- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൗട്ടെ ചുഴലിക്കാറ്റിന്റെ ദുരിതം തീരും മുൻപേ 'യാസ്' വരുന്നു; അടുത്തയാഴ്ച മഴ കനക്കുമെന്നു കാലാവസ്ഥാ നിരീക്ഷകർ; കേരളത്തിൽ കടൽക്ഷോഭം രൂക്ഷമായേക്കും; തീരദേശ വാസികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം
കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിന്റെ ദുരിതം തീരും മുൻപേ യാസ് വരുന്നു, മഴ അടുത്തയാഴ്ച വീണ്ടും കനക്കുമെന്നു കാലാവസ്ഥാ നിരീക്ഷകർ. അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെത്തിയിട്ടും തീരത്തിന്റെ ആശങ്ക ഒഴിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികൾ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കടലിൽ പോകരുതെന്നാണു നിർദ്ദേശം.
ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തീരദേശ വാസികൾ ജാഗ്രതയോടെ ഇരിക്കണം. ടൗട്ടെയ്ക്കു പിറകെ 23ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
ഇതു തൊട്ടടുത്ത ദിവസം തീവ്ര ന്യൂനമർദമാകും. ചുഴലിക്കാറ്റായി മാറിയാൽ 'യാസ്' എന്ന പേരിലാവും അറിയപ്പെടുക. യാസ് രൂപപ്പെട്ടാൽ തെക്കൻ കേരളത്തിൽ 25 മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തൊട്ടടുത്ത ദിവസം മുതൽ മഴ വടക്കൻ കേരളത്തിലേക്കും കർണാടകയിലേക്കും വ്യാപിക്കുമെന്നാണു കണക്കുകൂട്ടൽ.
തെക്കൻകേരളത്തിൽ ഇരുപത്തിയഞ്ചാം തീയതി മുതൽ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. തൊട്ടടുത്ത ദിവസം തന്നെ മഴ വടക്കൻ കേരളത്തിലേക്കും വ്യാപിക്കും എന്നാണ് കണക്കുകൂട്ടുന്നത്.
അതേസമയം, ഗുജറാത്തിൽ കരയിലേക്ക് വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റ് ദുർബലമായി. ഇന്നലെ രാത്രി 9 മണിയോടെ കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അതിതീവ്ര ചുഴലിയിൽ നിന്ന് തീവ്ര ചുഴലിയായി ടൗട്ടെ മാറിയത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
തീരമേഖലയിൽ റെഡ് അലർട്ട് തുടരുകയാണ്.
ന്യൂസ് ഡെസ്ക്