- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടകാരിയായ ഹെപ്പാറ്റൈറ്റിസും കുരങ്ങുപനിയും ഒരുമിച്ച് മുൻപോട്ട്; 28 കുട്ടികൾ കൂടി ഹെപ്പറ്റൈറ്റിസിന്റെ പിടിയിൽ; നിരവധി കുട്ടികൾക്ക് കരൾ മാറ്റുന്നു; ബ്രിട്ടനിൽ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം നൂറുകടന്നു; അപകടകാരിയായ പകർച്ചവ്യാധിയായി മാറുമെന്ന് യൂറോപ്യൻ യൂണിയൻ; രോഗങ്ങൾ കാർന്നു തിന്നുന്ന ലോകം
കുരങ്ങിൽ സുഖ സുഷുപ്തിയിലായിരുന്ന എച്ച് ഐ വി വൈറസായിരുന്നു ആദ്യം പുറത്തിറങ്ങി ആധുനിക ലോകത്തെ ഞെട്ടിച്ചത്. ഇതിനു മുൻപും മഹാമാരികൾ ലോകത്തെ ഞെട്ടിച്ചിട്ടുണ്ടെങ്കിലും, ആധുനിക ലോകം കാണുന്ന ആദ്യ മഹാമാരിയായിരുന്നു എയ്ഡ്സ്. പിന്നീടങ്ങോട്ട് മഹാവ്യാധികളുടെ കുത്തൊഴുക്കായിരുന്നു നിപ്പ, ഡെങ്ക്യൂ അങ്ങനെ പലതും എത്തി താണ്ഡവമാടിയതിനു ശേഷമായിരുന്നു മനുഷ്യരെയൊന്നടങ്കം വീടുകളിൽ പൂട്ടിയിട്ട കൊറോണയുടെ വരവ്. അതിന്റെ ആഘാതത്തിൽ നിന്നും കരകയറുന്നതിനു മുൻപ് തന്നെ മറ്റ് രണ്ട് മഹാമാരികൾ മനുഷ്യകുലത്തിന് ഭീഷണിയായി എത്തുകയാണ്.
കുഞ്ഞുങ്ങളിൽ ബാധിക്കുന്ന ദുരൂഹമായ ഒരുതരം ഹെപ്പറ്റൈറ്റിസും മുതിർന്നവരിൽ, പ്രത്യേകിച്ച് പുരുഷരിൽ കണ്ടെത്തിയ കുരങ്ങുപനിയുമാണ് ഇപ്പോൾ മനുഷ്യകുലത്തിന് ഭീഷണിയാകുന്നത്. മാറിയ ജീവിത ശൈലിയും ഭക്ഷണരീതികളുമൊക്കെ വലിയൊരു പരിധിവരെ ഇത്തരം മഹാമാരികൾക്ക് കാരണമാകുന്നു എന്നാണ് വിദഗ്ദർ പറയുന്നത്. പ്രകൃതിയിൽ നിന്നും മനുഷ്യൻ അകന്നുപോകും തോറും തന്നിലേക്ക് അവനെ വലിച്ചടിപ്പിക്കാനുള്ള പ്രകൃതിയുടെ ശ്രമങ്ങളത്രെ ഈ മാഹാമാരികൾ. ഏതായാലും, യുദ്ധങ്ങളേക്കാൾ ഒരുപക്ഷെ ഇന്ന് ലോകം നേരിടുന്ന വലിയ പ്രതിസന്ധി ഈ രോഗങ്ങളുടെ തുടർച്ചയായ വരവ് തന്നെയാകാം.
ബ്രിട്ടനിൽ 25 കുരുന്നുകൾക്ക് കൂടി ദുരൂഹ ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചു
പൊട്ടിപ്പുറപ്പെട്ടതെവിടെ നിന്നാണെന്നോ, രോഗത്തിന് കാരണമാകുന്നത് എന്താണെന്നോ ഇനിയും കണ്ടെത്താനാകാത്ത ദുരൂഹമായ ഹെപ്പറ്റൈറ്റിസ് രോഗം കുരുന്നുകൾക്കിടയിൽ അതിവേഗം പടർന്ന് പിടിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബ്രിട്ടനിൽ മറ്റ് 25 കുട്ടികൾക്കു കൂടി ഈ രോഗം സ്ഥിരീകരിച്ച വാർത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ഇതോടെ ബ്രിട്ടനിൽ ഈ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം 222 ആയി ഉയർന്നു.
