ന്യൂഡൽഹി: കോൺഗ്രസിനെ പിടിച്ചുലയ്ക്കാൻ വീണ്ടും പീഡന വിവാദം. സോളാറിൽ ക്രൈംബ്രാഞ്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കേന്ദ്ര മന്ത്രിയായിരുന്ന കെ സി വേണുഗോപാലിനുമെതിരെ പിണറായി സർക്കാർ കേസെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ വിവാദവും കോൺഗ്രസിനെ തേടിയെത്തുന്നത്. ഡൽഹിയിൽ നാല് വർഷം മുമ്പ് പീഡനം നടന്നുവെന്ന ആരോപണം ഉന്നയിക്കുന്നതും കോൺഗ്രസ് പ്രവർത്തകയാണ്. ഡൽഹി സർവ്വകലാശാലയിൽ പഠിച്ചിരുന്ന യുവതി കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എൻ എസ് യുവിന്റെ പ്രവർത്തകയാണ്.

കെപിസിസി നേതാക്കളോടും എഐസിസി നേതാക്കളോടും യുവതി ഇതിനോടകം തന്നെ പരാതിപ്പെട്ടു കഴിഞ്ഞു. മീടൂ ആരോപണത്തിന്റെ ഭാഗമായി പഴയ പീഡന വിവാദം ചർച്ചയാക്കാനാണ് ശ്രമം. കേരളത്തിൽ നിന്നുള്ള പ്രധാന നേതാവാണ് വിവാദത്തിൽ കുടുങ്ങുന്നത്. എഐസിസിയുമായി ഏറെ അടുപ്പവുമുണ്ട് ഈ നേതാവിന്. കേന്ദ്ര മന്ത്രിയുമായിരുന്നു. ഈ സാഹചര്യത്തിൽ ഏറെ ഗൗരവത്തോടെ മീടു ചർച്ചയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയെ സ്വാധീനിക്കാൻ ശ്രമവും നടന്നു. എന്നാൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും വാക്കാൽ നൽകിയ പരാതി എഴുതിയ നൽകുമെന്നും യുവതി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇതോടെ പീഡനാരോപണത്തിൽ നേതാവ് പെടുമെന്നാണ് വിലയിരുത്തൽ.

പാർലമെന്റ് സന്ദർശനത്തിനുള്ള പാസിന് വേണ്ടിയാണ് യുവതി നേതാവിനെ സമീപിച്ചത്. ഔദ്യോഗിക വസതിയിൽ വരാനായിരുന്നു നിർദ്ദേശം. ഇത് അനുസരിച്ച് വീട്ടിലെത്തിയപ്പോൾ ബെഡ് റൂമിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇത് വിവാദമാകുമെന്ന് ഉറപ്പായതോടെ യുവതിയെ നേരിട്ട് കണ്ട് മാപ്പു പറയാനും മറ്റും കോൺഗ്രസിലെ പ്രമുഖ നേതാവ് ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒത്തുതീർപ്പ് ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാട് യുവതി എടുത്തു കഴിഞ്ഞു. എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പരാതി കൈമാറുമെന്നും അതിന് ശേഷം ഡൽഹി പൊലീസിനെ സമീപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരാണ്. എംജെ അക്‌ബറിനെതിരെ മീടു ഉയർന്നപ്പോൾ കോൺഗ്രസ് ശക്തമായ നിലപാട് എടുത്തു. അക്‌ബറിന് കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ മീടുവിൽ പരാതി കിട്ടിയാൽ രാഹുൽ ഗാന്ധിയും ശക്തമായ നിലപാട് എടുക്കുമെന്നാണ് സൂചന. അതിനിടെ ഡൽഹി കോടതിയിൽ സ്വകാര്യ പരാതി കൊടുക്കുന്നതിലും യുവതി നിയമോപദേശം തേടിയിട്ടുണ്ട്.

സോളാറിൽ കുടുങ്ങിയ കോൺഗ്രസ് പീഡന വിവാദമെല്ലാം ഇടത് സൃഷ്ടിയാണെന്നാണ് പറയുന്നത്. ഇതിനെ പകപോക്കൽ രാഷ്ട്രീയമായി ഉമ്മൻ ചാണ്ടിയും മറ്റും വിശദീകരിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം പുതിയ തലത്തിലെത്തിച്ച് സോളാർ നായികയുടെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയേയും വേണുഗോപാലിനേയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത പോലുമുണ്ടെന്നാണ് ഉയരുന്ന വാദം. അതിനിടെയാണ് കേരളത്തിലെ കോൺഗ്രസിനെ പിടിച്ചുലയ്ക്കാൽ ഡൽഹിയിലെ പീഡനവും എത്തുന്നത്. എൻ എസ് യു പ്രവർത്തകയെന്ന രീതിയിൽ പ്രവർത്തിക്കുമ്പോൾ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മലയാളി നേതാവ് നടത്തിയ ഇടപെടലിനെതിരെയാണ് യുവതിയുടെ പോരാട്ടം.

