താരാഷ്ട്ര തലത്തിലെ വൻ തലവേദനയാണെന്ന സത്യത്തെ തുറന്നു പറയാൻ ഇവിടുത്തെ പുരോഗമന വർഗ്ഗം മടിക്കുന്നതെന്ത് ? ലായ്ക്ക് എന്ന കഥാപാത്രം നമ്മുടെ കൺമുന്നിൽ തന്നെയുണ്ടെന്ന് പത്തു കൊല്ലങ്ങൾക്കു മുമ്പേ ചിതറിത്തെറിച്ച ചോരതുള്ളികളുമായി നിലത്ത് വീണ ഒരു കൈപ്പത്തി നമ്മോട് പറഞ്ഞതാണ്. പാരീസിലെ കാർട്ടൂണിൽ കണ്ട ബ്ലാസ്ഫെമിയേക്കാൾ കൂടിയ ഐറ്റം ബ്ലാസ്ഫെമി ഒരു ചോദ്യപേപ്പറിൽ കണ്ട ടീമുകൾ ഒരു പക്ഷേ ലായിക്കിനേക്കാൾ തീവ്രത കൂടിയ മത തീവ്രവാദികളാണ് താനും. അങ്ങനെ എത്രയെത്ര സംഭവങ്ങൾക്ക് ഈ കേരളം സാക്ഷ്യം വഹിച്ചു.
മതം മാറി സിറിയയിൽ പോയ ജിഹാദിപ്പെണ്ണുങ്ങൾ മുതൽ ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനപരമ്പരയ്ക്കു പിന്നിൽ പ്രവർത്തിച്ചവനെ വരെ പൊക്കിയത് കേരളത്തിൽ നിന്ന് . വർഗ്ഗീയത തുലയട്ടെ എന്നെഴുതിയ അഭിമന്യുവിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കിയ മതവെറിയന്മാരായ സഹപാഠികൾ വരെ കൺമുന്നിലുണ്ടെങ്കിലും കേരള പ്രബുദ്ധർ ഒരക്ഷരം മിണ്ടില്ല. മതേതരത്വത്തിൽ വിശ്വസിച്ചിരുന്ന പുന്ന നൗഷാദിനെ കൊല്ലാൻ കൈ വിറയ്ക്കാതിരുന്ന പോപ്പുലർ ഫ്രണ്ടുകാർക്ക് നൗഷാദിന്റെ സമുദായം അതിനു തടസ്സമാവാതിരുന്നത് എന്തെന്ന് അഫ്ഗാനിസ്ഥാൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കേരളത്തിൽ ഐ എസ് സ്ലീപ്പിങ്ങ് സെല്ലുകൾ ഉണ്ടെന്ന് വിരമിക്കുന്നതിനും ഒരാഴ്ച മുമ്പേ പറഞ്ഞിട്ടു പോയ ലോക് നാഥ് ബെഹ്റയുടെ പ്രസ്താവനയൊക്കെ എത്ര മനോഹരമായാണ് ഇവിടെ ചെമ്പട്ടുധാരികൾ മറച്ചെടുത്തത്. ഒടുവിൽ ഈ ഒരു വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ മാത്രം അതുവരെ പിണറായി സഖാവിന്റെ വീട്ടുവേല എടുത്തിരുന്ന ഉത്തരേന്ത്യക്കാരനായ ബെഹ്റയ്ക്ക് കൃത്യമായി തന്നെ സംഘപരിവാർ ചാപ്പ നല്കി. അതേ ചാപ്പയടി കുരുതി സിനിമയ്ക്കെതിരെയും തുടരുന്നുവെന്നു മാത്രം.
അഭിനവ കേരളത്തിന്റെ നേർചിത്രമാണ് കുരുതി വരച്ചുകാട്ടുന്നത്. സ്വന്തം സമുദായത്തെ ഗ്രസിച്ച മത തീവ്രവാദം കണ്ട് നടുങ്ങി നില്ക്കുന്ന ഇബ്രു നമുക്ക് ചുറ്റിലുമുണ്ട്. അയാൾക്ക് ആരെയും കൊല്ലാനാവില്ല. മതത്തിന്റെ വേലിക്കെട്ടിനുള്ളിൽ നിന്നുകൊണ്ട് മറ്റുള്ളവരെ സ്നേഹിക്കാൻ അയാൾക്ക് കഴിയുന്നുണ്ട്. അവസാനം വരെയും സുമതിയെയും സഹോദരനെയും കൊല്ലാതിരിക്കണമെന്ന അഭ്യർത്ഥനയാണ് അയാൾക്ക് ലായിക്കിനോട് പറയാനുള്ളത്.