ഇതിൽ 158 പേർ ഇംഗ്ലണ്ടിലാണ്. 31 പേർ സ്‌കോട്ട്ലാൻഡിലും, 17 പേർ വെയിൽസിലും 16 പേർ നോർത്തേൺ അയർലൻഡിലുമാണ് ഉള്ളത്. കൂടുതലും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് ഈ രോഗം പടർന്നുപിടിക്കുന്നത്. എന്നാൽ ചെറിയൊരു വിഭാഗം രോഗികൾ 10 വയസ്സിനു മുകളിൽ ഉള്ളവരും ഉണ്ട്. മരണത്തിനു വരെ കാരണമായേക്കാവുന്ന വിധത്തിൽ കരളിനെ ബാധിക്കുന്ന ഈ രോഗത്തിന്റെ കാരണമെന്തെന്ന് ഇന്നും ശാസ്ത്രലോകത്തിന് അജ്ഞാതമായി തുടരുകയാണ്.
യൂറോപ്പ്, അമേരിക്ക, തെക്കേ അമേരിക്ക, മദ്ധ്യപൂർവ്വ ദേശങ്ങൾ, ഏഷ്യ എന്നിവിടങ്ങളിലൊക്കെ ഈ രോഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ ചുരുങ്ങിയത് 12 കുഞ്ഞുങ്ങളെങ്കിലും ഈ രോഗം മൂലം മരണമടഞ്ഞതായി കണക്കാക്കുന്നു. നിരവധി പേർക്കാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. സാധാരണയായി ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നവരിൽ കാണാറുള്ളത് ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ വിഭാഗങ്ങളിൽ പെടുന്ന വൈറസുകളിൽ ഏതെങ്കിലും ഒന്നായിരിക്കും. എന്നാൽ ഈ വിചിത്ര ഹെപ്പറ്റൈറ്റിസ് ബാധിച്ചവരിൽ ഇവയൊന്നും കണ്ടെത്താനായിട്ടില്ല എന്നത് ഇന്നും അത്ഭുതമായി തുടരുന്നു.
ഇപ്പോൾ പൊതുവെ സ്വീകരിച്ചിരിക്കുന്ന ഒരു സിദ്ധാന്തം സാധാരണ ജലദോഷം ഉൾപ്പടെയുള്ള രോഗങ്ങൾക്ക് കാരണമാകുന്ന അഡോണ വൈറസുകളിൽ ഒരു വിഭാഗമാകാം ഈ രോഗത്തിന് കാരണം എന്നാണ്. സാധാരണയായി വലിയ അപകടകാരിയല്ലാത്ത അഡോണ വൈറസുകളിൽ മ്യുട്ടേഷൻ സംഭവിച്ചതിനാലാകാം ഇവ അപകടകാരികളായതെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇക്കാര്യം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല. അതുപോലെ, നേരത്തേ വന്ന കോവിഡ് ബാധ മൂലമാകാം ഇത് എന്ന വാദവും തള്ളിക്കളഞ്ഞിരിക്കുകയാണ്.
കോവിഡ് വാക്സിന്റെ പാർശ്വഫലമാണ് ഇതെന്ന ഒരു പ്രചാരണവും നിലവിലുണ്ടായിരുന്നു. എന്നാൽ, ഈ രോഗം ബാധിച്ചവരിൽ മിക്കവരും കോവിഡ് വാക്സിൻ എടുക്കുന്നതിനുള്ള പ്രായമാകാത്തവരാണ് എന്ന വസ്തുത, വാക്സിനെതിരെ നടക്കുന്നത് കേവലം അബദ്ധ പ്രചാരണം മാത്രമാണെന്ന് സംശയരഹിതമായി തെളിയിക്കുന്നു. ഏതായാലും, ലോകമാകമാനം ഈ ദുരൂഹ രോഗത്തെ പറ്റിയുള്ള ഗവേഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്. ഇതിനു പിന്നിലെ രഹസ്യം ഉടൻ വെളിപ്പെടുമെന്ന് വിശ്വസിക്കാം.
