- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഉടലിനു മീതേ തല കാണുമെന്ന് അറിയാവുന്നതിനാൽ നാദിർഷയ്ക്കെതിരെ പറയും; പക്ഷേ തീവ്രവാദ ടീംസിനെതിരെ തിരിഞ്ഞാൽ ഒരുപാട് തലകൾ ഉരുളുമെന്നറിയാം ': അഞ്ജുപാർവതി പ്രഭീഷ് എഴുതുന്നു: ആസ്വാദനത്തിൽ മതം കലരുമ്പോൾ
1999 ൽ സിസ്റ്റർ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തിൽ സുരേഷ് ഗോപി-കെ മധു കൂട്ടുകെട്ടിൽ ഇറങ്ങിയ മലയാള ചിത്രമായിരുന്നു 'ക്രൈം ഫയൽ'. ചിത്രത്തിൽ കൊലപാതകം അന്വേഷിക്കാൻ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു 'ഈശോ പണിക്കർ' ഐ പി എസ്. ആ വേഷം ചെയ്തത് ശ്രീ. സുരേഷ് ഗോപി ആയിരുന്നു. കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അമലയെ മരിച്ച നിലയിൽ കണ്ടെത്തുന്നതും തുടർന്നു നടക്കുന്ന പൊലീസ് അന്വേഷണവുമായിരുന്നു സിനിമയുടെ പ്രമേയം. സഭയെയും സിസ്റ്റർ അഭയയെയുമൊക്കെ തിരശ്ശീലയിൽ അവതരിപ്പിച്ചിട്ടും അതിനെ പ്രതി ഒരു പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്താനൊന്നും ആരും മുതിരാതിരുന്നത് കലയെ കലയായി തിരിച്ചറിയാൻ പറ്റുന്ന മാനസികാവസ്ഥയിലായിരുന്നു അന്ന് മലയാളി എന്നതിനാലാണ്.
അതും കഴിഞ്ഞ് 2004 ൽ കെ.മധുവിന്റെ തന്നെ സംവിധാനചുമതലയിൽ വന്ന മറ്റൊരു ചിത്രമാണ് സേതുരാമയ്യർ CBI . ആ ചിത്രത്തിലെ കോൾഡ് ബ്ലഡഡ് ആയ സീരിയൽ കില്ലറിന്റെ പേര് ഈശോ അലക്സ് എന്നായിരുന്നു. ശ്രീ. കലാഭവൻ മണിയാണ് ആ കഥാപാത്രത്തെ തിരശ്ശീലയിൽ അവതരിപ്പിച്ചത്. കർത്താവിന്റെ നാമമുള്ള ഒരു റിപ്പറെ രംഗത്തവതരിപ്പിച്ചുവെന്നതിന്റെ പേരിൽ ഒരു ക്രൈസ്തവനും അന്നും രംഗത്തിറങ്ങിയില്ല. കാരണം അന്നും മലയാളിയുടെ ആസ്വാദനതലത്തെ മതം ഇത്രമേൽ സ്വാധീനിച്ചിരുന്നില്ല.
കാലം മാറി ! 2010 ആയി ! അന്നാണ് കേരളത്തെ ബാധിച്ചിരിക്കുന്ന മതവെറിയുടെ ആഴം എത്രമേൽ ഭയാനകമായിരുന്നുവെന്ന് ജോസഫ് സാറിന്റെ അറ്റുപോയ വിരലുകളിലൂടെ നമ്മൾ തിരിച്ചറിയുന്നത്. Blasphemy എന്നതിനെ ഏതുരീതിയിലും വ്യാഖ്യാനിക്കപ്പെടാൻ കഴിയുമെന്ന തിരിച്ചറിവ് ഉണ്ടായത്. മുഹമ്മദ് എന്ന പേര് സാങ്കല്പികമായി ചിത്രീകരിക്കുന്നതിന് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്ന് പൊതുസമൂഹത്തിനു ബോധ്യം വന്നത്. ഒരു ചോദ്യപേപ്പറിൽ പോലും പ്രവാചകനിന്ദ കണ്ടെത്താൻ കഴിയുന്ന തരം സൈക്കോസിസ് ബാധിച്ച ഒരു വിഭാഗം നമുക്കിടയിൽ ഉണ്ടെന്ന തിരിച്ചറിവ് സൃഷ്ടിച്ച മാറ്റം വലുതായിരുന്നു മലയാളി മനസ്സുകളിൽ !
