- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർട്ടിൻ ജോസഫിനെതിരെ മറ്റൊരു യുവതിയുടെ സമാനപരാതിയും; മാർട്ടിന്റെ പ്രവർത്തനം സംഘമായെന്നും സംശയം; 'ആദ്യഘട്ടത്തിൽ പൊലീസിന് പിഴവ് പറ്റി', ഗൗരവം മനസിലായത് ദൃശ്യങ്ങൾ കണ്ടപ്പോഴെന്ന് കമ്മീഷണർ; സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും; പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടാൻ വൈകിയതിൽ പൊലീസിന് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ കണ്ടപ്പോഴുമാണ് ക്രൂരതയെക്കുറിച്ച് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. പ്രതി മാർട്ടിൻ ജോസഫിനെ പിടികൂടിയ ശേഷം കൊച്ചിയൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം.
പ്രതി മാർട്ടിൻ ജോസഫിനെതിരേ മറ്റൊരു യുവതിയും സമാനമായ പരാതി കൊടുത്തിട്ടുണ്ട്. ആ കേസും അന്വേഷിക്കും. മാർട്ടിനും കൂട്ടരും സംഘടിതമായാണോ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്. അതേസമയം മാർട്ടിനെതിരേയും ഈ ഗ്രൂപ്പിനെതിരേയും ഇനിയും എന്തെങ്കിലും പരാതിയുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ്. കൂടാതെ ഇവരുടെ വരുമാന മാർഗങ്ങൾ, സാമ്പത്തിക ഇടപാട് എന്നിവയെ സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും കമ്മിഷണർ മാധ്യമങ്ങളോട് പറഞ്ഞു.
അറസ്റ്റിലായ മാർട്ടിൻ ജോസഫ് ലഹരി മരുന്ന് കേസിലും പ്രതിയാണെന്ന് കമ്മീഷണർ അറിയിച്ചു. മറ്റ് കേസുകൾ ഉണ്ടോ എന്ന് അന്വേഷിക്കും. ഇതിനെല്ലാം പുറമെ മാർട്ടിൻ ജോസഫിനെതിരെ ശാരീരിക പീഡനത്തിന് ഒരു പരാതി കൂടി ലഭിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ സി എച്ച് നാഗരാജു സ്ഥിരീകരിച്ചു. കാക്കനാട് ഫ്ളാറ്റിൽ വച്ച് നിലവിലെ കേസിലെ പരാതിക്കാരിയായ യുവതിയുടെ സുഹൃത്തിനെ മാർട്ടിൻ ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി ഉയർന്നിരുന്നു.
അതിനിടെ, ഫ്ളാറ്റ് പീഡനക്കേസിന്റെ പശ്ചാത്തലത്തിൽ സമാനമായ ഗാർഹിക പീഡന കേസുകൾ കണ്ടത്താൻ ശ്രമിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. കൂടുതൽ ഗാർഹിക പീഡന കേസുകൾ ഉണ്ട്. ഇവ കണ്ടെത്താൻ പ്രത്യേക അന്വേഷണം നടത്തുമെന്നും കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി.
അതേസമയം ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി മാർട്ടിൻ ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോടതിയുടെ പരിഗണനയിൽ കേസ് ഇരിക്കെ അറസ്റ്റ് ചെയ്തത് ദൗർഭാഗ്യകരം എന്ന് പ്രതിഭാഗം വാദിച്ചു. കോടതിയെ പൊലീസ് അപമാനിച്ചെന്ന പ്രതിയുടെ വാദത്തോട് അത് സാരമില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
കണ്ണൂർ സ്വദേശിനിയായ യുവതിക്ക് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്തുകൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് മാർട്ടിനൊപ്പം യുവതി താമസിക്കാൻ തുടങ്ങിയത്. മാർട്ടിന്റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.
കഴിഞ്ഞ മാർച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാർട്ടിനുമൊത്ത് താമസിച്ചിരുന്ന ഫ്ളാറ്റിൽ നിന്ന് രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ അന്ന് മുതൽ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു. ഒടുവിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ രാത്രിയാണ് തൃശ്ശൂർ അയ്യൻകുന്നിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