- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവ് അൻസില്ല; സുഹൃത്തുകൾ നിർബന്ധിച്ചു കൊണ്ടുപോയതാണോ എന്ന് അറിയില്ല; ഡ്രൈവറെ ആരാണ് നൽകിയതെന്ന് പരിശോധിക്കണം'; ദുരൂഹത മാറ്റണമെന്ന് കുടുംബം; മകളുടെ വേർപാട് താങ്ങാനാകാതെ കബീർ
തിരുവനന്തപുരം: വാഹന അപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ലെന്ന് കുടുംബം. സുഹൃത്തുകൾ പാർട്ടിക്കു നിർബന്ധിച്ചു കൊണ്ടുപോയതാണോ എന്ന് അറിയില്ലെന്നും കുടുംബം പറയുന്നു.
എറണാകുളത്ത് അമ്മയോടൊപ്പമായിരുന്നു താമസം. അമ്മ സുഖമില്ലാതെ നാട്ടിലേക്കു മടങ്ങിയപ്പോഴായിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനെ നേരത്തേ പരിചയമില്ല. ഇത് സംശയം വർധിപ്പിക്കുന്നു. ഡ്രൈവറെ ആരാണ് നൽകിയതെന്നു പരിശോധിക്കണം. ഹോട്ടലിലെ ദൃശ്യങ്ങൾ മാറ്റിയതിനെക്കുറിച്ചും കാറിൽ പിന്തുടർന്നവരെക്കുറിച്ചുമാണ് പ്രധാന സംശയം. പ്രശ്നങ്ങളില്ലെങ്കിൽ ഹോട്ടലിലെ ദൃശ്യം മാറ്റേണ്ട കാര്യമില്ല.
അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന സൈജു തങ്കച്ചനെ അറിയാമെന്ന് നേരത്തേ അൻസി പറഞ്ഞിട്ടില്ല. ഹോട്ടൽ ഉടമയുടെ പരിചയക്കാരനാണ് അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന കാർ ഓടിച്ചത് എന്നറിഞ്ഞപ്പോഴാണ് സംശയം കൂടിയത്. സംഭവം നടന്ന ദിവസം അൻസി വീട്ടിലേക്കു വിളിച്ചിട്ടില്ല. അമ്മയ്ക്കു സുഖമില്ലാതിരിക്കുന്നതിനാലാകും വിളിക്കാത്തത്.
സംഭവത്തിലെ ദുരൂഹത മാറ്റണം. അല്ലെങ്കിൽ ആലോചിച്ചശേഷം തുടർനടപടികൾ തീരുമാനിക്കും. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞശേഷം മുഖ്യമന്ത്രിക്കു പരാതി നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കും.
മകളുടെ അപകടമരണത്തിൽ തങ്ങൾക്കുള്ള സംശയങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും ഇക്കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ടെന്നും അൻസി കബീറിന്റെ പിതാവ് അബ്ദുൾ കബീർ പറഞ്ഞു.
കൊച്ചിയിലെ അപകടമരണത്തിൽ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അൻസി കബീറിന്റെ പിതാവ് അബ്ദുൾ കബീർ കഴിഞ്ഞദിവസം പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുശേഷമാണ് പ്രതികരിച്ചത്.
'എന്റെ മകൾ വിവേകമുള്ള വളരെ ബോൾഡായ വ്യക്തിയായിരുന്നു. അവളുടെ കാര്യങ്ങൾ നോക്കാൻ അവൾക്കറിയാം. എല്ലാവിധ ഉത്തമസ്വഭാവ ഗുണങ്ങളോടെയാണ് അവൾ വളർന്നത്. അതിനാൽ അവൾ ഒരു തെറ്റും ചെയ്യില്ലെന്നും മോശപ്പെട്ട സുഹൃത്ത് ബന്ധങ്ങളിലേക്ക് പോകില്ലെന്നും എനിക്ക് ഉറപ്പാണ്. അവളായിരുന്നു ഞങ്ങളുടെ എല്ലാം. അവൾക്ക് വേണ്ടിയാണ് ഞങ്ങൾ ജീവിച്ചത്'- അബ്ദുൾ കബീർ പറയുന്നു.
ആറ്റിങ്ങൽ പാലംകോണം സ്വദേശിയായ അബ്ദുൾ കബീർ-റസീന ദമ്പതിമാരുടെ മകളാണ് മുൻ മിസ് കേരളയായ അൻസി കബീർ. അബ്ദുൾ കബീർ കഴിഞ്ഞ 15 വർഷമായി വിദേശത്താണ്. നിലവിൽ ഖത്തറിലെ സ്വകാര്യ കമ്പനിയിലെ പി.ആർ.ഒ.യാണ്.
'അൻസി ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ഖത്തറിലേക്ക് പോയത്. എന്നോട് വളരെ അടുപ്പമായിരുന്നു. അവൾ എപ്പോഴും സന്തോഷവതിയായിരുന്നു. കഴിഞ്ഞദിവസം അവളുടെ അപ്പാർട്ട്മെന്റിൽ പോയി സാധനങ്ങളെല്ലാം എടുത്തു. അത് കണ്ടപ്പോൾ ശരിക്കും തളർന്നുപോയി. അവളില്ലാത്തതിന്റെ കുറവ് ഒന്നിനും നികത്താനാവില്ല. മകളുടെ മരണത്തെത്തുടർന്നുണ്ടായ ആഘാതത്തിൽനിന്ന് റസീനയും മോചിതയായിട്ടില്ല- അബ്ദുൾ കബീർ കൂട്ടിച്ചേർത്തു.
ഒരു വസ്ത്രനിർമ്മാണ കമ്പനിയുടെ പരസ്യ ചിത്രീകരണത്തിനായി രണ്ടാഴ്ചത്തേക്കാണ് അൻസി കബീർ എറണാകുളത്ത് വന്നത്. ചിത്രീകരണത്തിന്റെ ഇടവേളകളിൽ വീട്ടിലെത്തുകയും ചെയ്തിരുന്നു. ആറ്റിങ്ങൽ മദർ ഇന്ത്യ സ്കൂളിലായിരുന്നു അൻസിയുടെ സ്കൂൾ പഠനം. ശേഷം കഴക്കൂട്ടം മരിയൻ കോളേജിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. കോളേജ് പഠനകാലത്താണ് 2019-ലെ മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്നത്. വിജയിയായതോടെ ഷൂട്ടിങ്ങും മറ്റുമായി അൻസി തിരക്കിലായെന്നും അബ്ദുൾ കബീർ പറഞ്ഞു.
നവംബർ ഒന്നിന് പുലർച്ചെ കൊച്ചി പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീർ, മുൻ മിസ് കേരള റണ്ണറപ്പ് അൻജന ഷാജൻ, ഇവരുടെ സുഹൃത്തായ മുഹമ്മദ് ആഷിഖ് എന്നിവർ മരിച്ചത്. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടാണ് അൻസി കബീറിന്റെ പിതാവ് കഴിഞ്ഞദിവസം പൊലീസിൽ പരാതി നൽകിയത്. മരിച്ച അൻജന ഷാജന്റെ മാതാപിതാക്കളും സമാനമായ ആവശ്യം ഉന്നയിച്ച് പരാതി നൽകാൻ ആലോചിക്കുന്നുണ്ട്. ഡ്രൈവർ അബ്ദുൽ റഹ്മാൻ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. അബ്ദുൽ റഹ്മാൻ മദ്യപിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