ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 84കാരനായ ഹസാരെയെ പുനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ് പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

നെഞ്ചുവേദനയെ തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹസാരെയെ ആൻജിയോഗ്രാഫിക്ക് വിധേയനാക്കി. ഹൃദയത്തിലെ കൊറോണറി ആർട്ടറിയിൽ അനുഭവപ്പെട്ട ചെറിയ ബ്ലോക്ക് നീക്കം ചെയ്തശേഷം നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

'ആൻജിയോഗ്രാമിൽ അദ്ദേഹത്തിന്റെ കൊറോണറി ആർട്ടറിയിൽ ചെറിയ ബ്ലോക്ക് കണ്ടെത്തി. ചികിത്സ വിജയകരമായി പൂർത്തിയാക്കി. മികച്ച പരിചരണം ഉറപ്പുവരുത്തിയിട്ടുണ്ട്. ആേരാഗ്യ നില തൃപ്തികരമാണ്. 2-3 ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്'' -റൂബി ഹാൾ ക്ലിനിക് മാനേജിങ് ട്രസ്റ്റിയും ചീഫ് കാർഡിയോളജിസ്റ്റുമായ ഡോ. ഗ്രാന്റ് പറഞ്ഞു