തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള അഞ്ജു ബോബി ജോർജിന്റെ രാജിയിൽ കലാശിക്കുന്നത് മന്ത്രി ഇ പി ജയരാജൻ അപമാനിച്ചുവെന്ന ആരോപിച്ച് അഞ്ജുതന്നെ തുടങ്ങിവച്ച വിവാദം. ബാംഗഌരിൽ നിന്ന് വിമാനയാത്ര നടത്തി പാഴ്‌ച്ചെലവുണ്ടാക്കുന്നുവെന്നും സ്പോർട്സ് കൗൺസിലിൽ അടിമുടി അഴിമതിയാണെന്നും മന്ത്രി ആരോപിച്ചതായും ഭീഷണി മുഴക്കിയതായും ആരോപിച്ചായിരുന്നു അഞ്ജു വിവാദത്തിന് തിരികൊളുത്തിയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി അഞ്ജു വ്യക്തമാക്കിയെങ്കിലും സംഭവങ്ങൾ നിഷേധിച്ച് മന്ത്രി ഇപി ജയരാജനും മുഖ്യമന്ത്രി പിണറായിയും രംഗത്തുവന്നു.

അഞ്ജുവിന്റെ അനുജൻ അജിതിന് സ്പോർട്സ് കൗൺസിലിൽ നിയമനം നൽകിയത് ചട്ടങ്ങളൊന്നും പാലിക്കാതെയായിരുന്നു എന്നുൾപ്പെടെയുള്ള കാര്യങ്ങളും പിന്നീട് പുറത്തുവന്നതോടെ അഞ്ജുവിനും സ്പോർട്സ് കൗൺസിലിനെതിരായുമുള്ള വിവാദങ്ങൾ ചൂടുപിടിച്ചു. സ്പോർട്സ് കൗൺസിൽ സർക്കാർ തന്നെ പിരിച്ചുവിടുമെന്ന ചർച്ചകളും സജീവമായതിനു പിന്നാലെയാണ് ഇപ്പോൾ അഞ്ജുവും സ്പോർട്സ് കൗൺസിലും രാജിവയ്ക്കുന്നത്. കൂടെ വിവാദനിയമനം നേടിയെന്ന് ആരോപണമുയർന്ന അഞ്ജുവിന്റെ സഹോദരൻ അജിതും രാജിവച്ച് പുറത്തുപോകുകയാണ്.

 

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുമെന്ന് ജയരാജൻ പറഞ്ഞതാണ് അഞ്ജുവിനെ പ്രകോപിപ്പിച്ചതെന്നും ഇതോടെയാണ് ജയരാജനെതിരെ അവർ ആരോപണം ഉയർത്തിയതെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ മന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഇതിനു പിന്നാലെ സഹോദരന്റെ നിയമനത്തിലും അഞ്്ജു വഴിവിട്ട ഇടപെടലുകൾ നടത്തിയെന്ന് ആരോപണം ശക്തമായി. അഞ്ജുവിനോട് മന്ത്രി അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയ ആനുകൂല്യങ്ങളെക്കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായിയും വ്യക്തമാക്കിയതോടെ മന്ത്രി അപമാനിച്ചുവെന്ന വിവാദമുയർത്തിയതിനു പിന്നിൽ സ്ഥാനം നഷ്ടമാകുമോ എന്ന ഭയമായിരുന്നെന്നും വിമർശനമുണ്ടായി.

ഫ്‌ളൈറ്റ് ടിക്കറ്റ് തരില്ലെന്ന് തീർത്തുപറഞ്ഞ് ജയരാജൻ

അഞ്ജുവിനെ ചൊടിപ്പിച്ചത് വീട്ടിൽ നിന്നും ഓഫീസിൽ വരാൻ ഫ്‌ളൈറ്റ് ടിക്കറ്റ് തരാൻ കഴിയില്ലെന്നും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം പാർട്ട് ടൈം ജോലിയല്ലെന്നും മന്ത്രി പറഞ്ഞതാണെന്ന് പിന്നീട് വ്യക്തമായി. സ്പോർട്സ് കൗൺസിലിൽ സഹോദരനെ തിരുകികയറ്റാൻ ശ്രമിച്ചതിനെ കുറിച്ചും മന്ത്രി ചോദിച്ചിരുന്നതായാണ് സൂചനകൾ. ഇതിനുപുറമെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായപ്പോൾ അഞ്ജുതന്നെ സംഭവം വിവാദമാക്കുകയായിരുന്നു. ഇതോടെ അഞ്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. അതേസമയം സർക്കാർ മുൻ നിലപാടിൽ ഉറച്ചുനിന്നു.

