- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോകാനുള്ള സമയമായി....;വൈകാരികമായ ഒറ്റവരി അടിക്കുറിപ്പ്; അപകടത്തിൽ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ ആൻസിയുടെ അവസാന പോസ്റ്റ്; മരണത്തിലും ഒന്നിച്ച് മുൻ മിസ് കേരള അൻസിയും റണ്ണറപ്പ് അൻജനയും
കൊച്ചി: ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമടക്കം നൊമ്പരമായി ആൻസി കബീർ അവസാനമായി സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച വാക്കുകൾ. 'പോകാനുള്ള സമയമായി.....' ഇതായിരുന്നു ആൻസി ഞായറാഴ്ച തന്റെ ട്രാവൽ പോസ്റ്റിൽ പോസ്റ്റ് ചെയ്ത ഒറ്റവരി അടിക്കുറിപ്പ്. തിങ്കളാഴ്ച പുലർച്ചെ കൊച്ചിയിൽ വാഹന അപകടത്തിൽ മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് പങ്കുവച്ചത്.
പോസ്റ്റ് ചെയ്ത വീഡിയോയിൽ, മനോഹരമായ പച്ച മരങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചെളി നിറഞ്ഞ പാതയിലൂടെ അവൾ സന്തോഷത്തോടെ ഇറങ്ങി നടക്കുന്നത് കാണാം. മനസിൽ ഒളിപ്പിച്ച എന്തോ സങ്കടത്തിന്റെ വികാരം കൂടി പങ്കുവച്ച വീഡിയോ.
ആൻസിയുടെ അടിക്കുറിപ്പിലെ വാക്കുകൾക്ക് പോസ്റ്റിന് താഴെ ഒട്ടേറെ പേർ കമന്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തിയായിരുന്നു ആൻസി. മരണവാർത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
കൊച്ചിയിലുണ്ടായ വാഹന അപകടത്തിൽ പൊലിഞ്ഞത് റാംപിൽ വിരിഞ്ഞ സൗഹൃദം കൂടിയാണ്. മിസ് കേരള സൗന്ദര്യ മത്സരത്തിനു മുന്നോടിയായുള്ള പരിശീലന നാളുകളിൽ പരിചയപ്പെട്ട് ഉറ്റ സുഹൃത്തുക്കളായി മാറിയ അൻസിയും അൻജനയും മരണത്തിലും ഒന്നിച്ചതിന്റെ ആഘാതത്തിലാണ് ഇരുവരുടേയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും.
കോവിഡ് കാലത്തും പരസ്പരം അടുത്ത ബന്ധം കാത്തുസൂക്ഷിച്ച അൻസിയും അൻജനയും ഒടുവിൽ മരണത്തിലും ഒന്നിച്ചു. കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ ഇരുവരും സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിനു മുന്നിൽ അപകടത്തിൽപ്പെട്ടത്.
കൊച്ചിയിൽനിന്നു അൻജനയുടെ തൃശൂരിലെ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു എന്നാണ് അപകടത്തിൽ പരുക്കേറ്റയാൾ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. ഇടതുവശം ചേർന്നു പോയ ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ കാർ വെട്ടിച്ചപ്പോൾ മരത്തിൽ ചെന്നിടിച്ചതാണ് ദുരന്തമായത്.
ബൈക്കിൽ ഇടിച്ചെങ്കിലും യാത്രക്കാരന് കാര്യമായ പരുക്കില്ല. കാറിൽ മുന്നിലും പിന്നിലുമായി ഇടതു വശത്തിരുന്ന രണ്ടുപേരുമാണ് മരിച്ചത്. മുൻ സീറ്റിലിരുന്ന യുവതി വാഹനത്തിൽ ഞെരിഞ്ഞമർന്നു. പിന്നിലിരുന്ന യുവതി പുറത്തേയ്ക്കു തെറിച്ചുവീണ് മീഡിയനിൽ തലയിടിച്ചുണ്ടായ പരുക്കുമൂലമാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു.
ഡ്രൈവർ സീറ്റിൽ എയർ ബാഗ് ഉണ്ടായിരുന്നതിനാൽ ഡ്രൈവർക്ക് കാര്യമായ പരുക്കുകൾ സംഭവിച്ചില്ല. പിന്നിൽ വലതുവശത്തിരുന്ന യുവാവ് മുന്നിലേയ്ക്കു തെറിച്ചു വീണു തലയ്ക്ക് കാര്യമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അൻജനയുടെ സഹോദരൻ അപകടമറിഞ്ഞ് രാത്രിയിൽ തന്നെ കൊച്ചിയിൽ എത്തി. അൻസിയുടെ തിരുവനന്തപുരത്തുള്ള ബന്ധുക്കളും രാത്രി തന്നെ കൊച്ചിയിലേയ്ക്കു തിരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