കൊച്ചി: മോഡലുകൾ ദാരുണമായി മരണപ്പെട്ട വാഹനാപകടവുമായി ബന്ധപ്പെട്ട് ദുരൂഹത ഒഴിയുന്നില്ല. നിർണായക തെളിവായ സിസി ടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിന് നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ വയലാട്ട് അറസ്റ്റിലായതിന് പിന്നാലെ, മുൻ മിസ് കേരള അൻസി കബീറിന്റെ ബന്ധുക്കൾ നിരവധി ചോദ്യങ്ങളുമായി രംഗത്തെത്തി. ചാനൽ ചർച്ചയിലാണ് അവർ സംശയം ഉന്നയിച്ചത്. ഇക്കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തി.

മരണത്തിൽ ദുരൂഹത സംശയിക്കുന്നു. അന്വേഷണത്തിലെ മെല്ലെ പോക്കിനുണ്ടായ കാരണം അറിയണം. ചില സംശയങ്ങളുണ്ടെന്നും അൻസിയുടെ ബന്ധു നസീം പറഞ്ഞു. അൻസി കബീർ, റണ്ണർ അപ്പ് അഞ്ജന എന്നിവർ സഞ്ചരിച്ച വാഹനം ഓടിച്ച അബ്ദുൾ റഹ്മാൻ ആരെന്ന് തങ്ങൾക്കറിയില്ല. ഇയാളെ മുൻപരിചയം ഇല്ല. ആശുപത്രി വിട്ട ആബ്ദുൾ റഹ്മാനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും നസീം പറഞ്ഞു. ഇന്ന് ജാമ്യം നേടിയ അബ്ദുൾ റഹ്മാൻ കാക്കനാട് ജയിലിൽ നിന്നും പുറത്തിറങ്ങി. എന്നാൽ അയാൾ മാധ്യമങ്ങളോട് സംസാരിക്കാൻ പോലും തയ്യാറായില്ല. ഇതിലെല്ലാം സംശയങ്ങൾ ഉണ്ടെന്നും നസീം പറഞ്ഞു.

അൻസിയും അഞ്ജനയും സഞ്ചരിച്ച വാഹനം ഹോട്ടലിന്റെ ഭാഗത്ത് നിന്നുള്ളത് ആണോ എന്ന് അറിയില്ല. മോഡലുകൾ ആണ് ആ പെൺകുട്ടികൾ. അവിടെ പോയത് എതോ പരസ്യത്തിന്റെ ആവശ്യത്തിന് ആണെന്നാണ് അറിയുന്നത്. അൻസിക്കൊപ്പം എപ്പോഴും അമ്മ ഉണ്ടാവുമായിരുന്നു. അവർക്ക് അസുഖമായതുകൊണ്ടാണ് അന്ന് പോവാതിരുന്നത്. ഹോട്ടൽ അധികൃതർ നിയോഗിച്ച ഡ്രൈവർ ആണോ അബ്ദുൾറഹ്മാൻ എന്നാണ് അറിയേണ്ടത്. ഹോട്ടലിൽ നിന്ന് അഞ്ജനയുടെ തൃശ്ശൂരിലെ വീട്ടിലേക്കാണ് അവർ പോവാൻ ശ്രമിച്ചത് എന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.

അൻസിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്. അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ റോയിയുടെ നിർദ്ദേശപ്രകാരം ജീവനക്കാർ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്. അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാൻ വിപലുമായ അന്വേഷണം ആവശ്യമാണെന്ന് അൻസി കബീറിന്റെ ബന്ധു നിസാം പറഞ്ഞു. അൻസിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് ഒരു കേസ് കൂടിയെടുക്കാൻ സാധ്യതയുണ്ട്.

സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡിവി ആറുകളിൽ ഒന്ന് ഇന്നലെ റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു. അപകടമുണ്ടായ നവംബർ ഒന്നിന് ഹോട്ടലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ പാലാരിവട്ടം സ്റ്റേഷനിൽ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. അപകടമുണ്ടായതിന് പിന്നാലെ റോയി ഹോട്ടലിൽ എത്തി ഡിവിആർ കൊണ്ടുപോയെന്ന് ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു.

യഥാർത്ഥ ഡിവിആർ നൽകിയില്ലെങ്കിൽ റോയിക്ക് എതിരെ തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ഹാർഡ് ഡിസ്‌കുകൾ ഹാജരാക്കാൻ പൊലീസ് റോയിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത് നൽകിയിരുന്നില്ല. ഇതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.ഹാർഡ് ഡിസ്‌കിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 എന്ന ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് തേടി പൊലീസ് തേവര കണ്ണങ്കര പാലത്തിന് സമീപമാണ് തെരച്ചിൽ നടത്തിയത്. ഹോട്ടൽ ഉടമ റോയി ജെ വയലാട്ടിന്റെ വീടിന് സമീപമാണ് തേവര കണ്ണങ്കര പാലം. ഹോട്ടലിലെ ജീവനക്കാരുമായാണ് പൊലീസ് തെരച്ചിൽ നടത്തിയത്. എന്നാൽ, പരിശോധനയിൽ ഡിവിആർ ലഭിച്ചില്ല.

ചൊവ്വാഴ്ച 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം റോയ് ജോസഫ് വയലാട്ടിനെ വിട്ടയച്ചിരുന്നു. ഇന്ന് ഹാർഡ് ഡിസ്‌കുമായി എത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് ഇന്നലെ വിട്ടയക്കുകയും ചെയ്തിരുന്നു. രണ്ട് ഹാർഡ് ഡിസ്‌കുകൾ റോയി ഹാജരാക്കുകയും ചെയ്തു. എന്നാൽ നിർണായക വിവരങ്ങൾ ഉള്ള ഹാർഡ് ഡിസ്‌ക് ഹാജരാക്കിയില്ലെന്ന നിഗമനത്തിലായിരുന്നു തെരച്ചിൽ.