- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഇന്നിതാ ഒരു തെറ്റും ചെയ്യാതെ വെറുക്കപ്പെട്ട വസന്തയെന്ന അമ്മ! ബോബി ചെമ്മണ്ണൂർ എന്ന മനുഷ്യനോട് സത്യത്തിൽ ആത്മാർത്ഥമായ ആരാധന തോന്നുന്നത് ഇപ്പോൾ; കാള പെറ്റെന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്ന സോഷ്യൽ മീഡിയ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുന്ന സാമൂഹ്യമാധ്യമ തൊഴിലാളികളിൽ ഒരാളാണ് ഞാനുമെന്ന കുറ്റബോധത്തോടെ തന്നെ പറയട്ടെ സോഷ്യൽ ജഡ്ജ്മെന്റിങ്ങിൽ തല്ക്കാലം പിലാത്തോസ് ആവുകയെന്നതാണ് നിലവിലെ തികഞ്ഞ മാന്യത. വിചാരത്തേക്കാൾ വികാരത്തിനു മുൻതൂക്കം നല്കുന്ന സോഷ്യൽ മീഡിയാ വിധിയെഴുത്തിൽ പലപ്പോഴും നിരപരാധികൾ കുറ്റവാളികളാവാറുണ്ട്. അതിലെ ഒടുവിലത്തെ ഉദാഹരണമാണ് നെയ്യാറ്റിൻകര ആത്മഹത്യയും വസന്തയെന്ന സ്ത്രീയും.
ചാനലുകളിലും സോഷ്യൽ മീഡിയാസൈറ്റുകളിലും കണ്ട അതിവൈകാരികമായ രംഗങ്ങൾ കാരണം വിചാരത്തേക്കാൾ വികാരം മുന്നിട്ടു നിന്നുവെന്നത് നേര്. അത്രയേറെ പൊള്ളിപ്പിച്ച ഒന്നായിരുന്നു ആ കുട്ടികളുടെ കരച്ചിലും ചോദ്യങ്ങളും. ഒപ്പം പൊലീസിന്റെ ഭാഗത്ത് നിന്ന് അന്നുണ്ടായ ധാർഷ്ടൃവും. അതിനെ നന്നായി മാർക്കറ്റ് ചെയ്ത മാധ്യമങ്ങളും മാധ്യമപ്രവർത്തകരും കൂടിയായപ്പോൾ വസന്ത എന്ന സ്ത്രീ ഏവരുടെയും കണ്ണിലെ കരടായി.
വാർത്തകളിൽ അവർ ദളിതർക്ക് കൊടുത്ത ഭൂമി കയ്യേറിയ താടകയായി. അവിടുത്തെ നാട്ടുകാരുടെ ഭാഷ്യത്തിൽ അവർ കള്ളക്കേസുകൾ കൊടുത്ത് കോളനിയിലെ മനുഷ്യരെ പീഡിപ്പിക്കുന്ന ദുഷ്ടയായി. പാർട്ടിയെ സ്വാധീനിച്ച് പൊലീസിനെ വശത്താക്കുന്ന സ്ത്രീയായി. ലൈവ് വീഡിയോ ഇട്ട മാധ്യമ പ്രവർത്തകയുടെ നോട്ടത്തിൽ അവർ വച്ച വലിയ വീടും മറ്റും സംശയത്തിന്റെ നിഴലിലുമായി. മാത്രമോ അവർ ഭൂമാഫിയാ ഏജന്റ് പോലുമായി. സ്വന്തം അയൽക്കാരന്റെ വീട്ടിലെ പ്ലാവിൽ നിന്നു വീഴുന്ന പ്ലാവിലയുടെ പേരിൽ പോലും തല്ലുണ്ടാക്കുന്ന മനുഷ്യരെല്ലാം ഒറ്റ നിമിഷം കൊണ്ട് നന്മ മരങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞാടിയപ്പോൾ സ്വന്തം ഭൂമിയിൽ നടന്ന കയ്യേറ്റത്തിനെതിരെ നിയമപരമായി പോരാടിയ വസന്തയെന്ന സ്ത്രീ സമൂഹതിന്മയായി മാറി.
സത്യം ചെരുപ്പിട്ടു വരുമ്പോഴേയ്ക്കും നുണ നാലു തവണ ലോകം ചുറ്റി വന്നിട്ടുണ്ടാകുമെന്ന ചൊല്ല് പോലെ ഇന്നിതാ സത്യം മുന്നിൽ നില്ക്കുമ്പോൾ മുന്നേ സഞ്ചരിച്ച നുണകളെല്ലാം റിവേഴ്സ് ഡയറക്ഷനിലാണ് ഇപ്പോൾ. വസന്ത എന്ന അമ്മ ഒരർത്ഥത്തിലും ഇവിടെ തെറ്റുകാരിയേ അല്ല. അതുപോലെ ആ കുട്ടികളും. അന്ന് കുട്ടികളുടെ കൂടെ നിന്ന് ആശ്വസിപ്പിച്ചവരിൽ പലരും അവരെ പഴിക്കാൻ തുടങ്ങിയിരിക്കുന്നു. എന്തിന്? അവരെന്തു തെറ്റ് ചെയ്തു. ? ഇവിടെ ആരെ പഴിക്കാനാണ് ശരിക്കും നമുക്ക് അധികാരം? ആരെയുമില്ല.!