സോളാർ കേസിൽ ക്രൈംബ്രാഞ്ചിന് നൽകിയ പ്രാഥമിക മൊഴി ഇര ആവർത്തിച്ചതിനാൽ കേസ് കടുക്കും. 2012ലെ ഹർത്താൽ ദിനത്തിൽ ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ ടൂറിസം മന്ത്രിയായിരുന്ന എ.പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ വച്ച് കെ.സി.വേണുഗോപാൽ പീഡിപ്പിച്ചുവെന്നുമുള്ള പരാതി പ്രകാരം ക്രൈംബ്രാഞ്ച് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൊഴിക്കുശേഷം ഇതിന്റെ പകർപ്പ് വാങ്ങിയാകും അന്വേഷണത്തിന്റെ അടുത്തഘട്ടം ക്രൈംബ്രാഞ്ച് തുടങ്ങുക. ശാസ്ത്രീയ പരിശോധനകളിലൂടെ സരിതയുടെ മൊഴി സത്യമാണോയെന്ന് ഉറപ്പാക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ആദ്യ ദൗത്യം. പീഡിപ്പിക്കപ്പെട്ടെന്ന് സരിത പറയുന്ന ദിവസങ്ങളിൽ അവിടെയുണ്ടായിരുന്നോ എന്ന് മൊബൈൽ ടവർ ലൊക്കേഷൻ സഹായത്തോടെ കണ്ടെത്തണം. ഔദ്യോഗിക വസതികളിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തണം.

ഉമ്മൻ ചാണ്ടിയുടെയും വേണുഗോപാലിന്റെയും ടൂർഡയറി കണ്ടെടുത്ത്, ഇരുവരും ആ ദിവസം തിരുവനന്തപുരത്തുണ്ടായിരുന്നോ എന്നും ഉറപ്പാക്കണം. ശക്തമായ സാഹചര്യ, ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയാൽ അടുത്ത നടപടി അറസ്റ്റാണ്. അതേസമയം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കാൻ ഉമ്മൻ ചാണ്ടിയും വേണുഗോപാലും ഹൈക്കോടതിയെ സമീപിക്കും. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇത് സാധ്യമാകുമോ എന്ന് സംശയമുണ്ട്. 20 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. വിശദമായ അന്വേഷണത്തിന് ശേഷം സെക്ഷൻ 172 പ്രകാരം കോടതിയിൽ റിപ്പോർട്ട് നൽകണം. അല്ലാതെ, ഈ ഘട്ടത്തിൽ എഫ്.ഐ.ആർ റദ്ദാക്കാൻ നിയമം അനുശാസിക്കുന്നില്ല.

ഉമ്മൻ ചാണ്ടിക്കെതിരെ ഐ.പി.സി 377, പണം കൈപ്പറ്റിയതിന് ഐ.പി.സി 420, കെ. സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിന് ഐ.പി.സി 376, സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354, ഫോണിലൂടെ ശല്യംചെയ്തതിന് കേരള പൊലീസ് ആക്ട് 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ കേസു തന്നെ കോൺഗ്രസിന് വലിയ പുലിവാലാണ്. ഇതിനിടെയാണ് പുതിയ ആരോപണം എത്തുന്നത്. സോളാർ പീഡനം നടന്നെന്ന് ആരോപിക്കുന്ന അതേ സമയത്താണ് ഡൽഹിയിലെ പീഡനമെന്നതും ശ്രദ്ധേയമാണ്.

(നേതാവിന്റെ പേരുവിവരങ്ങൾ വ്യക്തമാണെങ്കിലും ഇതുവരെ യുവതി പൊലീസിൽ പരാതിപ്പെടാത്തതു കൊണ്ട് അത് വെളിപ്പെടുത്തുന്നത് നിയമ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നതിനാലാണ് പ്രസിദ്ധീകരിക്കാത്തത്.  പരാതി പൊലീസ് സ്‌റ്റേഷനിൽ എത്തുകയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്താൽ ഉടൻ പേരു വെളിപ്പെടുത്തും)