അതിനുശേഷം വോട്ടുബാങ്ക് രാഷ്ട്രീയം ഇവിടെയുണ്ടാക്കി വച്ച മത പ്രീണനം എത്രത്തോളം കലാസൃഷ്ടികളെ സ്വാധീനിക്കുമെന്ന് നമ്മൾ കണ്ടു തുടങ്ങി. മലയാളസിനിമ തന്നെ ഒരു ലോബിക്ക് (മട്ടാഞ്ചേരി) ചുറ്റും കറങ്ങി തുടങ്ങി. പറ്റാവുന്ന ഇടത്തൊക്കെ മതം തിരുകി കയറ്റി തുടങ്ങി. ഒരു മതവിഭാഗത്തിലെ ആചാരങ്ങളെ അപമാനിക്കുന്ന കലാസൃഷ്ടികൾക്ക് മാർക്കറ്റ് കിട്ടുമെന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തിയപ്പോൾ നല്ല കാമ്പുള്ള പ്രമേയങ്ങളിൽ പോലും ഹൈന്ദവവിരുദ്ധതയിടുന്നത് കാലത്തിന്റെ അനിവാര്യതയായി.
ഒപ്പം 1980-90 കാലഘട്ടങ്ങളിലെ പത്മരാജൻ - ഭരതൻ , പ്രിയദർശൻ സിനിമകളെ ഫോക്കസ് ചെയ്ത് സംവിധായകനോ അന്നത്തെ കാണികളോ കാണാതിരുന്ന സവർണ്ണ ഫാസിസവും ഒളിച്ചുകടത്തും സമർത്ഥമായി മാർക്കറ്റ് ചെയ്യുന്ന പൊളിറ്റിക്കൽ കറക്ട്നെസ്സുകാരുടെ ഇടിച്ചുകയറ്റവും കൂടിയായപ്പോൾ ഒക്കെ പൂർണ്ണമായി. ഒന്നോർത്തു നോക്കൂ - തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമ അന്ന് ആസ്വദിച്ചവർ ശ്രദ്ധിച്ചത് അതിലെ മുഖ്യ പ്രമേയമായ വൃദ്ധസദനത്തിലേയ്ക്ക് തള്ളപ്പെടുന്നവരുടെ മാനസികാവസ്ഥയായിരുന്നെങ്കിൽ ഇന്നതിൽ ആരോപിക്കുന്നത് സവർണ്ണ ഫാസിസമാണ്. വാത്സല്യത്തിലെ മേലേടത്ത് രാഘവൻനായർ ഇന്ന് പലർക്കും സ്ത്രീ വിരുദ്ധനാണ്. അങ്ങനെ ഒരു അപനിർമ്മിതി നമ്മുടെ പൊതുബോധത്തിലേയ്ക്ക് ആഴത്തിൽ കുത്തിയിറക്കാൻ നല്ല ശ്രമം നടക്കുന്നുണ്ട്.
