- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നടിയുടെ ഇൻസ്റ്റാ പോസ്റ്റ് നോക്കി ഇൻസ്റ്റന്റായി നീതിപാലനം; മാധ്യമപ്രവർത്തകൻ പ്രദീപിന്റെ ദുരൂഹമരണത്തിലെ ചുരുളഴിക്കാൻ ഒൻപതു ദിവസമായിട്ടും ആഭ്യന്തര വകുപ്പിന് സമയമില്ല; നെല്ലും പതിരും തിരിച്ചറിയപ്പെടുന്നതു വരെ പ്രദീപിനായി പോരാടും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
മാധ്യമപ്രവർത്തനമെന്നാൽ പട്ടേലരന്മാരുടെ സെന്റ് മണക്കലല്ലായെന്നും മറിച്ച് നീതിക്കും സത്യത്തിനും വേണ്ടി നിരന്തരം നിലക്കൊള്ളേണ്ടതാണെന്നും ജീവിതം കൊണ്ടു തെളിയിച്ച ഒരു മനുഷ്യൻ ദുരൂഹമായി മരണപ്പെട്ടിട്ട് ഇന്നേയ്ക്ക് ഒൻപത് ദിവസം. നേരിനൊപ്പം നിർഭയനായി സഞ്ചരിച്ച ഒരു മാധ്യമപ്രവർത്തകന്റെ അപകട മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും അപകടദിവസം മുതൽ അമ്മയും ഭാര്യയും ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് കേരളാ പൊലീസ് അവരുടെ മൊഴി പോലും രേഖപ്പെടുത്താൻ തയ്യാറാവുന്നില്ല? ലുലു മാളിൽ വച്ച് ദുരനുഭവം നേരിട്ട യുവനടിക്കായി പരാതി ലഭിക്കാതെ തന്നെ നടിയുടെ ഇൻസ്റ്റാ പോസ്റ്റ് നോക്കി ഇൻസ്റ്റന്റ്റായി നീതിപാലനം നടത്താൻ തുനിഞ്ഞിറങ്ങിയ ആഭ്യന്തരവകുപ്പ് എന്തുകൊണ്ട് ഒരു മാധ്യമ പ്രവർത്തകന്റെ ദുരൂഹമരണത്തിലെ ചുരുളഴിക്കാൻ ഒൻപതു ദിവസമായിട്ടും മുതിരുന്നില്ല?
കേരളത്തിലെ തന്നെ വീതിയേറിയ ദേശീയപാതകളിൽ ഒന്നായ NH 66 കടന്നു പോവുന്ന ഹൈവേയിൽ തന്നെ വീണ്ടും വീതി കൂട്ടിയ കരമന-പ്രാവച്ചമ്പലം റൂട്ടിലെ ഏറ്റവും വീതിയേറിയ ഭാഗത്ത് വച്ചുണ്ടായ അപകടം. സംശയിക്കാൻ ഒരുപാട് കാരണങ്ങൾ! ആ സിസിടിവി ദൃശൃങ്ങൾ കണ്ട ഏതൊരാൾക്കും തോന്നുന്ന സംശയങ്ങൾ വിരൽ ചൂണ്ടുന്നത് ആസൂത്രിത അപകടത്തിലേയ്ക്ക്. ഇത്രയും തിരക്കേറിയ റോഡിൽ നടന്ന സംഭവമായിരുന്നിട്ടും ആദ്യ ദിവസം ദൃക്സാക്ഷികളെ കണ്ടെത്താനോ ഇടിച്ചു വീഴ്ത്തിയ വാഹനം കണ്ടെത്താനോ കഴിയാതെ പോയ പൊലീസ്. മരണപ്പെട്ട ആളുടെ ഐ.ഡി പോക്കറ്റിൽ ഉണ്ടായിട്ടും അശുപത്രിയിൽ എത്തിച്ചത് അൺ ഐഡന്റിഫൈഡ് ആയിട്ട്. ഒക്കെയും പോകട്ടെ ഉച്ചഭക്ഷണത്തിനെത്തേണ്ട മകൻ വീടിനടുത്തായി തന്നെ അകാലത്തിൽ മരണപ്പെട്ട ആധിയിൽ വെന്തുരുകി നീറിപ്പിടഞ്ഞ അമ്മയോട് പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നല്കാൻ ആവശ്യപ്പെട്ട നേമം പൊലീസിന്റെ നീതിബോധം! അപകട സ്ഥലത്ത് ഇതര വാഹനങ്ങൾക്കു കടന്നു പോകാൻ ആവശ്യത്തിലധികം സ്ഥലം ഉണ്ടായിട്ടും ഉണർന്നു പ്രവർത്തിച്ച് അപകടസ്ഥലം കഴുകി വൃത്തിയാക്കാൻ വ്യഗ്രത കാട്ടിയ കേരളാ ഫയർ ഫോഴ്സ് ഇടപെടൽ ഒക്കെ ദുരൂഹത വർദ്ധിപ്പിക്കുന്നു.
