- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരിയും ദേവേന്ദ്ര ഫഡ് നാവിസും നേരിട്ട് ചർച്ച നടത്തി; നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ നിന്നും പിന്മാറി അണ്ണാ ഹസാരെ
മുംബൈ: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ നിന്നും പിന്മാറിയെന്ന് അണ്ണാ ഹസാരെ. ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷമാണ് അണ്ണാ ഹസാരെ നിലപാട് മാറ്റിയത്. കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരിയും ദേവേന്ദ്ര ഫഡ് നാവിസും അണ്ണാ ഹസാരെയെ കണ്ട് ചർച്ച നടത്തുകയായിരുന്നു.
ഡൽഹിയിൽ അനുമതി കിട്ടാത്തതിനാൽ മുംബൈ അഹമ്മദ് നഗറിൽ തന്നെ നിരാഹാരം ആരംഭിക്കാനായിരുന്നു അണ്ണാ ഹസാരെയുടെ തീരുമാനം. നിരാഹാര സമരത്തിൽ നിന്ന് അണ്ണാ ഹസാരെ പിന്മാറണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ അനുനയ നീക്കവുമായി അദ്ദേഹത്തെ കണ്ടിരുന്നു. ബിജെപി നേതാക്കൾ വന്ന് കണ്ടതിന് ശേഷം സമരത്തിൽ നിന്ന് പിന്മാറിയതായി അണ്ണാ ഹസാരെ അറിയിച്ചു. അതേസമയം, കർഷക സമരത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ് പറഞ്ഞു. സമരത്തിന് വലിയ പിന്തുണ ഉണ്ടായിരുന്നു. ആക്രമണങ്ങൾക്ക് ശേഷം അത് നഷ്ടപ്പെട്ടു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാളെ മുതൽ അഹമ്മദ് നഗർ ജില്ലയിലെ റാലെഗൺ സിദ്ധിയിൽ സമരം ആരംഭിക്കുമെന്നായിരുന്നു അണ്ണാ ഹസാരെ ഇന്ന് പ്രഖ്യാപിച്ചത്. കർഷകരോട് അനുഭാവപൂർവ്വമല്ല സർക്കാർ പെരുമാറുന്നതെന്നാണ് അണ്ണ ഹസാരെ ആരോപിച്ചിരുന്നു. അക്രമരഹിതമായ പ്രതിഷേധമാണ് ആവശ്യമെന്ന് കൂട്ടിച്ചേർത്ത ഹസാരെ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും കൂട്ടിച്ചേർത്തു.
കർഷകരുടെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള തന്റെ നിർദ്ദേശങ്ങൾ തള്ളിയതിന് അദ്ദേഹം കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. അതിനാലാണ് 30 മുതൽ നിരാഹാര സമരത്തിലേക്ക് കടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കഴിഞ്ഞ നാലുവർഷമായി കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി പ്രവർത്തിക്കുകയാണ്. സർക്കാർ കർഷകരുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുന്നില്ല എന്ന് വേണം കരുതാൻ. കർഷകരോട് അനുഭാവപൂർവ്വമല്ല സർക്കാർ പെരുമാറുന്നതെന്നും അണ്ണ ഹസാരെ പറഞ്ഞു.
"കർഷക പ്രശ്‌നത്തിന് പരിഹാരം കാണാൻ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് തവണയാണ് പ്രധാനമന്ത്രിക്കും കൃഷി മന്ത്രിക്കും ഞാൻ കത്തെഴുതിയത്. കർഷകരുടെ അവസ്ഥ മനസ്സിലാക്കാൻ കേന്ദ്രം തയാറാകുന്നില്ല. അതിനാൽ, ജനുവരി 30 മുതൽ റാലേഗൺ സിദ്ധിയിലെ യാദവ്ബാബ ക്ഷേത്രത്തിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും", അണ്ണ ഹസാരെ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തിയത്.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കാത്ത പക്ഷം വീണ്ടും നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് അണ്ണ ഹസാരെ കഴിഞ്ഞ ഡിസംബറിൽ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. സ്വാമിനാഥൻ കമ്മിഷന്റെ നിർദ്ദേശങ്ങൾ നടപ്പാക്കുക, കമ്മിഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസിന് സ്വയംഭരണാവകാശം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഹസാരെ അന്ന് മുന്നോട്ടുവെച്ചിരുന്നത്. ഈ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്നഗർ ജില്ലയിലെ റാലേഗാവ് സിദ്ധി ഗ്രാമത്തിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹസാരെ നിരാഹാര സത്യഗ്രഹം ആരംഭിച്ചിരുന്നു. എന്നാൽ ഫെബ്രുവരി അഞ്ചിന് നിരാഹാര സമരം അവസാനിപ്പിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