ഫുൾ ടൈം ജോലി ചെയ്താൽ തീരാത്ത ഉത്തവാദിത്തങ്ങൾ ഉള്ള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം അഞ്ജുു ഏറ്റെടുത്തത് തന്നെ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിൽ സ്ഥിര താമസമുള്ള അഞ്ജു ഔദ്യോഗികമായി സായിയുടെ കീഴിലുള്ള ദേശീയ കാമ്പിന്റെ കോ ഓർഡിനേറ്റർ ആണ്. ചെന്നൈ കസ്റ്റംസിൽ സൂപ്രണ്ടായി ശമ്പളം കൈപ്പറ്റുന്ന അഞ്ജുവിന് കസ്റ്റംസ് ഡിപ്പാർട്ടമെന്റ് അവധി നൽകിയതും ദേശീയ കാംമ്പി പോവാൻ ആണ്. എന്നാൽ ദേശീയ കാമ്പിൽ പോകാതെ സ്വന്തം അക്കാദമിയുമായി കഴിയുകയാണ് അഞ്ജു. അതിനിടയിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് പലരെയും അത്ഭുതപ്പെടുത്തി. ഈ വിവരം വ്യക്തമായി അറിയാവുന്ന കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ പാർട്ട് ടൈം ജോലി തുടരാൻ സാധിക്കില്ല എന്ന തീർത്തു പറഞ്ഞതാണ് വിവാദങ്ങൾക്കു തുടക്കമായത്.

മാത്രമല്ല പ്രത്യേക ഉത്തരവിലൂടെ ബംഗ്ലൂരിലെ വീട്ടിൽ നിന്നും തിരുവനന്തപുരത്ത് വരുന്നതിന്റെ ഫ്‌ലൈറ്റ് ടിക്കറ്റ് നൽകുന്നത് തുടരാൻ സാധിക്കില്ല എന്നും മന്ത്രി തീർത്തുപറഞ്ഞു. ബാംഗ്ലൂരിൽ നിന്നും മാറാൻ സാധിക്കാത്ത അഞ്ജുവിന് ഈ നിലയിൽ മുമ്പോട്ട് പോയാൽ പ്രസിഡന്റ് ആയി തുടരാൻ സാധ്യമല്ലെന്ന് ബോധ്യമായതോടെയാണ് മന്ത്രി ഭീഷണിപ്പെടുത്തി എന്നും, ആക്ഷേപിച്ചു എന്നും പറഞ്ഞുള്ള വിവാദം ആരംഭിക്കുന്നത്. അഞ്ജുു ചുമതല ഏറ്റശേഷം ഉയർന്ന ശമ്പളത്തിൽ സഹോദരനെ സ്പോർട്സ് കൗൺസിൽ ടെക്‌നിക്കൽ ഡയറക്ടർ ആക്കാൻ നടത്തിയ ശ്രമത്തെ കുറിച്ചും മന്ത്രി അഞ്ജുവിനോട് ആരാഞ്ഞിരുന്നു. ഇതും അഞ്ജുുവിന്റെ പ്രതികരണങ്ങൾക്ക് കാരണമായി കാരണമായി. മുഖ്യമന്ത്രി പിണറായി വിജയനും വിവാദത്തിൽ ഇപി ജയരാജന് അനുകൂല നിലപാട് എടുത്തതോടെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് മാറ്റം ഉറപ്പായിരുന്നു.

