കൊച്ചി: മലയാള സിനിമയിലെ മറ്റൊരു മഞ്ഞിൽ വിരിഞ്ഞ പൂവാണ് അങ്കമാലി ഡയറീസ്. അതു മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി നിൽക്കും. അതുകണ്ട് വാളെടുത്തവനെല്ലാം വെളിച്ചപ്പാടാകാൻ ശ്രമിക്കരുതെന്നും നീലക്കുറിഞ്ഞി എന്നും പൂക്കുമെന്നു കരുതാനാകില്ലെന്ന അഭിപ്രായവും അണിയറക്കാരിൽ സജീവമാണ്. ഏതായാലും അങ്കമാലി തരംഗത്തിന് പിറകെയാണ് മലയാള സിനിമ.

താരങ്ങളുടെ സാന്നിധ്യമില്ലെങ്കിലും നല്ല സിനിമയാണെങ്കിൽ കാണാൻ പ്രേക്ഷകരെത്തുമെന്ന് അങ്കമാലി ഡയറീസ് തെളിയിച്ചു. രണ്ടു കോടിയിൽ താഴെ ചെലവിട്ട് ആറുകോടിയോളം ലാഭം നേടിയ ലിജോ ജോസ് പെല്ലിശേരിയുടെ 'അങ്കമാലി ഡയറീസാ'ണ് മലയാളി സിനിമയുടെ പുതു പ്രതീക്ഷ. കേരളത്തിലും വിദേശത്തുമായി ഇപ്പോൾ ചിത്രീകരണം നടക്കുന്നത് മുപ്പതോളം മലയാള സിനിമകളാണ്. ഇതിൽ ഇരുപത്തഞ്ചും പുതുമുഖ ചിത്രങ്ങൾ. കേരളത്തിലെ രണ്ടു ജില്ലകളിലൊഴികെ എല്ലായിടത്തും സിനിമാചിത്രീകരണം നടക്കുന്നുണ്ടെന്നാണു കണക്ക്. ഇതിന് കാരണം അങ്കമാലി ഡയറീസ് തന്നെയാണ്.

മലയാള സിനിമയുടെ വിജയത്തിന്റെ തോത് എട്ടു ശതമാനത്തിൽ നിന്ന് 14 ശതമാനമായി വർധിച്ചതാണ് ചിത്രങ്ങളുടെ എണ്ണം കൂടാൻ കാരണം. വിജയചിത്രങ്ങളുടെ വർധന നിർമ്മാതാക്കളെ സ്വാധീനിക്കുന്ന ഘടകമാണ്. കാരവനും വലിയ തിരക്കാണിപ്പോൾ. പണ്ട് സൂപ്പർതാരങ്ങൾ മാത്രമാണ് കാരവൻ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ എല്ലാ സെറ്റിലും കാരവനുണ്ട്. വലിയ താരങ്ങൾക്ക് ഒരു കാരവനും മറ്റ് ആർട്ടിസ്റ്റുകൾക്ക് ഒന്നും എന്നതാണ് രീതി. രണ്ടു മുറികളുള്ള കാരവന് പ്രതിദിനം 6000 രൂപ വരെയാണ് വാടക. തമിഴ്‌നാട്ടിൽ നിന്ന് എട്ടോളം കാരവനുകൾ കേരളത്തിലെ സെറ്റുകളിലെത്തിയിട്ടുണ്ട്.

സാറ്റലൈറ്റ് മാത്രം പ്രതീക്ഷിച്ച് സിനിമ തട്ടിക്കൂട്ടുന്ന രീതിയും മാറി. തിയറ്ററിൽ വാണിജ്യ വിജയം നേടുന്ന സിനിമകൾ മാത്രം ടെലിവിഷനിലും കാണിച്ചാൽ മതിയെന്ന നിലപാടിലാണ് ചാനലുകൾ. മികച്ച ജോലികൾ ഉപേക്ഷിച്ചും യുവാക്കൾ സിനിമയിലെത്തുന്നു. ഏവർക്കും പ്രതീക്ഷയാണ്. എൻജിനീയറിങ് കഴിഞ്ഞ് വിനീത് ശ്രീനിവാസൻ സിനിമയെടുക്കാനെത്തി. വിനീതിന് പിഴച്ചില്ല. നിവിൻപോളിയും അജു വർഗീസും ടൊവിനോ തോമസുമെല്ലാം എൻജിനീയറിങ് കഴിഞ്ഞ് ഐടി കമ്പനികളിൽ ജോലി ചെയ്യുമ്പോൾ അതു വിട്ട് സിനിമയിലെത്തിയവരാണ്.

ആദ്യത്തെ രണ്ടു സിനിമ നെസ്റ്റിലെ ഐടി എൻജിനീയറുടെ ജോലിക്കൊപ്പം കൊണ്ടുപോയ സംവിധായകനാണ് രഞ്ജിത് ശങ്കർ. മലയാളത്തിലെ രണ്ടു ഹിറ്റുകൾ ഒരുക്കിയ യുവസംവിധായകൻ ബേസിൽ ജോസഫ് ഇൻഫോസിസിലെ ജോലി രാജിവച്ചു സിനിമയിലെത്തിയതാണ്. ആദ്യ സിനിമയായ ഓം ശാന്തി ഓശാനയിലൂടെ തകർപ്പൻ എൻട്രി നടത്തിയ ജൂഡ് ആന്തണി ജോസഫും ഇൻഫോസിസ് ജോലി വിട്ടു വന്നയാളാണ് .

പുതുമുഖങ്ങളെ മാത്രം അണിനിരത്തിയ ആനന്ദത്തിന്റെ സംവിധായകൻ ഗണേശും എൻജിനീയറാണ്. അങ്ങനെ എഞ്ചിനിയർമാരെ കൊണ്ട് നിറയുകയാണ് മലയാള സിനിമാ ലോകം.