തിരുവനന്തപുരം: അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ മകൾ മൃതദേഹം വീടിന് മുന്നിലെ വഴിയിലിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചതിന് പിന്നിൽ മകളുടെ മാനസിക രോഗമെന്ന നിഗമനത്തിലേക്ക് പൊലീസ് മൊട്ടമൂട് കല്ലറയ്ക്കൽ ചാനൽക്കരയിൽ പൊന്നയ്യന്റെ ഭാര്യ അന്നമ്മ(88)യാണ് മരിച്ചത്. മകൾ ലീല (62) അറസ്റ്റിലായി. മുൻപ് ഗൾഫിൽ ജോലി ചെയ്തിരുന്ന ലീല മനോദൗർബല്യത്തിന് ചികിത്സ തേടിയ ആളാണെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ 7.30ന് നരുവാമൂടിന് സമീപം വെള്ളംകെട്ടുവിളയിലാണ് സംഭവം. അന്നമ്മയെ വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയ ശേഷം വഴിയിൽ ചിതയൊരുക്കുകയായിരുന്നു. മൃതദേഹം റോഡിലിട്ട് വെള്ളമൊഴിച്ച് കുളിപ്പിച്ച ശേഷമാണ് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ചിരട്ടയും വിറകും അടുക്കി മുകളിൽ മൃതദേഹം വച്ച് മണ്ണെണ്ണ ഒഴിച്ചാണു കത്തിച്ചത്.

ഇതിന് ശേഷം വീടിനുള്ളിലെത്തി ടിവി കണ്ട് ഉറങ്ങിപ്പോയ ലീലയെ നരുവാമൂട് പൊലീസ് ഇൻസ്‌പെക്ടർ കെ.ധനപാലനും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നമ്മയുടെ രണ്ടാമത്തെ മകളാണ് ലീല. മറ്റ് മക്കൾ: ദാസ്, സെൽവരാജ്, തങ്കപ്പൻ, സെൽവി. മരുമക്കൾ: പാൽരാജ്, വിജയകുമാരി, റാണി, പരേതനായ വിശ്വംഭരൻ.

മാനസിക രോഗിയായ മകൾക്കൊപ്പമാണ് അന്നമ്മ താമസിക്കുന്നത്. തീ കത്തുന്നത്? കണ്ട് ഓടിയെത്തിയ പരിസര വാസികൾ തീ കെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കൊലപാതകത്തിന് ശേഷം വീട്ടിനുള്ളിൽ കയറി കതകടച്ച് കിടന്നുറങ്ങുകയായിരുന്ന ലീലയുടെ മാനസിക രോഗം നാട്ടുകാരും സ്ഥിരീകരിക്കുന്നു.

ലീല വിവാഹിതയാണെങ്കിലും മക്കളും ഭർത്താവുമായി അകന്നു കഴിയുകയാണ്. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ലീല മാനസിക രോഗത്തിന് നേരത്തെ ചികിൽസ തേടിയിരുന്നതായും പൊലീസ് സൂചിപ്പിച്ചു. രാവിലെ മകളും അമ്മയും തമ്മിൽ വഴക്ക് നടന്നിരുന്നതായി പൊലീസ് പറയുന്നു.

ഈ വഴക്കിന് ശേഷമായിരിക്കാം 62 കാരിയായ ലീല കൊലപാതകം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കറി കത്തികൊണ്ട് വെട്ടിക്കൊന്ന ശേഷമാണ് ലീല മൃതദേഹം കത്തിക്കാൻ ശ്രമിച്ചത്. അന്നമ്മയുടെ ശരീരത്തിൽ കത്തികൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു. രക്തം വാർന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് തുടരന്വേഷണം നടത്തി വരികയാണ്.