മുത്തശ്ശി, അമ്മൂമ്മ, അമ്മ എന്നീ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിൽ നിറയുന്ന ഒരു കുളിരുണ്ട്. സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുതലിന്റെയും നനുത്ത തൂവൽസ്പർശങ്ങൾ കൊണ്ട് മനസിനെ തഴുകുന്ന അനുഭൂതിയുണ്ട്. അത്രമേൽ പരിശുദ്ധവും പവിത്രവുമാണ് ആ ബന്ധങ്ങൾ ഓരോ കുഞ്ഞിനും. പക്ഷേ ഈയടുത്തക്കാലത്തായി കാണുന്ന കാഴ്ചകളിൽ അമ്മ, അമ്മൂമ്മ, മുത്തശ്ശി എന്നൊക്കെ ഭൂമിയിൽ പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ തിരുത്തിയെഴുതിക്കുന്നുണ്ട് ചില നെറികെട്ട ജന്മങ്ങൾ. ഹൃദയം പിടയുന്ന നോവോടെ, വല്ലാത്തൊരു ആന്തലോടെയാണ് ഇന്ന് ഒന്നര വയസ്സുകാരിയായ പിഞ്ചു മോളെ ബക്കറ്റിൽ മുക്കിക്കൊന്ന ക്രൂരത വായിച്ചത്.

കുടുംബം പോറ്റാൻ പ്രവാസത്തിലേക്ക് പോകേണ്ടി വന്ന മരുമകളുടെയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മകന്റെയും പിഞ്ചുകുഞ്ഞുങ്ങളുമായി കാമുകനൊപ്പം ജീവിതം ആസ്വദിക്കാൻ ഹോട്ടലിലേക്ക് പോയ ഒരു സ്ത്രീ. അവരുടെ കാമുകന്റെ പൈശാചികത കാരണം ജീവൻ നഷ്ടമായ ഒരോമനമുത്ത്. മുക്കിന് മുക്കിനുള്ള സെക്ഷ്വൽ ലിബറേഷൻ കേട്ട ആ സ്ത്രീ തന്റെ ശരീരത്തിന് സ്വാതന്ത്ര്യം കൊടുത്തത് അവരുടെ ഇഷ്ടം. അത് എന്തോ ആവട്ടെ. പക്ഷേ അതിന് ഈ പിഞ്ചു കുട്ടികളെ എന്തിന് മറയാക്കി? ഹോട്ടലിൽ മുറി എടുക്കുമ്പോൾ ദമ്പതികൾ ആണെന്ന് ഉറപ്പു വരുത്താൻ കുഞ്ഞുങ്ങളെ ഉപയോഗിച്ചു. അതും പോട്ടെ. പക്ഷേ കാമുകന് ബക്കറ്റിൽ ഇട്ട് കൊല്ലാനും പാകത്തിന് കുഞ്ഞിനെ അശ്രദ്ധമായി അവിടെയാക്കിയത് വലിയ തെറ്റ്. എങ്ങിനെ സാധിക്കുന്നു പെണ്ണുങ്ങൾക്ക് ഒക്കെ ഇങ്ങനെ ക്രൂരയാവാൻ? Frailty, thy name is woman'
എന്ന് ഷേക്സ്പിയർ എഴുതിയത് വെറുതെയല്ല!