ഈ അപകട മരണത്തിൽ ഏറ്റവും സംശയകരമായി തോന്നുന്ന ഒന്നാണ് മുഖ്യധാരാമാധ്യമ കുത്തക സ്ഥാപനങ്ങളുടെ നിശബ്ദത. സിറാജിലെ മാധ്യമ പ്രവർത്തകൻ ബഷീറിനു വേണ്ടി ശബ്ദിച്ച നാവുകൾ ഒന്നും നീതിക്കായി ഉറക്കെ സംസാരിച്ച പ്രദീപിന്റെ അപകടമരണത്തിനെതിരെ വായ തുറക്കുന്നില്ല. ഇതാണോ മാധ്യമധർമ്മം? അതു പോലെ തന്നെയാണ് ചാനലുകളിൽ വായിട്ടലയ്ക്കുന്ന മാധ്യമ തൊഴിലാളികളുടെ ഈ വാർത്തയോടുള്ള നിസ്സംഗതയും. കാറിൽ കെട്ടിയിട്ടു വലിച്ചിഴച്ച ഒരു നായയെ കണ്ട് അതിന്റെ പിന്നാലെ കുരച്ചു കൊണ്ട് ഓടിയ തെരുവിലെ നായ കാട്ടിയ ആ സഹജീവി സ്നേഹം പോലും ഇതര മാധ്യമ പ്രവർത്തക മാമ-മാമികൾ പ്രദീപിനോട് കാട്ടിയിട്ടില്ല.
ലോകപ്രശസ്തനായ ബാലഭാസ്കർ എന്ന സെലിബ്രിറ്റി അതിദുരൂഹമായി റോഡിൽ പൊലിഞ്ഞു പോയിട്ട് അതിനെതിരെ അന്വേഷണം വേണമെന്നോ ദുരൂഹത നീക്കണമെന്നോ ഒരക്ഷരം മിണ്ടാതിരുന്ന സാംസ്കാരികനായകൾ യഥേഷ്ടം വിഹരിക്കുന്ന നാട്ടിൽ അംഗ്രസീവ് ജേർണലിസം കൊണ്ട് ശത്രുക്കളെ ഒരുപാട് സമ്പാദിച്ച ഒരു മനുഷ്യനു വേണ്ടി എന്തായാലും ഉന്നതർ മുന്നിട്ടിറങ്ങില്ല. അതുപോലെ തന്നെ ഭരണകൂടവും. ! കാരണം മരണപ്പെട്ടയാൾ നിരന്തരം പോരാടിയിരുന്നത് ഭരണപക്ഷം കുട പിടിച്ചിരുന്ന മാഫിയകൾക്കു നേരെയായിരുന്നുവല്ലോ. അയാൾ നവമാധ്യമങ്ങളിലൂടെ നിരന്തരം സത്യം ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു. വിളിച്ചു പ്പറഞ്ഞ സത്യങ്ങളിൽ വിറളി പൂണ്ടവർ നേരിട്ട് മറുപടി പറയാൻ തുനിയാതിരുന്നത് ആ പറഞ്ഞത് അക്ഷരംപ്രതി സത്യമുള്ളതായതിനാൽ.! അദ്ദേഹത്തിന്റെ മരണശേഷം ചാനലുകളിൽ വന്നിരുന്ന് പ്രദീപിനെതിരെ യുദ്ധം പ്രഖ്യാപിച്ചവർ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഫിറ്റ് ചെയ്തവരാണ്. കാരണം ജീവിച്ചിരുന്ന പ്രദീപിനോട് നേരിട്ട് യുദ്ധം ചെയ്യണമെങ്കിൽ വേണ്ടിയിരുന്നത് നീതിബോധവും ചങ്കൂറ്റവുമായിരുന്നു.
