ആഗ്ര: രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ വാക്‌സിൻ നിറച്ച സിറിഞ്ചുകൾ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിന് കാരണം കാണിക്കൽ നോട്ടീസ്.

ജമാൽപൂർ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വാക്‌സിൻ നിറച്ച 29 സിറിഞ്ചുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് നേഹ ഖാനെതിരെ ആഗ്ര ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര ഭൂഷൺ സിങ് കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചത്.

സംഭവത്തിൽ അന്വേഷണ സമിതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നേരിട്ടെത്തി അന്വേഷണം നടത്താനും കുറ്റം തെളിഞ്ഞാൽ നഴ്‌സിന്റെ കരാർ റദ്ദാക്കി ജോലിയിൽ നിന്നും പിരിച്ചുവിടാനും ആഗ്ര ജില്ലാ മജിസ്ട്രേറ്റ് നിർദ്ദേശം നൽകി.

'അത്തരം ഒരു സംഭവവും അംഗീകരിക്കില്ല, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നടപടിയെ നേരിടേണ്ടിവരും,'' ഡി എം ചന്ദ്ര ഭൂഷൺ സിങ് പറഞ്ഞു.

കോവിഡ് വാക്‌സിൻ പാഴാക്കുന്നത് കുറയ്ക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്, അതിനാൽ ജമാൽപൂർ പിഎച്ച്‌സിയിലെ സംഭവത്തിൽ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചതെന്നും ആഗ്ര മജിസ്‌ട്രേറ്റ് ചന്ദ്ര ഭൂഷൺ സിങ് വ്യക്തമാക്കി.

കോവിഡ് വാക്‌സിനേഷൻ സെന്ററായി പ്രവർത്തിച്ചിരുന്ന ജമാൽപൂർ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് വാക്‌സിൻ നിറച്ച സിറിഞ്ചുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് നേഹ ഖാനാണ് സിറിഞ്ചുകൾ ഉപേക്ഷിച്ചതെന്ന് ആക്ഷേപം ഉയർന്നിരുന്നു.

അലിഗഡിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഭാനു പ്രതാപ് കല്യാണി, അഡീഷണൽ സിഎംഒ ഡോ. എംകെ മാത്തൂർ, ഡെപ്യൂട്ടി സിഎംഒ ദുർഗേഷ് കുമാർ എന്നിവരുൾപ്പെട്ട അന്വേഷണ സമിതിയെ വിശദമായ പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയിരുന്നു.

അന്വേഷണ സമിതി ചൊവ്വാഴ്ച നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി, നഴ്‌സ് നേഹ ഖാൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും റിപ്പോർട്ട് ബുധനാഴ്ച സമർപ്പിക്കുകയും ചെയ്തു. നഴ്‌സിന്റെ നിരുത്തരവാദപരമായ നടപടിയിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെയാണ് അന്വേഷണം നടന്നത്.