കാമുകനൊപ്പം സുഖജീവിതം നയിക്കുവാൻ വേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി. മരവിച്ച ആ ശരീരത്തെ നിർവികാരയായി നോക്കി നിന്നു അവളിലെ മാതൃത്വം. പിന്നെയും കണ്ടു, കേട്ടു ഒരുപാട് ക്രൂരതയുടെ അമ്മ മുഖങ്ങളെ. നൊന്തുപെറ്റ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്നിട്ട് അത് നിർവികാരയായി പൊലീസിനോട് വിവരിച്ച പെൺകുട്ടികളെ കണ്ട് നടുങ്ങി നിന്നിട്ടുണ്ട് മാതൃത്വം എന്ന വികാരം. ഉറങ്ങിക്കിടന്ന കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞുക്കൊന്നിട്ട് ഒന്നുമറിയാതെ വന്നു കിടന്നു ഉറങ്ങിയ ശരണ്യയും അനുശാന്തിയും ഒക്കെ ദാമ്പത്യത്തിന്റെ അസ്വാരസ്യങ്ങൾ കാരണം മക്കളെ കൊന്നുക്കളഞ്ഞതല്ല. അപഥസഞ്ചാരത്തിന്റെ ത്രസിപ്പിക്കുന്ന ചിലന്തിവലയ്ക്കുള്ളിൽ കുടുങ്ങിപ്പോയ അവർക്ക് ഭർത്താവും മക്കളും ഒരു വിലങ്ങുതടിയായി തോന്നിയപ്പോൾ ചെയ്ത ക്രൂരതയാണ്.

കാമുകനൊപ്പം ഒളിച്ചോടുമ്പോൾ പിഞ്ചുബാല്യങ്ങളെ മറക്കുന്ന എണ്ണമറ്റ അമ്മമാർ നമുക്ക് മുന്നിലുണ്ട്.! പച്ചനോട്ടുകൾക്ക് വേണ്ടി സ്വന്തം മക്കളുടെ മാനം വിലപേശി വില്ക്കുന്ന അമ്മമാരും കുറവല്ല. ആഗ്രഹിക്കാതെ ഉദരത്തിൽ മുളച്ചതുകൊണ്ട് മാത്രം ജനിച്ചയുടനെ ശ്വാസം മുട്ടിച്ചുക്കൊല്ലാൻ മടിക്കാത്ത മാതൃത്വമൊക്കെ ഇന്ന് നിത്യസംഭവങ്ങളാണ്. അമ്മിഞ്ഞപ്പാലിറ്റിച്ചു നല്‌കേണ്ടതിനു പകരം മരണത്തെ സമ്മാനിക്കുന്ന അമ്മമാർ. നിമിഷസുഖത്തിനു വേണ്ടി മാത്രം താൻ ജന്മം നല്കിയ മക്കളുടെ മക്കളെ വരെ മറക്കുന്ന അമ്മൂമ്മമാരും താൻ നൊന്തു പെറ്റ കുരുന്നുകളെയും ശ്വാസം മുട്ടിച്ചു കൊല്ലുന്ന അമ്മമാരും. കാമത്തിന്റെ വിശപ്പ് ബോധത്തെ ഭരിക്കുമ്പോൾ ബന്ധങ്ങളുടെ പവിത്രത മറക്കുന്ന പൈശാചികതയെ എങ്ങനെ ന്യായീകരിക്കാൻ കഴിയും.?