നാദിർഷയുടെ പുതിയ സിനിമയായ ഈശോ not from the Bible എന്നതിനെ മുൻനിറുത്തി വിവാദമുണ്ടായപ്പോൾ ഇതൊക്കെയും കൂടി ആമുഖമായി എഴുതിക്കൊണ്ട് തന്നെ ഒരു പോസ്റ്റിടണമെന്നു തോന്നി. വിവാദം കണ്ടപ്പോൾ ആദ്യം തോന്നിയത് ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ്. കാരണം നാദിർഷയെ പോലൊരാൾ എന്തായാലും മറ്റൊരു മതത്തെയോ വിശ്വാസത്തെയോ നിന്ദിക്കാൻ മുതിരില്ല എന്നൊരു വിശ്വാസമുണ്ട്. വൈദികനായ ആബേലച്ചന്റെ കലാഭവനിൽ നിന്നും കലാരംഗത്തെത്തിയ നാദിർഷയ്ക്ക് അതിന് കഴിയില്ല. മൂന്നു മാസം മുമ്പിറങ്ങിയ സിനിമാ പോസ്റ്ററും പേരും ഇപ്പോൾ വിവാദ വിഷയമായതെങ്ങനെയെന്നും ചിന്തിച്ചപ്പോൾ മനസ്സിലായി ആരുടെയോ കുബുദ്ധിയാണതിനു പിന്നിൽ എന്ന് . ആരോ ഇളക്കി വിട്ട സംഗതി ഏറ്റുപ്പിടിച്ച സഭയും വിശ്വാസികളും വാളെടുത്തപ്പോൾ ടാഗ് ലൈൻ മാറ്റാൻ തയ്യാറായി നാദിർഷ !
ചില വൈദികരുടെയും വിശ്വാസികളുടെയും ഈ വിഷയത്തിന്മേലുള്ള പ്രതികരണം കണ്ടപ്പോൾ ജോസഫ് മാഷിനെയും ഭാര്യ സലോമിയെയും ഓർത്തുപോയി. കൃഷിയിടത്തിലെ കള പറിക്കരുതെന്നാണ് യേശു വചനമെങ്കിലും കള പറിക്കാനിറങ്ങിയ സഭാധികാരികൾ ജോസഫിനെ കളയായി കണ്ടു പറിച്ചുമാറ്റാൻ ശ്രമിച്ചതും ഓർത്തുപോയി. സിറിയയിൽ ആടു മെയ്ക്കാനിറങ്ങിയ ഇടയന്മാരെ കാണാത്ത, അതിനെതിരെ പ്രതികരിക്കാൻ ധൈര്യമില്ലാത്ത ടീമുകൾ നാദിർഷയ്ക്കെതിരെ തിരിയുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്. ഉടലിനു മീതേ തല കാണുമെന്നറിയാവുന്നതിനാൽ നാദിർഷയ്ക്കെതിരെ പറയും. പക്ഷേ തീവ്രവാദ ടീംസിനെതിരെ തിരിഞ്ഞാൽ ഒരുപാട് തലകൾ ഉരുളുമെന്നറിയാം.
അതവിടെ നില്ക്കട്ടെ ! ' ഇതൊരു മുസ്ലിം സബ്ജക്ടാണ് , ഒരു ചേഞ്ച് . കല്ലായിയിലെ മരം വ്യാപാരിയായ അവറാൻ ഹാജി. ഈ ഹാജ്യാർക്കു മൂന്നു ഭാര്യമാർ.. മൂന്നു ഭാര്യമാരിലായി നാല് ആണ്മക്കൾ. പാവക്കൂത്ത് എന്ന സിനിമയിൽ രാമായണകഥയെ മുസ്ലിം സബ്ജക്ടായി അവതരിപ്പിക്കുന്ന മാമുക്കോയയുടെ തഗ് ലൈഫ് പോലെയുള്ള ഐറ്റംസ് ഒന്നും ഇനി നമുക്ക് വെള്ളിത്തിരയിൽ കാണാൻ കഴിയില്ല.
അത്രമേൽ മത കലുഷിതമാക്കപ്പെട്ടു കഴിഞ്ഞു നമ്മുടെ ആസ്വാദനം പോലും അതിന്റെ ഉത്തരവാദികൾ ആരെന്നു തിരിച്ചറിയേണ്ട ബാധ്യതയും നമുക്കുണ്ട്. ബിരിയാണിചെമ്പിൽ വെന്ത സ്ത്രീവിരുദ്ധതയും പാട്രിയാർക്കിയും കാണാത്തവരെല്ലാം അടുക്കള സിങ്കിൽ മാത്രം സ്ത്രീ വിരുദ്ധതയും മതവും കാണുമ്പോൾ ആസ്വാദനത്തിൽ മതം അറിയാതെ കലർന്നുപോകുന്നതിനെ എങ്ങനെ വിമർശിക്കാൻ കഴിയും?