- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ണാ ഹസാരെയ്ക്ക് കിരൺ ബേദിയോട് പിണക്കം തന്നെ; ബേദിയുടെ ഫോൺ കോളുകളോട് പ്രതികരിക്കുന്നില്ല, ബിജെപിയിൽ ചേർന്നതിനോടും കടുത്ത അതൃപ്തി
കിരൺ ബേദി ബിജെപിയിൽ ചേർന്നതിൽ അണ്ണാ ഹസാരെയ്ക്ക് പിണക്കം മാറുന്നില്ല. ബിജെപിയിൽ ചേർന്ന ശേഷം ഒട്ടെറെ തവണ അണ്ണാ ഹസാരെയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ലായെന്ന് കിരൺ ബേദി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ലോക്പാൽ വിഷയത്തിൽ അണ്ണാ ഹസാരെയക്കും അരവിന്ദ് കേജ്‌രിവാളിനുമൊപ്പം സത്യാഗ്രഹ സമരം നടത്തിയവരിൽ പ്രമുഖ

കിരൺ ബേദി ബിജെപിയിൽ ചേർന്നതിൽ അണ്ണാ ഹസാരെയ്ക്ക് പിണക്കം മാറുന്നില്ല. ബിജെപിയിൽ ചേർന്ന ശേഷം ഒട്ടെറെ തവണ അണ്ണാ ഹസാരെയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ലായെന്ന് കിരൺ ബേദി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ലോക്പാൽ വിഷയത്തിൽ അണ്ണാ ഹസാരെയക്കും അരവിന്ദ് കേജ്‌രിവാളിനുമൊപ്പം സത്യാഗ്രഹ സമരം നടത്തിയവരിൽ പ്രമുഖയായിരുന്നു കിരൺ ബേദി. എന്നാൽ ഇപ്പോൾ കിരൺ ബേദിയുമായി നല്ല ബന്ധത്തിലല്ല അണ്ണാ ഹസാരെ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കേജ്‌രിവാൾ ആം ആദ്മി പാർട്ടിക്ക് തുടക്കം കുറിച്ചപ്പോഴും കിരൺ ബേദി രാഷ്ട്രീയത്തിലേക്കില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം ഉപേക്ഷിച്ചാണ് ബേദി ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുന്നത്. എന്നാൽ അടുത്ത ബന്ധമുണ്ടായിട്ടും ബിജെപിയിൽ ചേരും മുമ്പ് കിരൺ ബേദി ഇക്കാര്യം അണ്ണാ ഹസാരയെ അറിയിക്കുകയോ, അദ്ദേഹവുമായി ആലോചിക്കുകയോ ചെയ്തിരുന്നില്ല. മാദ്ധ്യമങ്ങളിലൂടെയാണ് കിരൺ ബേദിയുടെ രാഷ്ട്രീയ പ്രവേശം അണ്ണാ ഹസാരെ അറിഞ്ഞത്. കിരൺ ബേദി കഴിഞ്ഞ ഒരു വർഷമായി തന്നെ വിളിച്ചിട്ടില്ലെന്നും ഹസാരെ പറഞ്ഞിരുന്നു. കിരൺ ബേദിയുടെ രാഷ്ട്രീയ പ്രവേശനത്തിലും ഇത് തന്നെ അറിയിക്കാത്തതിലും അദ്ദേഹം കടുത്ത അതൃപ്തിയിലാണ് എന്നാണ് സൂചന.
ബിജിപിയിൽ എത്തിയ ശേഷം നിരവധി തവണ അണ്ണാ ഹസാരെയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് കിരൺ ബേദി വെളിപ്പെടുത്തി. വിളിക്കുമ്പോഴെല്ലാം അദ്ദേഹം ഒന്നുകിൽ ഉറക്കത്തിലോ അല്ലെങ്കിൽ വിശ്രമത്തിലോ ആയിരിക്കുമെന്നും ബേദി പറഞ്ഞു. ചൊവ്വാഴ്ച ഹസാരെയെ വീണ്ടും ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമെന്ന് ബേദി പറഞ്ഞു. കിരൺ ബേദിയുടെ തീരുമാനത്തിൽ കടുത്ത അതൃപ്തിയുള്ള ഹസാരെ അവരുമായി സംസാരിക്കാൻ തയാറായില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. രണ്ടു ദിവസമായി കിരൺ ബേദിയുടെ ഫോൺ അദ്ദേഹം എടുക്കാതിരിക്കുന്നത് ബേദിയുടെ രാഷ്ട്രീയ പ്രവേശനത്തോടുള്ള ഹസാരെയുടെ എതിർപ്പിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഒരു കൊല്ലമായി കിരൺ ബേദി റലേഗാൻ സിദ്ധിയിൽ വരികയോ അണ്ണാ ഹസാരെയെ കാണുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

