രു റേപ്പ് ജോക്കിന്റെ പേരിലുള്ള വാദപ്രതിവാദങ്ങളാൽ കലുഷിതമാവുകയാണ് സോഷ്യൽമീഡിയ. കൺമുന്നിൽ തുടർച്ചയായി മൂന്ന് പീഡനക്കേസുകൾ നടന്നിട്ടും ഒരക്ഷരം മിണ്ടാതെ വായ മൂടിക്കെട്ടിയിരുന്ന സൈബറിടങ്ങളിലെ എഴുത്തുപരിസരങ്ങളിലൊക്കെ അതി വൈകാരികതയോടെ തന്നെ പ്രതിപക്ഷനേതാവിന്റെ റേപ്പ് ജോക്കും Rape is not a joke ഹാഷ്ടാഗും ഉയർന്നുനില്ക്കുന്നു. ഒരു കാര്യത്തിൽ ശ്രീ.രമേശ് ചെന്നിത്തലയോട് നന്ദിയുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മൂന്ന് അതിപ്രാകൃതമായ പീഡനവാർത്തകൾ വന്നിട്ടും വായ്ക്കുള്ളിൽ പഴം തിരുകി വച്ചിരുന്ന സകലമാന അമാനവ-മാക്രി ടീംസും സ്ത്രീപക്ഷടീംസും സാംസ്‌കാരികനായകളും പഴം വിഴുങ്ങിയശേഷം തങ്ങളുടെ സംസാരശേഷി വീണ്ടെടുക്കാൻ തയ്യാറായത് ചെന്നിത്തലയുടെ ഒരൊറ്റ പ്രസ്താവനകൊണ്ടാണ്.

ഊളത്തരത്തിന്റെ ഭീകര വേർഷനായ ചോദ്യം! അതിനു നല്കിയ ഉത്തരമാകട്ടെ തികച്ചും പരിതാപകരം. ചോദ്യത്തിന്റെ നിലവാരം വച്ച് നോക്കുമ്പോൾ ഇതിൽ കുറഞ്ഞൊരു മറുപടി എന്ത് എന്ന് ഒരു നിമിഷം ചിന്തിച്ചേക്കാം. പക്ഷേ ഉത്തരം പറഞ്ഞയാൾ വെറുമൊരു സാധാരണക്കാരനല്ല. ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ അമരത്ത് ഇരിക്കുന്നയാളാണ്. എത്രമേൽ പ്രകോപനപരമായ ചോദ്യങ്ങൾ ചോദിച്ചാലും വിഷയത്തിന്റെ ഗൗരവമനുസരിച്ച് ഉത്തരം പറയുക എന്നതും രാഷ്ട്രീയത്തിലെ മാന്യതയാണ്. ഒരു തരത്തിലും ശ്രീ.രമേശ് ചെന്നിത്തലയെ ഈ വിഷയത്തിൽ പിന്തുണയ്ക്കുന്നില്ല. പീഡനമെന്നത് തമാശയോ കളിവാക്കോ അല്ല. ഒരുവൾക്ക് കടന്നുപോകേണ്ടി വരുന്ന ഏറ്റവും വിഷമകരമായ, നോവിക്കുന്ന, പൊള്ളിക്കുന്ന നിസഹായവസ്ഥയാണ്. ആ വാക്കിനെ ഇത്ര അപക്വമായി സമീപിച്ചത് ഒരു രാഷ്ട്രീയനേതാവിന്റെ പരാജയം തന്നെയാണ്.