നൈമിഷിക സുഖത്തിനു വേണ്ടി സ്വന്തം ചോരയെ ഇല്ലാതാക്കുന്നവരെ മനഃശാസ്ത്രപരമായി ന്യായീകരിക്കാൻ ആളുകൾ ഇവിടെയുണ്ട്. ലൈംഗികതയുടെ അളവുക്കോൽ വച്ച് അളക്കുമ്പോൾ ഇതൊന്നും തെറ്റല്ല എന്ന് പറയാനും ആളുകൾ ഉണ്ട്. അല്ലെങ്കിലും ഇപ്പോഴത്തെ പുതിയൊരു പ്രവണത രാജ്യദ്രോഹം, പെൺവാണിഭം, കൊലപാതകം ,ബലാത്സംഗം കുട്ടികളെ പീഡിപ്പിക്കൽ തുടങ്ങിയവ ചെയ്യുന്ന മഹാന്മാരെ അത്തരം സൽകർമ്മത്തിനു പ്രേരിപ്പിക്കുന്നത് സമൂഹമാണെന്നും അവരുടെ മാനുഷിക മൂല്യങ്ങളും ജീവനും ജീവിതവും സംരക്ഷിക്കുന്നില്ലെന്നും ആ കുറ്റകൃത്യത്തിനുള്ള പങ്ക് നാം സഹജീവികൾ വീതിച്ചെടുക്കണമെന്നും തിട്ടൂരമുണ്ടാക്കി നാലാളറിയാൻ വാദിക്കുകയെന്നതാണല്ലോ. ഇത്തരം പൊളിറ്റിക്കൽ കറക്ട്‌നസ് താങ്ങാൻ കഴിയാത്ത സാധാരണക്കാരെ ബുദ്ധിജീവികൾക്ക് തീരെ പിടുത്തമില്ല താനും. ഇത്തരക്കാരുടെ അബദ്ധജഡിലങ്ങളായ സൈദ്ധാന്തിക തത്വജ്ഞാനങ്ങളാണ് ഇവളുമാർക്കും ബാലപീഡകന്മാർക്കും മേയാനുള്ള വളക്കൂറുള്ള മണ്ണായി നാടിനെ മാറ്റുന്നത്. കൊല്ലുന്നവർക്ക് മാത്രമല്ലാ, കൊല്ലപ്പെടുന്നവർക്കുമുണ്ട് മനുഷ്യാവകാശങ്ങളന്ന് ഇവറ്റകൾ മറക്കുന്നു പലപ്പോഴും.

സ്വന്തം സുഖത്തിനു വേണ്ടിയുള്ള വിമോചനത്തിനായുള്ള പരക്ക പാച്ചിലിൽ പല സ്ത്രീകൾക്കും കെട്ടിയവനെയും പെറ്റ കുഞ്ഞിനെയും കുടുംബത്തെയും കാണാനുള്ള കണ്ണുകളില്ല. നിമിഷ നേരത്തെ സുഖത്തിനു വേണ്ടി ജന്മം കൊടുത്ത സ്വന്തം രക്തത്തെ അരിഞ്ഞു തള്ളുന്നവൾക്കെതിരെ വാളെടുക്കാൻ അഭിനവ ഫെമിനിച്ചികൾക്ക് കഴിയാറേയില്ല. അല്ലെങ്കിലും സ്ത്രീപക്ഷ മാനുഫെസ്റ്റോയിൽ കുടുംബം, ഭർത്താവ്, അച്ഛൻ, കൂടപ്പിറപ്പ്, കുഞ്ഞ് ഇത്യാദികൾക്ക് ഭ്രഷ്ടല്ലേ.

കറങ്ങി നടന്ന് കണ്ടിടം നിരങ്ങാനും വേഷം കെട്ടാനും വെള്ളമടിക്കാനും മര്യാദയ്ക്ക് നടക്കുന്ന ആണിന്റെ പുറത്ത് കുതിര കയറാനും വേണ്ടി മാത്രം ഫെമിനിസ്റ്റുകളാകുന്ന പെൺ കോലങ്ങൾ സ്ത്രീ ക്രിമിനലുകളെ കണ്ടില്ലെന്നു നടിക്കുന്നത് സ്വന്തം പ്രതിബിംബങ്ങളെ അവരിൽ കാണുന്നതുകൊണ്ടാണ്. കുറ്റവാളികളും കുറ്റവാസനയും ലിംഗഭേദമേന്യേ സമൂഹത്തിലുണ്ട്. ആ യാഥാർത്ഥ്യം മനസ്സിലാക്കാതെ പുരുഷന്റെ തെറ്റുകൾ മാത്രം പർവ്വതീകരിക്കാതെ വിടരാൻ തുടങ്ങും മുമ്പേ പൂമൊട്ടുകളെ തല്ലിക്കൊഴിക്കുന്ന നെറികെട്ട ജന്മങ്ങളെ ഒരുമിച്ച് ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ഇവനോ ഇവർക്കോ വേണ്ടി മനുഷ്യാവകാശ പ്രസംഗവുമായി വരുന്ന ടീമുകളെ ആദ്യം തല്ലി ഓടിക്കണം.