കൊച്ചി:അൻസി കബീറും, അഞ്ജന ഷാജിയും അടക്കമുള്ള മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചനെ മൂന്നു ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. മോഡലുകളുടെ മരണത്തിനു കാരണം സൈജു പിന്തുടർന്നതാണ് എന്നത് പ്രോസിക്യൂഷൻ കോടതിയിൽ ആവർത്തിച്ചു.സൈജുവിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. പൊലീസ് റിപ്പോർട്ടിൽ സൈജുവിനെതിരെ ഗുരുതര പരാമർശങ്ങളുണ്ടെന്ന് വ്യക്തമാക്കിയ കോടതി സൈജുവിനെ മൂന്ന് ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.

പെൺകുട്ടികളെ ഇയാളിൽ നിന്നു രക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് അബ്ദുൽ റഹ്മാൻ അതിവേഗത്തിൽ വാഹനം ഓടിച്ചത് എന്നും പ്രോസിക്യൂഷൻ പറയുന്നു. സൈജു വാഹനവുമായി പിന്തുടർന്നിരുന്നില്ലെങ്കിൽ മൂന്നു പേരും ഇന്നു ജീവനോടെ ഉണ്ടാകുമായിരുന്നു. കേസിൽ ഒന്നാം പ്രതിയാകേണ്ടത് സൈജു തങ്കച്ചനാണ് എന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ഇയാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തിയത്. കാട്ടുപോത്തിനെ വെടിവച്ചത് ഉൾപ്പെടെയുള്ള കേസുകൾ ഇയാൾക്കെതിരെ ഉള്ള കാര്യം കോടതി എടുത്തു ചോദിച്ചു. റിമാൻഡ് റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങളുടെ സാഹചര്യത്തിലാണ് ഇയാളെ മൂന്നു ദിവസത്തേക്കു കൂടി കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയത്.

സൈജു തങ്കച്ചൻ മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടർന്നതുകൊണ്ടാണ് വാഹനം അപകടത്തിൽപെട്ടത്. പെൺകുട്ടികൾ സഞ്ചരിച്ച വാഹനത്തെ സൈജു പിന്തുടർന്നു. ഇതോടെ മോഡലുകളുടെ ഡ്രൈവറായിരുന്നു അബ്ദുറഹ്മാൻ വാഹനത്തിന്റെ വേഗതകൂട്ടി. തുടർന്ന് മത്സരയോട്ടമുണ്ടായി. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

അപകടം നടന്ന രാത്രി ഡിജെ പാർട്ടി നടന്ന ഹോട്ടൽ നമ്പർ 18 ൽ വെച്ച് സൈജുവും യുവതികളും വാക്കുതർക്കമുണ്ടായിരുന്നു. പിന്നീട് സുഹൃത്തുക്കളോടൊപ്പം ഹോട്ടലിൽ നിന്നും ഇറങ്ങി അൻസിയയേയും അജ്ഞനയേയും സൈജു കാറിൽ പിന്തുടരുകയായിരുന്നു. കുണ്ടന്നൂരിൽവെച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തി. അവിടെ വെച്ചും തർക്കം നടന്നു. പിന്നീട് യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴാണ് മത്സരയോട്ടം ഉണ്ടായതും അപകടം സംഭവിച്ചതും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം സൈജു എം തങ്കച്ചൻ ലഹരിക്ക് അടിമയാണെന്ന് കൊച്ചി കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു. സൈജുവിന്റെ ഇടപെടലുകൾ ഉൾപ്പെടെയുള്ളവയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാൾ ചൂഷണം ചെയ്ത ആരെങ്കിലും പരാതിയുമായി രംഗത്തെത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് വരികയാണ്.

സൈജു നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം പ്രവർത്തിച്ച് വരുന്ന വ്യക്തിയാണ്. ഇയാൾക്കെതിരെ പാലാരിവട്ടം സ്റ്റേഷനിൽ പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൈജുവിന് നിരവധി നിയമ വിരുദ്ധ ഇടപാടുകളുണ്ട്. അത് പരിശോധിച്ച് വരികയാണ്. ലഹരി ഇടപാടുകളും സൈജുവിന് പങ്കുണ്ട്. ഇയാൾ ലഹരിക്ക് അടിമയാണ് എന്നും കമ്മീഷണർ നാഗരാജു മാധ്യമങ്ങളോട് പ്രതികരിച്ചു.

ലഹരിമരുന്നു നൽകി യുവാക്കളെയും യുവതികളെയും കുറ്റകൃതൃങ്ങൾക്കു പ്രേരണ നൽകുന്ന രീതിയാണ് സൈജു എം.തങ്കച്ചൻ പ്രകടിപ്പിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇത്തരത്തിൽ ബന്ധം പുലർത്തുന്നവരെ ലഹരി ഇടപാടുകൾ, ലഹരി ഉപയോഗം എന്നിവയുടെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുകയും പിന്നീട് ബ്ലാക്മെയിൽ ചെയ്തിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ശ്രമം മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ പ്രതിരോധിച്ചതാണ് രാത്രിയിൽ കാറിൽ പിന്തുടരാനും അപകടത്തിന് ഇടയാക്കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.