തിരുവനന്തപുരം: സിനിമയിലേക്ക് തന്റെ രണ്ടാം വരവ് സമീപകാലത്താണ് ആൻആഗസ്റ്റിൻ പ്രഖ്യാപിച്ചത്.എന്നാൽ അഭിനേതാവായിട്ടല്ല തൽക്കാലത്തേക്ക് എത്തുന്നതെന്നും നിർമ്മാതാവിന്റെ റോളാണ് രണ്ടാം വരവിൽ താൻ ആദ്യം പരീക്ഷിക്കുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ് ആൻ അഗസ്റ്റിൻ.

സോഷ്യൽ മീഡിയയിലൂടെയാണ് ആൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പരസ്യചിത്ര നിർമ്മാതാക്കളായ മിറാമർ ഫിലിംസുമായി ചേർന്നായിരിക്കും ഫീച്ചർഫിലിം നിർമ്മാണരംഗത്തേക്ക് ആൻ അഗസ്റ്റിന്റെ ചുവടുവെപ്പ്. നിർമ്മിക്കുന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവരുമെന്ന സൂചനയും അവർ നൽകിയിട്ടുണ്ട്.

'മിറാമർ ഫിലിംസുമായി ചേർന്ന് സിനിമാ നിർമ്മാണരംഗത്തേക്ക് എന്റെ ആദ്യ ചുവടുകൾ വെക്കുകയാണ്. ഒരു അഭിനേതാവ് എന്ന നിലയിൽ എന്റെ പരിചിത ഇടങ്ങളിലേക്കും വേരുകളിലേക്കുമുള്ള മടക്കവുമാണ് ഇത്. ഒരിക്കൽക്കൂടി ആരംഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ ദൈവാനുഗ്രഹത്തിനും നിങ്ങൾക്കും നന്ദി, സ്‌നേഹവും പിന്തുണയും പ്രാർത്ഥനയും അനുഗ്രഹവും നൽകിയതിന്', ആൻ അഗസ്റ്റിൻ ഫേസ്‌ബുക്കിൽ കുറിച്ചു.

'എൽസമ്മ എന്ന ആൺകുട്ടി' എന്ന ലാൽജോസ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നടൻ അഗസ്റ്റിന്റെ മകളായ ആൻ അഗസ്റ്റിൻ അഭിനയമേഖലയിലേക്ക് എത്തിയത്. ഏഴ് വർഷങ്ങൾ കൊണ്ട് 13 ചിത്രങ്ങളിൽ അഭിനയിച്ചു. ശ്യാമപ്രസാദിന്റെ 'ആർട്ടിസ്റ്റി'ലെ പ്രകടനത്തിന് മികച്ച നടിക്കുള്ള 2013ലെ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. ബിജോയ് നമ്പ്യാരുടെ 'സോളോ'യ്ക്കു ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു