' പേരറിവാളനെ ' ആഘോഷമാക്കുകയാണ് എങ്ങും. LTTE എന്ന സംഘടനയ്ക്കും പുലികൾക്കും ഇന്നും ഹീറോയിക് പരിവേഷം നല്കുന്ന തമിഴരുടെ വികാരം മനസ്സിലാക്കാം. പക്ഷേ ഏഷ്യൻ പെയിന്റ് ബക്കറ്റ് കണക്കിന് കോരി ഒഴിച്ച് ഒരു ക്രിമിനലിനെ നിരപരാധിയാക്കി അവരോധിക്കുന്ന മലയാളി അൻപ് ആദ്യം മനസ്സിലായില്ല. പിന്നീട് തിരിച്ചറിഞ്ഞു ക്രിമിനലിസത്തിലും തീവ്രവാദത്തിലും ഇല്ലാത്ത മനുഷ്യാവകാശ വെള്ളപൂശലുകൾ നടത്തുന്ന മലയാളി പാശം ആദ്യത്തെ സംഭവമല്ലല്ലോ എന്ന തുണി ഉടുക്കാത്ത സത്യം. സദ്ദാം മുതൽ ലാദൻ വരെ, യാക്കൂബ് മേമൻ മുതൽ കസബ് വരെയുള്ള കൊടും തീവ്രവാദികൾക്കായി വിലാപകാവ്യം രചിച്ച പ്രബുദ്ധരുടെ നാടാണല്ലോ കേരളം . അപ്പോൾ പിന്നെ ഇവിടെ പേരറിവാളൻ വാങ്ങിയ 9 V ബാറ്ററി കൊണ്ട് ചിന്നിത്തെറിച്ച മനുഷ്യശരീരങ്ങളേക്കാൾ എമ്പതിയും സിമ്പതിയും അർഹിക്കുക പേരറിവാളൻ തന്നെ ആയിരിക്കും. കാല്പനിക പരിവേഷം നല്കി മനുഷ്യത്വരഹിതമായ ഏതൊരു ഭീകര പ്രവർത്തനങ്ങളെയും മറച്ചുപിടിക്കുകയും ഒരർത്ഥത്തിൽ ന്യായീകരിക്കുകയും ചെയ്യാൻ മുൻപന്തിയിൽ നില്ക്കുന്നവരാണ് കേരളത്തിലെ ബുദ്ധിജീവികൾ.

എന്തു മാത്രം നരേറ്റീവുകളാണ് വെള്ളപൂശാനായിട്ട് ഉടലെടുത്തിരിക്കുന്നത്. പേരറിയാത്ത നൊമ്പരം എന്ന തലക്കെട്ടും ഒരമ്മയുടെ പോരാട്ട വീര്യം എന്ന ടൈറ്റിലും ഒക്കെ കാണുമ്പോൾ തോന്നും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലടയ്ക്കപ്പെട്ട് മോചിതനായ ഒരു പോരാളിയായിരുന്നു പേരറിവാളൻ എന്ന്. അതെ ! അയാൾ പോരാളിയായിരുന്നു. പക്ഷേ എന്തിന്റെ? തമിഴ്‌നാട്ടിലെ യുക്തിവാദി പ്രസ്ഥാനമായ ദ്രാവിഡ കഴകം ചെന്നൈ ഓഫീസിലെ ജീവനക്കാരനായിരുന്നു പേരറിവാളൻ. ശ്രീലങ്കൻ എൽടിടിഇ ക്കും അവർ നടത്തുന്ന തീവ്രവാദ പ്രവർത്തനത്തിനും ദ്രാവിഡ കഴകവും ദ്രാവിഡ മുന്നേറ്റ കഴകവും ജയലളിതയുടെ എഐഎഡിഎംകെയുo ഉൾപ്പെടെ തമിഴ്‌നാട്ടിലെ ഒട്ടുമിക്ക രാഷ്ട്രീയകക്ഷികളും പിന്തുണ നല്കിയിരുന്ന ആ കാലഘട്ടത്തിൽ തമിഴർക്ക് വേണ്ടി സൃഷ്ടിക്കപ്പെടുന്ന ഒരു രാജ്യം അഥവാ ഒരു (തമിഴ് ഈളം )സ്വപ്നം കണ്ടിരുന്ന ഒരു യുവാവ് കൂടിയായിരുന്നു പേരറിവാളൻ. അതായത് LTTE യുടെ ചെയ്തികൾക്ക് അതിലെ തെറ്റും ശരിയും നോക്കാതെ തന്നെ ഐക്യദാർഢൃം നല്കിയിരുന്ന ഒരാൾ.

ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ നേടിയ ഒരു പത്തൊമ്പതുകാരൻ ശിവരശൻ എന്ന മുഖ്യസൂത്രധാരന് 9 V ബാറ്ററി വാങ്ങി നല്കിയത് ടോർച്ചിൽ ഇടാനാണെന്ന് കരുതിയെന്ന ബാലിശമായ ന്യായീകരണങ്ങൾ ഒരുപാട് ഇടങ്ങളിൽ കണ്ടിരുന്നു. ക്രിമിനൽ മൈൻഡുകൾക്ക് ക്രിമിനലിസവുമായി മുന്നോട്ടു പോകാൻ പ്രായം ഒരു പ്രശ്‌നമേയല്ലായെന്ന് കസബും നിർഭയ കേസിലെ മൈനർ പ്രതിയും തെളിയിച്ചതാണ്. എന്നിട്ടും ഒരു രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയെ കൊല്ലാൻ കൂട്ടു നിന്ന ഒരുവനെ വെള്ളപ്പൂശാൻ 19 ന്റെ നിഷ്‌കളങ്കത എടുത്തിട്ട് അലക്കുകയാണ് പലരും. ചെയ്യുന്ന കുറ്റത്തിന്റെ വ്യാപ്തിയും ഗൗരവവും അനുസരിച്ചാണ് ശിക്ഷ തീരുമാനിക്കപ്പെടേണ്ടത്. അല്ലാതെ പ്രായം പരിഗണിച്ചാവരുത് സമൂഹത്തിന്റെ വിധി പറച്ചിൽ. നിർഭയ കേസിലെ ആ പതിനേഴുകാരനും അജ്മൽ കസബുമൊക്കെ പാൽ മണം മാറാത്ത കുട്ടികളായിട്ടല്ല മറിച്ച് ചോര മരവിപ്പിക്കുന്ന ക്രിമിനലുകളായിട്ടാണ് സ്വബോധമുള്ളവർക്ക് തോന്നിയത്.

31 വർഷത്തെ ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയ ഒരു ക്രിമിനലിനെ എത്ര വേഗത്തിലാണ് നമ്മൾ നിഷ്‌കളങ്കനും നിരപരാധിയുമാക്കി മാറ്റിയത്? LTTEക്കാർക്കെതിരെ നടന്ന മനുഷ്യാവകാശത്തെ കുറിച്ച് എത്ര നാവുകളാണ് ഇപ്പോൾ സംസാരിക്കുന്നത്?വിവിധ രാജ്യങ്ങളിലെ തമിഴ് ഡയസ്‌പോറകളിൽ ഗുണ്ടാപ്പിരിവ് നടത്തി ശ്രീലങ്കയിലേക്ക് പണം കൊണ്ടുവന്നു അവിടെയുള്ള ജനങ്ങളുടെ ജീവിതം ദുരിതത്തിൽ ആക്കിയ പണിയാണ് എൽ ടി ടി അക്കാലത്ത് നടത്തിയത് .യൂറോപ്പിലും കാനഡയിലും ഇവരുടെ തീവ്രവാദി സംഘത്തിന് പിരിവ് നൽകാത്തവരെ നിഷ്‌കരുണം കൊല്ലാനും കൂട്ടത്തിൽ ഉള്ളവരെ ഒറ്റുകാർ എന്ന് ആരോപിച്ച് വെടിവെച്ചു കൊല്ലാനും ഇവർ മടിച്ചില്ല എന്നത് യാഥാർത്ഥ്യം. ശ്രിലങ്കയിൽ ഒരു തമിഴ് തീവ്രവാദി സംഘടന രൂപപ്പെടേണ്ട വിധത്തിൽ തമിഴരുടെ മനുഷ്യാവകാശങ്ങൾ അവിടെ ലംഘിക്കപ്പെട്ടിരുന്നില്ലായെന്ന് ചരിത്രം കൃത്യമായി പഠിച്ചാൽ മനസ്സിലാകും തമിഴന്മാർക്കെതിരെ സിംഹളർ ചെയ്തിരുന്ന ഡിസ്‌ക്രിമിനേഷനുകളെ ഒരു തീവ്രവാദി സംഘടന ഉണ്ടാക്കി ഒരു രാജ്യത്തിന്റെ ജനതയെ മൊത്തം ഭയപ്പാടിൽ ജീവിക്കുവാൻ ഇടയാക്കിയ ഒരു സംഘടന എങ്ങനെ വിശുദ്ധ സംഘടനയാകും?