പക്ഷേ! രമേശ് ചെന്നിത്തല മാത്രമാണോ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയ കേരളത്തിലെ ഒരേയൊരു രാഷ്ട്രീയനേതാവ് ? പറയുമ്പോൾ എല്ലാം പറയണമല്ലോ!സ്ത്രീകളുള്ളിടത്ത് ബലാത്സംഗം ഉണ്ടാവുമെന്നു വളരെ ലാഘവത്തോടെ സരസമായി, ലളിതമായി പറഞ്ഞത് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.! അദ്ദേഹത്തിന്റെ പേര് നായനാരെന്നും നയിച്ചിരുന്ന പാർട്ടിയുടെ പേര് സിപിഎം എന്നുമായിരുന്നു. പല തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന അഭിസാരികയുടെ അവസ്ഥയാണ് സിന്ധുജോയിക്ക് കോൺഗ്രസിൽ ഉള്ളതെന്ന് പരസ്യമായി പ്രസ്താവിച്ചത് വന്ദ്യവയോധികനായിരുന്ന ഒരു പ്രതിപക്ഷനേതാവായിരുന്നു. അദ്ദേഹത്തിന്റെ പേര് വി എസ്. അച്യുതാനന്ദനെന്നും നയിച്ചിരുന്ന പാർട്ടിയുടെ പേര് സിപിഎം എന്നുമായിരുന്നു. ഇതേ സിന്ധുജോയി വിപ്ലവപ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐ എന്ന പ്രസ്ഥാനത്തിനു വേണ്ടി വിളിച്ച മുദ്രാവാക്യങ്ങളോളം കൂടുതൽ മറ്റാരെങ്കിലും വിളിച്ചിരുന്നുവോയെന്ന് സംശയമാണ്.

മലമ്പുഴയിൽ തനിക്കെതിരെ മത്സരിച്ച കോൺഗ്രസ്സിലെ ലതികാ സുഭാഷിനെതിരെ സഖാക്കളുടെ പടത്തലവൻ പത്രപ്രസ്താവന നടത്തിയതിങ്ങനെയായിരുന്നു- ആ സ്ത്രീയുടെ പ്രശസ്തി ഏത് തരത്തിലാണെന്നു ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ! ആ സ്ഥാനാർത്ഥിയുടെ പേര് വി എസ്.അച്യുതാനന്ദനെന്നും മത്സരിച്ച പാർട്ടി സിപിഎമ്മും ആയിരുന്നു. ആലപ്പുഴയിൽ മത്സരിച്ച കോൺഗ്രസ്സിലെ ഷാനിമോൾ ഉസ്മാനെ പൂതനയെന്ന് വിളിച്ച ഒരു പൊതുമരാമത്ത് മന്ത്രി നമുക്കുണ്ട്. അദ്ദേഹത്തിന്റെ പേര് സുധാകരനെന്നും അദ്ദേഹം പ്രവർത്തിക്കുന്ന പാർട്ടിയുടെ പേര് സിപിഎം എന്നുമാണ്.

ആലത്തൂരിൽ മത്സരിച്ച കോൺഗ്രസ്സിലെ രമ്യാ ഹരിദാസിനെ കുറിച്ച് പൊന്നാനിയിൽ പിവി അൻവറിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടെ പ്രമുഖ സഖാവ് പറഞ്ഞത് ഇങ്ങനെയാണ്- സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോൾ പറയാനാവില്ല. 'ഒരു ജനപ്രതിനിധിയായ പെൺകുട്ടിയെ കുറിച്ച് അശ്ലീലപരാമർശം നടത്തിയ പ്രമുഖന്റെ പേര് വിജയരാഘവനെന്നും അദ്ദേഹത്തിന്റെ സ്ഥാനം എൽ.ഡി.എഫ് കൺവീനറെന്നുമായിരുന്നു. ഒരു വനിതാ പ്രിൻസിപ്പാളിനു വാതിലടച്ച് മറ്റേ പണിയാണെന്ന് പരസ്യമായി പ്രസംഗിച്ച ഒരു ഗ്രാമ്യഭാഷാപണ്ഡിതനായ ഒരു വൈദ്യുതി മന്ത്രി കേരളത്തിനുണ്ട്. അദ്ദേഹത്തിന്റെ പേര് എം.എം. മണിയെന്നും അദ്ദേഹം പ്രവർത്തിക്കുന്ന പാർട്ടിയുടെ പേര് സിപിഎം എന്നുമാണ്. ഇതൊക്കെ പ്രമുഖ ഇടതുനേതാക്കളുടെ സംസ്‌കാരത്തിൽ നിന്നും ഉരുത്തിരിഞ്ഞ മഹദ്വചനങ്ങളാണ്.

