- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ നാട് രക്ഷപ്പെടണമെങ്കിൽ 'പിണറായി വിജയൻ മുഖ്യമന്ത്രിയാകണം' ചൈനയിലെ സന്ദർശനം വിവരിച്ചു കൊണ്ട് 'ലീല' കൃഷ്ണൻ നായരുടെ പ്രഖ്യാപനം; വി എസ് പക്ഷക്കാരനായ എന്റെ ചോര തിളച്ചു; ചോദ്യങ്ങൾ തുരുതുരാ; ഒരു പഴേ കഥ എഴുതുന്നു അനൂപ് ശാം
ഒരു പഴേ കഥ
കൈരളി കാലം. പിണറായിയുടെ ഔദ്യോഗിക പക്ഷം നടത്തുന്ന കൈരളിയിൽ ഞാൻ, അനീഷ്, ഷനോജ് തുടങ്ങിയ എണ്ണിയെടുക്കാവുന്ന വി എസ് പക്ഷക്കാർ. ഞങ്ങളുടെ ചിന്തകളിൽ ഒരിക്കൽ പോലും സമരസപ്പെടാനാകാത്ത പാർട്ടി നേതൃത്വം. കൂടിച്ചേരലുകളിൽ വി എസ് വസന്തം. പിണറായി വിരുദ്ധ ചർച്ചകൾ..
ഇരുപതുകളുടെ തിളക്കത്തിൽ പാർട്ടിയിലെ വൈരുദ്ധ്യത്മികത വാരിപ്പെറുക്കിയലക്കിയ പകലിരവുകൾ. അങ്ങനെയിരിക്കെയാണ് ലീല കൃഷ്ണൻ നായരുടെ വാർത്താസമ്മേളനം. കോവളം ലീല പാലസിൽ. ഈ നാട് രക്ഷപ്പെടണമെങ്കിൽ 'പിണറായി വിജയൻ മുഖ്യമന്ത്രിയാകണം' ചൈനയിലെ സന്ദർശനം വിവരിച്ചു കൊണ്ടാണ് കൃഷ്ണൻ നായരുടെ പ്രഖ്യാപനം.
ചോര തിളച്ചു. മൈക്ക് വാങ്ങി ഒരു ചോദ്യമെറിഞ്ഞു. 'ചൈനയിൽ എവിടെയാണ് അങ്ങ് പോയത്? അവിടെ എവിടെയാണ് താങ്കൾ സംതൃപ്തരായ ജനതയെ കണ്ടത്? ബീജിങിലോ, ഷാങ്ഹായിയിലോ, വുഹാനിലോ? ഒളിമ്പിക്‌സിനായി എത്ര ലക്ഷം പേരെയാണ് ബീജിങ്ങിൽ നിന്ന് ആട്ടിപ്പായിച്ചതെന്നു താങ്കൾ അറിഞ്ഞോ? നിരത്തിലും വലിയ മറ തീർത്തു ചേരികൾ ഒളിപ്പിച്ചത് അറിഞ്ഞോ? വികസിത രാജ്യത്തെ തുച്ഛകൂലിക്കാരായ എഴുപതോളം പേര് ഒരു ക്വാറിയിൽ കുടുങ്ങി മരിച്ചത് അറിഞ്ഞോ? അവരുടെ ബന്ധുക്കളെ കണ്ടോ? അതാണ് ചൈന.'
ഒളിംപിക്‌സിന് നടത്തിയ പഠനങ്ങളുടെ ആകെത്തുകയായിരുന്നു ആ ചോദ്യങ്ങൾ. മറ്റു മാധ്യമപ്രവർത്തകർ എന്നെ അവിശ്വസനീയമായി നോക്കി. വേദിയിലെ സിംഹാസനത്തിലിരുന്നു കൃഷ്ണൻനായർ എന്നെ നോക്കി പുഞ്ചിരിച്ചു. ശേഷം അദ്ദേഹം പറഞ്ഞു അതൊന്നും എനിക്കറിയില്ല. പക്ഷെ ഈ നാട് വികസിക്കണമെങ്കിൽ പിണറായി മുഖ്യമന്ത്രിയാകണം.
മംഗളത്തിലെ അജിത്തേട്ടൻ രോഷത്താൽ വിറകൊള്ളുന്ന എന്റടുത്തു വന്നിട്ട് ചോദിച്ചു. കൈരളീൽ നിനക്ക് പണിയുണ്ടാകുമോ. ഇല്ലേൽ വേണ്ട, നിനക്ക് ഞാൻ ജോലി തരും.. കാലമെത്ര പോയി. പിണറായി മുഖ്യമന്ത്രിയായി. ഒരു മുഖ്യമന്ത്രിയും ആഗ്രഹിക്കാത്ത എത്രയെത്ര ദുരന്തങ്ങളാണ് ഈ നാട് നേരിട്ടത്. എന്നിട്ടും നമ്മൾ അതിജീവിച്ചു. ഈ കൊറോണയെയും നമ്മൾ അതിജീവിക്കും. അതിനു മുന്നിൽ നിൽക്കാൻ പിണറായിയുണ്ട്. എനിക്കിപ്പോൾ അയാൾ ഒരു വിസ്മയമാണ്.
അന്നൊരിക്കൽ പിണറായി എന്നെ നോക്കി ഒരു പുഞ്ചിരി തന്നിട്ടുണ്ട്. കാർക്കശ്യം മൂടിയ മുഖത്തിനുള്ളിൽ നിന്ന് കിട്ടിയ പുഞ്ചിരി.. അക്കഥ മൂഡുണ്ടെങ്കിൽ നാളെപ്പറയാം...