ഭരണകൂടവും ആഭ്യന്തരവും മാധ്യമങ്ങളും കണ്ടില്ലെന്നു നടിച്ച പല മരണങ്ങൾക്കും അപകടങ്ങൾക്കും വേണ്ടി അഹോരാത്രം പോരാടി നീതിക്കായി നിലകൊണ്ടത് നിഷ്പക്ഷരായ കുറച്ചു മനഷ്യരും സോഷ്യൽ മീഡിയയും ചില ഓൺലൈൻ മീഡിയകളുമാണ്.ചന്ദ്രബോസ്, ജിഷ ,ബാലഭാസ്കർ തുടങ്ങി ഒടുവിലത് പ്രദീപിൽ വരെ എത്തി നില്ക്കുന്നു. രാഷ്ടീയ അടിമകളല്ലാത്ത പ്രിയപ്പെട്ട മനുഷ്യ ജീവികളെ, ഇന്ന് പ്രദീപിനു സംഭവിച്ചത് നാളെ നമ്മളിൽ ആർക്കു വേണമെങ്കിലും സംഭവിക്കാം. സത്യത്തിനും നീതിക്കും വേണ്ടി നില നിന്നിരുന്ന ആരുടെ ജീവൻ വേണമെങ്കിലും നാളെ നിരത്തിൽ പൊലിയാം. നഷ്ടം അവർക്കോ അവരുടെ കുടുംബത്തിനോ മാത്രമല്ല, മറിച്ച് സത്യത്തെ മാനിക്കുന്ന നമുക്ക് കൂടിയാണ്.കാരണം മാഫിയകളും കൊലപാതകികളും യഥേഷ്ടം വിഹരിക്കുന്ന ഒരു സംസ്ഥാനം ദൈവത്തിന്റെ നാടല്ല; മറിച്ച് പിശാചിന്റേതാണ്. ഈ അപകടമരണത്തിലെ യഥാർത്ഥ സത്യങ്ങൾ മറ നീക്കി പുറത്തു വരട്ടെ! Justice for Pradeep എന്ന ഹാഷ് ടാഗ് കാണുമ്പോൾ വിറളി പൂണ്ട് ആക്രോശിക്കുന്ന വെട്ടുക്കിളിക്കൂട്ടങ്ങളെയും അവർക്കു പിന്നിലുള്ളവരെയും തിരിച്ചറിയുക!
ഇത് ആസൂത്രിത അപകടമോ അപകടമരണമോ എന്ന് ഉറപ്പിക്കേണ്ടത് ഇവിടുത്തെ സ്റ്റേറ്റിന്റെ കടമയാണ്. അപകട മരണമെന്നു വെറുതെ പറയേണ്ടതല്ലാ, മറിച്ച് തെളിവുകൾ കാട്ടി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് ആഭ്യന്തരവകുപ്പാണ്. അപകടസ്ഥലം കഴുകി വൃത്തിയാക്കാൻ കേരളാ ഫയർ ഫോഴ്സ് കാണിച്ച അതേ വ്യഗ്രത കേരളാ പൊലീസ് ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കാനും കൈക്കൊള്ളുക.
നെല്ലും പതിരും തിരിച്ചറിയപ്പെടുന്നതു വരെ ശ്രീ. പ്രദീപിനായി പോരാടുക തന്നെ ചെയ്യും. #justiceforpradeep