ഇത്തരുണത്തിൽ വിപ്ലവപ്രസ്ഥാനത്തിലെ മഹാരഥന്മാർ നടത്തിയ തീർത്തും മ്ലേച്ഛമായ സ്ത്രീവിരുദ്ധപരാമർശങ്ങൾക്കെതിരെ നാളിതുവരെയായി കമാന്നൊരക്ഷരം പറയാതിരുന്ന തൊമ്മിക്കുഞ്ഞുങ്ങളാണ് ഒരൊറ്റ ദിവസം കൊണ്ട് പ്രതിപക്ഷനേതാവിന് മൂല്യബോധത്തിന്റെ ക്ലാസ്സെടുക്കുന്നത്. ഇടതുസാംസ്‌കാരികനായകളും നവോത്ഥാന-പുരോഗമനനാറികളും വരിവരിയായി നിരന്നു നിന്ന് ഇഷ്ടികചുമന്ന് സ്ത്രീസുരക്ഷയുടെ വനിതാമതിൽ കെട്ടിയ സാക്ഷരകേരളത്തിലാണ് ഈ മഹാമാരികാലത്ത് ഏറ്റവും നിന്ദ്യമായ മൂന്ന് പീഡനങ്ങൾ നടന്നത്. മൂന്നും ആരോഗ്യവകുപ്പ് പ്രതിക്കൂട്ടിലാകുന്ന സാഹചര്യങ്ങളിലും. എന്നിട്ടും കമാന്നൊരക്ഷരം മിണ്ടാതെ വായിൽ പഴം തിരുകിവച്ചിരുന്ന ടീംസാണ് ഇപ്പോൾ പീഡനം പ്രതി പ്രസ്താവന നടത്തിയ പ്രതിപക്ഷനേതാവിനോട് മാപ്പപേക്ഷ നടത്താൻ ആവശ്യപ്പെടുന്നത്. ജീവൻരക്ഷാവാഹനമായ ആബുലൻസിൽ വച്ച് രോഗിയായ, തീർത്തും നിരാലംബയായ ഒരു പെൺകുട്ടിയെ ആബുലൻസ് ഡ്രൈവർ പീഡിപ്പിച്ചപ്പോൾ ഒരക്ഷരം മിണ്ടിയോ നീയൊക്കെ? ഒരു ആരോഗ്യപ്രവർത്തകന്റെയോ, പ്രവർത്തകയുടെയോ സാന്നിധ്യമില്ലാതെ ഒരു ആംബുലൻസ് ഡ്രൈവറോടൊപ്പം കോവിഡ് രോഗിയായ പത്തൊൻപതുകാരി പെൺകുട്ടിയെ രാത്രിയിൽ യാത്ര ചെയ്യാൻ വിടുന്നതാണോ കേരള മോഡൽ സുരക്ഷയെന്ന് വായ തുറന്ന് ചോദിക്കാൻ ധൈര്യമുണ്ടോ നിനക്കൊക്കെ?