വിവാദം കൊഴുപ്പിക്കാൻ മുഖ്യമന്ത്രിക്ക് തുറന്നകത്ത്

ഇതോടെ സ്പോർട്സ് കൗൺസിലിൽ പത്തുവർഷത്തിനിടെ നടന്ന എല്ലാ അഴിമതികളും അന്വേഷിക്കണമെന്നും താൻ ഫ്‌ളൈറ്റ് ചാർജ് ഇനത്തിൽ വാങ്ങിയ 40,000 രൂപ സർക്കാരിന് തിരിച്ചുനൽകുമെന്നും മുഖ്യമന്ത്രിക്ക് തുറന്നകത്തെഴുതി അഞ്ജു രംഗത്തെത്തി. തന്റെ അനുജന്റെ നിയമനത്തിൽ വഴിവിട്ട് ഒന്നും ചെയ്തില്ലെന്നും അഞ്ജു കത്തിൽ പറഞ്ഞു. എന്നാൽ ഇക്കാര്യം തെറ്റാണെന്നും സ്പോർട്സ് കൗൺസിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനത്തിനു വേണ്ട യോഗത്യകളിൽ ഒന്നുപോലും അജിത്തിന് ഇല്ലായിരുന്നെന്നുമുള്ള വിവരങ്ങൾ വിവരാവകാശ രേഖകൾ സഹിതം പുറത്തുവന്നു. സ്വയം ഉയർത്തിവിട്ട വിവാദം അങ്ങനെ വീണ്ടുംവീണ്ടും കുരുങ്ങി.

ഇതോടെ അഞ്ജുവിനെ ഉടൻ പുറത്താക്കുമെന്നും സ്പോർട്സ് കൗൺസിൽ സർക്കാർ പിരിച്ചുവിടുമെന്നുമുള്ള അഭ്യൂഹങ്ങളും ശക്തമായി. സ്പോർട്സ് കൗ്ൺസിൽ നിയമനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലും അഴിമതി ആരോപണങ്ങളിലും വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഒരുങ്ങുന്നതായും സൂചനകൾ പുറത്തുവന്നു. കൗൺസിലിലെ അഴിമതിയുടെ രേഖകളുമായി ജയരാജൻ മുഖ്യമന്ത്രിയെ കണ്ടു. അനധികൃത നിയമനങ്ങൾക്ക് ചുക്കാൻ പിടിച്ചത് തിരുവഞ്ചൂരിന്റെ നോമിനിയെന്നും ബാംഗഌരിൽ നിന്ന് ഓഫീസിൽ ഇടയ്ക്കിടെ വരേണ്ടെന്നു പറഞ്ഞ് അഞ്ജുവിനെ പദവിയേൽപിച്ചത് അഴിമതി നടത്താൻ സൗകര്യമൊരുക്കാൻ ആയിരുന്നെന്നും ഇതിനിടെ ആരോപണമുയർന്നു.

രാജിവച്ചത് പിരിച്ചുവിടുമെന്ന് ഉറപ്പായപ്പോൾ

ഈ മാസം ഒമ്പതിന് അഞ്ജു പുറത്തുവിട്ട വിവാദത്തിൽ കാര്യങ്ങൾ അനുദിനം വഷളായതോടെ സർക്കാർ സ്പോർട്സ് കൗൺസിൽ പിരിച്ചുവിടുമെന്നും ടി പി ദാസനെ പുതിയ പ്രസിഡന്റാക്കുമെന്നും വാർത്തകൾ പുറത്തുവന്നു. സർക്കാർ കായികനയം അടിമുടി ഭേദഗതി ചെയ്‌തേക്കുമെന്നും വാർത്തകളുണ്ടായി. ആറുമാസം ഭരിച്ചതിനിടെ അഞ്ജു ഓഫീസിൽ എത്തിയത് നാലുതവണ മാത്രമായിരുന്നു. ഈ ഇനത്തിലാണ് വിമാനചാർജ് എഴുതിയെടുത്തത്. മുൻ സർക്കാർ ഇതിന് അനുമതി നൽകിയിരുന്നെന്ന് അഞ്ജു പറഞ്ഞെങ്കിലും ഈ ഉത്തരവിറങ്ങിയത് വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് പിന്നീട് വ്യക്തമായി.

സ്വന്തം അനുജനും എൽഡിഎഫിനെതിരെ സമരം ചെയ്ത വീട്ടമ്മയ്ക്കും ജോലികിട്ടിയപ്പോൾ അഞ്ജു നേതൃത്വം നൽകിയ സ്പോർട്സ് കൗൺസിൽ ഒരു കായികതാരത്തിനുപോലും ജോലി നൽകാത്തതെന്തെന്ന ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അലയടിച്ചു. എന്തായാലും സർക്കാർ സ്പോർട്സ് കൗൺസിൽ പിരിച്ചുവിടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇപ്പോൾ താൻതന്നെ തുടങ്ങിവച്ച വിവാദം തിരിച്ചടിയായെന്ന് ഉറപ്പിച്ച് അഞ്ജു സ്ഥാനമൊഴിയുന്നത്. കൂടെ 12 അംഗ സ്പോർട്സ് കൗൺസിലും രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്.