സൂക്ഷിച്ചില്ലെങ്കിൽ കുരങ്ങുപനി ലോകത്തെ മുൾമുനയിൽ നിർത്തുമെന്ന് യൂറോപ്പ്യൻ യൂണിയൻ
യൂറോപ്പിലാകമാനം കുരങ്ങുപനി വ്യാപിക്കാൻ തുടങ്ങിയതോടെ കർശന നടപടികൾ എടുക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. അതല്ലെങ്കിൽ ഇത് ഭൂഖണ്ഡം മുഴുവൻ അതീവ ഗുരുതരമായി ബാധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. വസൂരിക്കെതിരായ വാക്സിന്റെ സ്റ്റോക്ക് വിവരങ്ങൾ എടുക്കാൻ എല്ല യൂണിയൻ അംഗരാജ്യങ്ങൾക്കും നിർദ്ദേശം നൽകിക്കഴിഞ്ഞു. അതുപോലെ വസൂരി ചികിത്സക്ക് ഫലപ്രദമേന്ന് തെളിഞ്ഞിട്ടുള്ള ആന്റി വൈറൽ മരുന്നുകളും തയ്യറാക്കി വയ്ക്കൻ നിർദ്ദേശിച്ചിട്ടുണ്ട്.
കോവിഡ് കാലത്തെ ഓർമ്മിപ്പിക്കും വിധം കോൺടാക്റ്റ് ട്രേസിങ് പോലുള്ള നടപടികൾ ആവശ്യമായി വന്നേക്കാം എന്നാണ് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ പറയുന്നത്. തുപോലെ കുരങ്ങുപനിക്ക് കാരണമാകുന്ന ഓർത്തോപോക്സ് വൈറസുകൾക്കായുള്ള പരിശോധനാ നടപടികൾ കൂടുതൽ ഊർജ്ജിതമാക്കാനും നിർദ്ദേശമുണ്ട്. യൂറോപ്യൻ യൂണിയനിലെ അംഗങ്ങളായഎട്ടു രാജ്യങ്ങളിലാണ് ഇപ്പോൾ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്.ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്സ്, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ എന്നിവയാണ് ഈ രാജ്യങ്ങൾ.
ഇതിനു മുൻപ് ആഫ്രിക്കൻ വൻകരയിൽ മാത്രം, അതും പശ്ചിമ ആഫ്രിക്കയിലും മദ്ധ്യ ആഫ്രിക്കയിലും മാത്രം കണ്ടുവന്നിരുന്ന ഈ രോഗം ഇപ്പോൾ 21 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു കഴിഞ്ഞു. മൃഗങ്ങളിൽ ഈ വൈറസിന് സുരക്ഷിതമായി കഴിഞ്ഞുകൂടാം എന്നിരിക്കെ, വളർത്തു മൃഗങ്ങൾ ഉൾപ്പടെയുള്ള മൃഗങ്ങളിലേക്കും വൈറസ് ബാധ പടർന്നേക്കാം. മൃഗങ്ങളിൽ ഇത് പ്രകടമായ ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല. എന്നാൽ, ഈ മൃഗങ്ങളുമായുള്ള സമ്പർക്കം വഴി ഇത് മനുഷ്യരിലേക്ക് പടരാം.
അങ്ങനെ സംഭവിച്ചാൽ ഒരുപക്ഷെ ഈ ലോകത്തു നിന്നും തുടച്ചു നീക്കാൻ കഴിയാത്തവണ്ണം രോഗം ഭൂമിയിൽ എന്നന്നേക്കുമായി നിലനിന്നേക്കാം. അതുകൊണ്ടു തന്നെയാണ് പടരാൻ തുടങ്ങുന്ന ഈ ഘട്ടത്തിൽ തന്നെ അതിനെ ഇല്ലാതാക്കണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നത്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് ഇത് പടരുന്നത്. അതുകൊണ്ടു തന്നെ രോഗ ലക്ഷണങ്ങൾ ഉള്ളവർ 21 ദിവസത്തെ ക്വാറന്റൈനിൽ പോകണമെന്ന് പല രാജ്യങ്ങളും നിർദ്ദേശിച്ചു കഴിഞ്ഞു.
മറുനാടന് ഡെസ്ക്