ക്വാറന്റൈനിലായിരുന്ന യുവതിയെ കെട്ടിയിട്ട് വായിൽ തോർത്ത് തിരുകി ഹെൽത്ത് ഇൻസ്‌പെക്ടർ ക്രൂരമായി പീഡിപ്പിച്ചുവെന്ന് കേട്ടപ്പോൾ ഒരക്ഷരം മിണ്ടിയോ നാറിമണികളേ? ഫാർമസിസ്റ്റ് പെൺകുട്ടിയെ ഡോക്ടർ പീഡിപ്പിച്ച ശേഷം 500 രൂപ മുദ്രപത്രത്തിൽ ഇനി പീഡിപ്പിക്കില്ലെന്ന് ഒപ്പിട്ടു നല്കിയ മൂന്നാമത്തെ സംഭവത്തിനെതിരെ എന്തേ നിന്റെയൊക്കെ ധാർമ്മികരോഷം തിളച്ചുപൊന്തിയില്ല? ഡോക്ടർ മുതൽ ആബുലൻസ് ഡ്രൈവർ വരെ ഒരേ വിഷയത്തിൽ സ്ത്രീശരീരങ്ങളിൽ ഗവേഷണം നടത്തിയിട്ടും മിണ്ടാതെയിരുന്ന നിനക്കൊക്കെ എന്ത് യോഗ്യതയുണ്ട് അടിമകളെ ഇപ്പോൾ ഈ വിഷയത്തിൽ മാത്രം പ്രതികരിക്കാൻ? അടൂർ, കുളത്തൂപ്പുഴ, പത്തനംതിട്ട ഇവ മൂന്നും കേരളത്തിലായതുകൊണ്ട് മാത്രം വായിൽ പഴം തിരുകിവച്ചിരുന്ന നിനക്കൊക്കെ നേരം വെളുക്കുവാൻ രമേശ് ചെന്നിത്തലയുടെ പ്രസ്താവന വേണ്ടി വന്നു. പീഡകന്മാർ ഡോക്ടർ,ഹെൽത്ത് ഇൻസ്‌പെക്ടർ,ആബുലൻസ് ഡ്രൈവർ എന്നീ ജീവൻരക്ഷാവകുപ്പ് കൈകാര്യം ചെയ്യുന്നവരും ടീച്ചറമ്മ ആ വകുപ്പിന്റെ തലപ്പത്ത് ആയതിനാലും തല്ക്കാലം തുണിയുരിഞ്ഞ് സമരം ചെയ്യാൻ ഒരു സ്ത്രീപക്ഷ ടീംസും തയ്യാറായിരുന്നില്ല.

വരുന്നത് സർക്കാർ ആംബുലൻസ് ആണെന്നും അതിൽ സുരക്ഷിതത്വവും ഉത്തരവാദിത്തവും ഉണ്ടെന്ന ഉറപ്പിന്മേലുമാണ് ഒരു പെൺകുട്ടിയെ യാത്ര ചെയ്യാൻ കുടുംബം അനുവദിക്കുന്നത്. അതല്ലാതെ ഏത് രക്ഷകർത്താക്കളാണ് ഏതെങ്കിലും ആംബുലൻസ് വന്ന് നിന്നാൽ അതിൽ മകളെ കയറ്റി വിടുന്നത്? ഒരു അച്ഛനും അമ്മയ്ക്കും പത്തൊൻപത് വയസ്സുകാരി പെൺകുട്ടിക്കും സർക്കാർ സിസ്റ്റത്തിലുള്ള വിശ്വാസത്തെ തകർത്ത ആരോഗ്യവകുപ്പിന്റെ പോരായ്മയിൽ, കുത്തഴിഞ്ഞ കേരള മോഡലിൽ കുറ്റം കാണാത്ത നീയൊക്കെയാണ് Rape is not a joke എന്ന് പറയുന്നത്. പീഡനം ഒരു കളിവാക്കല്ല. മൂന്ന് പെൺകുട്ടികളുടെ നിസഹായവസ്ഥ എന്നു കൂടി അതിനു അർത്ഥമുണ്ട്. അത് കളിവാക്കായി ഉപയോഗിക്കുന്ന പഴയ ഫ്യൂഡൽ മനോഭാവം പോലെ അപകടകരമാണ് നീയൊക്കെ കാണിക്കുന്ന സെലക്ടീവ് മൗനവും. നീയൊക്കെ വിധേയനിലെ സെന്റ് മണക്കുന്ന തൊമ്മിയേക്കാൾ എത്രയോ കീഴെയാണെന്ന് മനസ്സിലാക്കുക. മറ്റൊരു തൊഴിലും അറിയാത്തതിനാൽ അടിമയായി പോയതാണ് തൊമ്മി. പക്ഷേ നീയൊക്കെയോ?