ചിന്നിത്തെറിച്ച പതിനാറ് മനുഷ്യശരീരങ്ങൾക്കു കിട്ടാത്ത നീതി ഒരു കുറ്റവാളിക്ക് കിട്ടണമെന്ന നരേഷനുകളോട് ഒട്ടും യോജിക്കുന്നില്ല. രാജീവ് ഗാന്ധി എന്ന രാഷ്ട്രീയക്കാരനൊപ്പം ചിതറിത്തെറിച്ച ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച ശിക്ഷാവിധി എന്തിന്റെ പേരിൽ ഉള്ളതായിരുന്നു? പതിനാറു പേരുടെ അനാഥമാക്കപ്പെട്ട കുടുംബങ്ങളിലുമുണ്ടാവും അർപ്പുതമ്മാളിനെ പോലുള്ള അമ്മമാർ. രാവിലെ വീട്ടിൽ നിന്നുമിറങ്ങിയ ഒരു തെറ്റും ചെയ്യാത്ത കുറച്ച് മനുഷ്യർ തിരികെ ചിതറിത്തെറിച്ച മാംസ ക്ഷണങ്ങളായി മാറിയെന്നറിഞ്ഞപ്പോൾ പൊള്ളിയടർന്ന തായ് മനങ്ങളുടെ തീരാത്ത നോവ് എന്തായാലും അർപ്പുതമ്മാളിന് ഉണ്ടായി കാണില്ല. ജീവിച്ചിരിക്കുന്ന ഒരു മകനുവേണ്ടി 31 വർഷം പോരാടിയ അമ്മയെ വാഴ്‌ത്തുമ്പോൾ കാണാതെ പോകരുത് മറ്റു പല അമ്മമാരുടെയും കുടുംബത്തിന്റെയും തോരാത്ത കണ്ണുനീർ .പേരറിവാളന് മോചനം നൽകിയപ്പോഴും കോടതി പറഞ്ഞത് ശിക്ഷ അനുഭവിച്ചുകഴിഞ്ഞതായി കണക്കാക്കുന്നു എന്നാണ് ; അല്ലാതെ നിരപരാധി എന്നല്ല വിധിയിൽ പറഞ്ഞിരിക്കുന്നത് .

നാളെ ശ്രീപെരുംമ്പത്തൂരിൽ പതിനാറ് മനുഷ്യശരീരങ്ങൾ ചിന്നിച്ചിതറിയതിന്റെ മുപ്പത്തിയൊന്നാം വാർഷികമാണ് .ആ വാർഷികം ചരിത്രത്തിനു സമ്മാനിച്ച രക്തദാഹികളായ പങ്കാളികളിൽ ഒരുവന്റെ മോചനമാണ് ഈ രീതിയിൽ ആഘോഷിക്കുന്നത്. Humanizing the terrorist' എന്ന ടെറർ അപ്പോളജിസ്റ്റുകളുടെ സ്ഥിരം തന്ത്രത്തിലുൾപ്പെട്ട രക്തദാഹികളെ നിരപരാധികളാക്കുന്ന ഈ നെറികെട്ട പൊളിറ്റിക്കൽ കറക്ട്‌നെസ്സിനെ വെറുപ്പോടെയും അറപ്പോടെയും മാത്രം നോക്കി കാണുന്നു. എന്നെ സംബന്ധിച്ച് പേരറിവാളൻ അറിവിന്റെ പേരല്ല മറിച്ച് 'അറവ് ' എന്നതിന്റെ പേര് മാത്രമാണ്.