തിരുവനന്തപുരം: എഐസിസി പ്ലീനറി സമ്മേളനത്തിൽ പ്രസംഗത്തിൽ ഇംഗ്ലീഷ് ഉച്ചാരണ ശുദ്ധിയുടെ പേരിൽ പരിഹസിക്കപ്പെട്ടതും, തന്റെ ജീവിതപശ്ചാത്തലവും വിവരിച്ച് കൊണ്ടുള്ള ടി.എൻ.പ്രതാപന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. കോൺഗ്രസിന്റെ രാഷ്ട്രീയ ഭാഷ മാറുന്നതിന്റെ സൂചനയാണ് പ്രതാപനെ അവഹേളിക്കുന്നവരെ പ്രകോപിപ്പിക്കുന്നതെന്ന് നിരീക്ഷിക്കുകയാണ് എഐസിസി അക്കാദമിക് ഓറിയന്റേഷൻ വിഭാഗമായ ആർജിഎസ് സിയുടെ സംസ്ഥാന ചുമതലയുള്ള അനൂപ് വി.ആർ. ടി എൻ പ്രതാപന്റേത് ക്വീൻ'സ് ഇംഗ്ലീഷ് അല്ല, അത് ഫിഷർമെൻ'സ് ഇംഗ്ലീഷ് ആണ്. അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും-അനൂപ് കുറിക്കുന്നു ഫേസ്‌ബുക്കിൽ.

ഫേസ്‌ബുക്ക് പോസ്‌ററിന്റെ പൂർണരൂപം:

എ ഐ സി സി പ്ലീനറി സമ്മേളനത്തിൽ പ്രസംഗിച്ചപ്പോൾ, ഇംഗ്ലീഷ് ഉച്ചാരണ ശുദ്ധിയുടെ കാര്യത്തിൽ ,പരിഹസിക്കപ്പെട്ടു എന്ന ടി എൻ പ്രതാപന്റെ ഫേസ്‌ബുക്ക് കുറിപ്പ് ശരിക്കും സ്പർശിച്ചു. അപ്പോൾ തന്നെ ,അദ്ദേഹത്തെ വിളിച്ച് ആരാണ് പരിഹസിച്ചെതെന്ന് ചോദിച്ചു.മനസ്സിൽ ഇപ്പോഴും ഫ്യൂഡൽ ബോധം കൊണ്ട് നടക്കുന്നവർ എന്നായിരുന്നു മറുപടി.സത്യത്തിൽ ഇവരെയൊക്കെ പ്രകോപിക്കുന്നത് പ്രതാപേട്ടന്റെ ഭാഷയല്ല, മറിച്ച് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഷ മാറുന്നതാണ്.

ഇതുവരെ അധികാരത്തിന്റെ അകത്തളങളിൽ ,അദൃശ്യരായ ആദിവാസികളും, ദളിതരും ,മൽസ്യതൊഴിലാളികളും മുസ്‌ളീങ്ങളും ഒക്കെ സംസാരിച്ച് തുടങ്ങുന്നത് ആണ്. കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായി 'ജാതി ' ഒരു പ്രശ്‌നമായി ഉന്നയിക്കുന്നത്, കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ ,മലയാളിയായ ടി കെ മാധവൻ ആയിരുന്നു എങ്കിൽ, അതേ കേരളത്തിൽ നിന്ന് മൽസ്യതൊഴിലാളി കുടുംബത്തിൽ നിന്ന് വരുന്ന ടി എൻ പ്രതാപൻ, അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, അഖിലേന്ത്യാ കോൺഗ്രസ് സമ്മേളന വേദിയിൽ അവതരിപ്പിക്കുന്നത് ചരിത്രപരം തന്നെയാണ്.

ടി കെ മാധവന് സമ്മേളനത്തിൽ ,ഗാന്ധി തിരസ്‌കരിച്ച പ്രമേയത്തിന് അനുമതി, നൽകിയത് ഖിലാഫത്ത് നേതാവ് മൗലാനാ മുഹമ്മദാലി ആയതുകൊണ്ട് ,അതിന് ശേഷം ജനിച്ച മകൻ ,മാധവൻ മുഹമ്മദാലി എന്ന് പേരിട്ടത് അതിന്റെ സ്‌നേഹ സ്മരണയിൽ ആണ്. ആദ്യത്തെ മകന് ടി എൻ പ്രതാപൻ ആഷിഖ് എന്ന് പേരിടുന്നത് ,മുസ്‌ളീം സ്‌നേഹത്തിന്റെ മുദ്രണം തന്നെയാണ്.കേരളത്തിലെ അരയ സമുദായത്തെ മുഴുവൻ സംഘപരിവാർ വൽക്കരിക്കരിക്കാൻ ,അങ്ങനെ കടലോരം മുഴുവൻ മാറാടുകൾ ആവർത്തിക്കാൻ ഉള്ള പരിശ്രമങ്ങൾ നടക്കുമ്പോൾ, അതേ സമുദായത്തിൽ നിന്ന് വരുന്ന ,പ്രതാപേട്ടനെപ്പോലുള്ളവരുടെ സ്‌നേഹ പ്രതിരോധങ്ങൾക്ക്, ഏത് അക്കാദി മിക് റെസിസ്റ്റൻസിനേക്കാളും മൂല്യം ഉണ്ട്.

മാൻഹോളിൽ വെച്ച് മരിച്ച, നൗഷാദിനെതിരെ അപമാനകരമായ പരാമർശങ്ങൾ ഉണ്ടായപ്പോൾ, അതിനെതിരെ നിയമ പരമായി കേസ് ഫയൽ ചെയ്ത് ആണ്, അദ്ദേഹം പ്രതികരിച്ചത്.പൊന്നാനി കടപ്പുറം മുഴുവൻ മുസ്‌ളീങൾ കയ്യടിക്കി വെച്ചിരിക്കുകയാണെന്ന് ശശികലയുടെ വിഷ ലിപ്തമായ പ്രചാരണങ്ങൾ ഉണ്ടായപ്പോൾ, അതിനെതിരെ അതേ കടപ്പുറത്ത് സംഘടിപ്പിച്ച, പ്രചരണ ക്യാമ്പയിന്റേതാണ് ഈ ചിത്രം. അതേ, വിദ്വേഷവാഹകരുടെ സമഗ്രാധിപത്യ രാഷ്ട്രീയത്തെ ,നേരിടേണ്ടത് സ്‌നേഹത്തിന്റെ രാഷ്ട്രീയ ഭാഷ കൊണ്ട് തന്നെയാണ്. അതിനാവശ്യം വ്യാകരണശുദ്ധിയല്ല, മറിച്ച് ഹൃദയ ദ്രവീകരണ ശേഷിയാണ്.രാജഭാഷയിൽ രാഷ്ട്രീയത്തെ സമീപിക്കുന്നവർക്ക് അത് മനസ്സിലാകണമെന്നില്ല.അതെ, ടി എൻ പ്രതാപന്റേത് ക്വീൻ'സ് ഇംഗ്ലീഷ് അല്ല, അത് ഫിഷർമെൻ'സ് ഇംഗ്ലീഷ് ആണ്. അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. സോ ബ്ലഡി വാട്ട്?