ഡബ്ലിൻ: 2015-ലെ വാർഷിക റീട്ടെൻഷൻ ഫീസ് (ATF) അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളവരുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനും അവർക്ക് ജോലി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്താനും നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് അയർലണ്ട് (എൻഎംബിഐ) തീരുമാനമായി. 2015 ജനുവരി ഒന്നായിരുന്നു റീട്ടെൻഷൻ ഫീസ് അടയ്‌ക്കേണ്ട അവസാന തിയതി.

ഇതിൽ മുടക്കം വരുത്തിയവർക്ക് ഏപ്രിൽ ഒമ്പതോടെ വീണ്ടും റിമൈൻഡർ നോട്ടീസ് അയച്ചിരുന്താണ്. നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ആക്ട് 2011 അനുസരിച്ചാണ് റീട്ടെൻഷൻ ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.
രണ്ടു തവണ റിമൈൻഡർ അയച്ചതിനു ശേഷവും ഫീസ് അടയ്ക്കാൻ കൂട്ടാക്കാത്തവരുടെ പേരു വിവരം എൻഎംബി പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് പല  ആശുപത്രികളിലും ഇത്തരക്കാരെ ജോലി ചെയ്യുന്നതിൽ നിന്നും വിലക്കിയത്.

എന്നാൽ റീട്ടെൻഷൻ ഫീസ് അടയ്ക്കാത്തതിനെ തുടർന്ന് പേര് നീക്കം ചെയ്തവർക്ക് വീണ്ടും രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യമുണ്ടെന്ന് എൻഎംബിഐ അറിയിച്ചിട്ടുണ്ട്. ജൂലൈ ഒന്നിനു മുമ്പ് അപേക്ഷ സമർപ്പിക്കുന്നവർക്കു മാത്രമേ ഇത്തരത്തിൽ റീ രജിസ്‌ട്രേഷൻ സാധ്യമാകുകയുള്ളൂ. അപേക്ഷയോടൊപ്പം ആനുവൽ ഫീസും പിഴയും നൽകണം.
റീ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള അപേക്ഷാ ഫോറം എൻഎംബിഐയുടെ തന്നെ വെബ് പേജിൽ നിന്നു ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും ആനുവൽ റീസ്റ്റോറേഷൻ ഫീസായ 250 യൂറോയും ആനുവൽ റീട്ടെൻഷൻ ഫീസും പിഴയും ഇതോടൊപ്പം നൽകണം. 2015 ജൂലൈ ഒന്നിനു മുമ്പ് എൻഎംബിഐയുടെ ഓഫീസിൽ ലഭ്യമായിരിക്കണം.

പൂരിപ്പിച്ച അപേക്ഷ ലഭ്യമായാൽ ഉടൻ തന്നെ ഇതിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ തന്നെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകുമെന്നാണ് എൻഎംബിഐ പറയുന്നത്. 2014 നവംബർ മൂന്നിനാണ് 2015-ലെ റീട്ടെൻഷൻ ഫീസ് അടയ്ക്കുന്നത് സംബന്ധിച്ച് നഴ്‌സുമാർക്ക് കത്തയയ്ക്കുന്നത്.