വിവരാവകാശ രേഖ നല്കിയ തെറ്റായ വിവരം മാത്രം സത്യമെന്നു വിശ്വസിച്ച് വല്ലവരുടെയും പറമ്പിൽ ഷെഡ് കെട്ടിയ ശ്രീ രാജനോ ? (അയാളോട് ഇപ്പോൾ തരിമ്പും ദയവ് തോന്നുന്നില്ലയെന്ന സത്യത്തിന് കാരണം പാവ പോലെ നിന്ന ഒരു സ്ത്രീയുടെ മരണത്തിനു വഴിവച്ച മനുഷ്യൻ എന്ന നിലയിലാണ്. ) അച്ഛനുമമ്മയും എരിഞ്ഞു തീരുന്നത് കാണേണ്ടി വന്ന ട്രോമയിൽ സമനില തെറ്റി കരഞ്ഞ, പെരുമാറിയ ആ കുട്ടികളെ എങ്ങനെ പഴിക്കാനാണ് നമുക്ക് കഴിയുക ? ശരിക്കും അവർ തെറ്റുകാരേയല്ല. അതിനാൽ അവരെ വെറുതെ വിടുക.
ബോബി ചെമ്മണ്ണൂർ എന്ന മനുഷ്യനോട് സത്യത്തിൽ ആത്മാർത്ഥമായ ആരാധന തോന്നുന്നത് മറ്റാർക്കും തോന്നാത്ത രീതിയിൽ ഈ പ്രശ്നത്തെ മനുഷ്യത്വപരമായി കൈകാര്യം ചെയ്ത മനുഷ്യൻ എന്ന നിലയിലാണ്. വസന്തയെന്ന അമ്മയിൽ നിന്നും അവരുടെ ഭൂമി വില കൊടുത്ത് വാങ്ങി ആ കുട്ടികൾക്ക് നല്കി. അവരുടെ മാതാപിതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണെന്ന ഒറ്റ വൈകാരികത മുൻ നിറുത്തി ആ സ്ഥലം വാങ്ങിയ അദ്ദേഹം വസന്തയെന്ന അമ്മയിൽ ശരി കണ്ടു. എന്നിട്ടും അവിടെയും നമ്മൾ അടങ്ങിയില്ല. അല്ലെങ്കിൽ നമ്മെ അടക്കാൻ മാധ്യമങ്ങൾ സമ്മതിച്ചില്ല എന്നതാണ് സത്യം. ഇതേ എരിപിരി എവിടെ നിന്നോ കിട്ടിയ ആ കുഞ്ഞുങ്ങളും ചെമ്മണൂരിന്റെ സഹായത്തെ തള്ളാൻ പ്രേരിതമായി.
ഒക്കെയും കഴിഞ്ഞു. ഒക്കെയും തെളിഞ്ഞു. ഇപ്പോൾ ആ കുട്ടികളോടെന്ന പോലെ സ്നേഹം വസന്തയെന്ന അമ്മയോടും തോന്നുന്നു. ശരിക്കും അപമാനിക്കപ്പെട്ടത് അവരാണ്. ശരിക്കും നൊന്തതും അവർക്കാണ്. ശരിയല്ലേ? തല്ലാനും കൊല്ലാനും ഗുണ്ടായിസത്തിനും നില്ക്കാതെ നേരായ നിയമവഴിയിലൂടെയല്ലേ അവർ സഞ്ചരിച്ചത് ? ഒരു വൈകാരിക നിമിഷത്തിൽ ഒരു മനുഷ്യൻ എടുത്ത തെറ്റായ തീരുമാനം കാരണം നഷ്ടവും നോവും ആർക്കൊക്കെയാണ്? ജീവൻ നഷ്ടപ്പെട്ട ഒരു സ്ത്രീ, അനാഥരായ രണ്ട് കുട്ടികൾ, കർത്തവ്യബോധം കൂടി വിവേകം കുറഞ്ഞപ്പോൾ കൊലയാളിയെന്നു പഴി കേൾക്കേണ്ടി വന്ന പൊലീസുകാരൻ അനിൽ കുമാർ, ഒരു തെറ്റും ചെയ്യാതെ വെറുക്കപ്പെട്ട വസന്തയെന്ന അമ്മ! എത്ര പേർ!
നെയ്യാറ്റിൻകരയിൽ സോഷ്യൽ ജഡ്ജ്മെന്റ് നടത്തിയ പരമാനന്ദത്തിൽ, അവിടെ പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തിയ ഉന്മാദത്തിൽ ഞാനടങ്ങുന്ന ദ സോ കോൾഡ് പ്രബുദ്ധ മലയാളിയിതാ അടുത്ത വിചാരണയ്ക്ക് ഒരുങ്ങി കഴിഞ്ഞു. എല്ലാ കണ്ണുകളും ഇപ്പോൾ കടയ്ക്കാവൂരിലാണ്. മാധ്യമവാർത്തകൾ ചൂടോടെ വിളമ്പിയ ഇൻസെസ്റ്റ് പീഡനത്തിന്റെ പിന്നാലെയാണ്. ആർക്കറിയണം സത്യം? ആർക്ക് കാണണം അന്യരുടെ നോവ്?