മൂസ്സാക്കയും ഇബ്രുവും മനുഷ്യ പക്ഷത്ത് നില്ക്കുന്ന ഇസ്ലാം കഥാപാത്രങ്ങളായി, അവരെ മാനവികതയുടെ ഉയർന്ന തട്ടിൽ തന്നെ കാണിച്ചിട്ടും ഈ സിനിമയിൽ ഇസ്ലാമോഫോബിയ ഒളിച്ചുകടത്തൽ ആരോപിക്കാൻ തോന്നുന്നത് തൊട്ടടുത്ത രാജ്യമായ അഫ്ഗാനിസ്ഥാനിൽ നടക്കുന്ന താലിബാൻ അതിക്രമത്തെ അപലപിക്കാൻ മനസ്സു വരാത്തവർക്ക് മാത്രമാണ്. അതു തന്നെയാണ് കുരുതി എന്ന സിനിമ പറയുന്നതും !
കൃത്യമായ ഹിന്ദുത്വ ഐഡന്റിറ്റിയുള്ള, വർഗ്ഗീയവാദിയായ വിഷ്ണുവിനേക്കാൾ, ഉള്ളിലുള്ള ഹൈന്ദവ ബോധം കൃത്യസമയത്ത് ട്രിഗർ ചെയ്യാൻ കഴിവുള്ള സുമതിയേക്കാൾ അപകടകാരിയാണ് ഷൈൻ ടോം ചാക്കോയുടെ സഖാപ്പിയും മറ്റൊരു ലായിക്കായി മാറാൻ ചാൻസുള്ള മൂസാക്കയുടെ ഇളയ മകനും. വിഷ്ണുവിന് മോബ് ലീഞ്ചിങ്ങിനിടെ ഒരാളെ കൊല്ലാനുള്ള ധൈര്യമേയുള്ളൂ. സുമതിക്കാണെങ്കിൽ തോക്ക് ചൂണ്ടാനേ കഴിയുന്നുള്ളൂ; പക്ഷേ ഒരാളെ കൊല്ലാനാവുന്നില്ല.
എന്നാൽ ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തിന് യാതൊരു കുലുക്കവുമില്ലാതെ തലേന്നു വരെ സുഹൃത്തായിരുന്ന, ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത മണികണ്ഠനെ കൊല്ലാനുള്ള മനസ്സുറപ്പുണ്ട്. അയാളുടെ കണ്ണിൽ മണികണ്ഠന്റെ മതം ശത്രുപക്ഷത്താണ് . അതേ മനസ്സ് ഇബ്രുവിന്റെ അനിയനുമുണ്ട്. ഭക്ഷണം തരുന്ന സുമതിയെ അവൻ കാണുന്നത് അതേ കണ്ണിലൂടെയുമാണ്.
വിഷ്ണുവും സുമതിയും സാദത്തും റസാഖുമൊക്കെ നമ്മുടെ ചുറ്റുവട്ടത്തുണ്ട്. മതവാദം കൊണ്ട് മന്ഷ്യരാശിക്ക് തന്നെ അപകടകാരിയായ മനോനിലയുള്ള ലായിഖ്മാരും ഇവിടെ തന്നെയുണ്ട്. എന്തായാലും കുരുതി കൊള്ളേണ്ടിടത്ത് തന്നെ കൃത്യമായി കൊണ്ടിട്ടുണ്ട് ! സിനിമ പറയാൻ ഉദ്ദേശിച്ചതെന്തോ അത് തന്നെ കൃത്യമായി പ്രതീഷ് വിശ്വനാഥ്മാരിലൂടെ പ്രശംസാവചനങ്ങളായും ഡോ.ഇക്ബാൽമാരിലൂടെ നെഗറ്റീവ് റിവ്യൂസായും വന്നു കഴിഞ്ഞു. നശിച്ച മതധ്രുവീകരണം എന്താണെന്നു കാണിച്ചു തന്ന സിനിമ അത് എവിടെയാണുള്ളതെന്നു റിവ്യൂകളിലൂടെ കൃത്യമായി അടയാളപ്പെടുത്തുന്നു